India's Preparations Begin: ഇന്ത്യയുടെ സന്നാഹത്തിന് തുടക്കം; ശ്രീലങ്ക ഇലവനെതിരെ ത്രിദിന മത്സരം

കൊളംബൊ: ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യൻ ടീം വെള്ളിയാഴ്ച സന്നാഹ മത്സരത്തിനിറങ്ങുന്നു. കൊളംബൊ എൻ.സി.സി. ഗ്രൗണ്ടിൽ ശ്രീ
കൊളംബൊ: ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യൻ ടീം വെള്ളിയാഴ്ച സന്നാഹ മത്സരത്തിനിറങ്ങുന്നു. കൊളംബൊ എൻ.സി.സി. ഗ്രൗണ്ടിൽ ശ്രീലങ്ക ഇലവനെതിരായാണ് ത്രിദിന മത്സരം. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായാണ് രണ്ടു ടെസ്റ്റുകളുടെ പരമ്പര. ആദ്യ ടെസ്റ്റ് 15-മുതൽ ഗാലെയിലും രണ്ടാം ടെസ്റ്റ് 23 മുതൽ കൊളംബൊയിലുമാണ്. കരുത്തുറ്റ ലങ്കൻ സ്പിൻ ബൗളിങ്ങിനെ നേരിടാൻ ഇന്ത്യൻ ബാറ്റർമാർക്കുള്ള അവസരമാവും സന്നാഹ മത്സരം. നിലവാരമുള്ള സ്പിൻ ബൗളിങ്ങിനെതിരേ ഇന്ത്യൻ ബാറ്റിങ് നിര തകരുന്നതാണ് സമീപകാലത്തെ പതിവുകാഴ്ച. നാട്ടിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെയും ന്യൂസീലൻഡിനെതിരെയും നടന്ന പരമ്പരകളിൽ ഇന്ത്യൻ ബാറ്റർമാരുടെ ദൗർബല്യം പ്രകടമായിരുന്നു. ലങ്കൻ സ്പിന്നർമാരാവട്ടെ, സ്വന്തം മണ്ണിൽ തീർത്തും അപകടകാരികളാണ്. ഇന്ത്യൻ മുൻനിര ബാറ്റർമാരായ നായകൻ ശുഭ്മൻ ഗിൽ, കെ.എൽ. രാഹുൽ, യശസ്വി ജയ്സ്വാൾ എന്നിവർ സ്പിന്നിനെ നേരിടാൻ നാട്ടിൽ മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു. എന്നാൽ, ഇന്ത്യൻ പിച്ചുകളിൽനിന്ന് വ്യത്യസ്തമാണ് ലങ്കൻ പിച്ചുകളെന്നത് ബാറ്റർമർക്ക് വെല്ലുവിളായാവും. ശ്രീലങ്കയിൽ 2017-ലാണ് ഇന്ത്യ അവസാനമായി പരമ്പര കളിച്ചത്. നിലവിലെ ടീമിലെ രാഹുൽ, കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവർ മാത്രമാണ് ലങ്കയിൽ ടെസ്റ്റ് കളിച്ചിട്ടുള്ളത്. ബൗളിങ്ങിൽ പരിക്കേറ്റ പേസർ ജസ്പ്രീത് ബുംറയുടെ അഭാവം ഇന്ത്യക്ക് കനത്ത ആഘാതമാണ്. ബുംറയുടെ അഭാവത്തിൽ മുഹമ്മദ് സിറാജാവും ഇന്ത്യയുടെ പേസ് ആക്രമണം നയിക്കുക. പ്രസിദ്ധ് കൃഷ്ണ, ഗുർനൂർ ബ്രാർ, മാനവ് സുതർ, സാരാൻശ് ജയിൻ എന്നിവരും സിറാജിന് പിന്തുണ നൽകും. സിറാജും കുൽദീപും ഒഴികെയുള്ള പരിചയക്കുറവുള്ള യുവ ബൗളർമാർക്ക് ലങ്കൻ പിച്ചുകളിൽ കഴിവുതെളിയിക്കാനുള്ള അവസരമാണ് മുന്നിൽ. ഗാലെയിൽ കഴിഞ്ഞമാസം ശ്രീലങ്ക എ ടീമിനെതിരായി ബ്രാറും സാരാൻശ് ജയിനും ഇന്ത്യ എ ക്കായി മികവുകാട്ടിയിരുന്നു. കൊളംബൊയിൽ മഴപെയ്യാൻ സാധ്യതയുള്ളത് ഇന്ത്യൻ മുന്നൊരുക്കങ്ങൾക്ക് തിരിച്ചടിയാവാനും സാധ്യതയുണ്ട്. നാട്ടിൽ നടന്ന പരമ്പരകളിൽ മോശം പ്രകടനമായിരുന്നെങ്കിലും ശ്രീലങ്കയിൽ കാര്യങ്ങൾ മാറിമറിയുമെന്ന് ഇന്ത്യൻ കോച്ച് ഗൗതം ഗംഭീർ. ലങ്കയെ നേരിടാൻ ടീം പൂർണസജ്ജമാണെന്നും എല്ലാ വിമർശനങ്ങൾക്കും മറുപടി നൽകുമെന്നും ഗംഭീർ പറഞ്ഞു. 15-ന് കാലത്ത് ടീം ആദ്യം ബാറ്റുചെയ്താലും ബൗൾ ചെയ്താലും തങ്ങൾക്കെതിരേ വരുന്ന എല്ലാ ചോദ്യങ്ങളേയും നേരിടും. സമൂഹമാധ്യമങ്ങളിൽ ബി.സി.സി.ഐ. പങ്കുവെച്ച വീഡിയോയിലാണ് ഗംഭീറിന്റെ പ്രതികരണം.


















