Demand for Freezer Ambulance Ignored: ആര്.രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്; പയ്യന്നൂര്‍ തഹസില്‍ദാര്‍ക്കെതിരെ കുടുംബം

കണ്ണൂരിലെ മീന്തുള്ളിയില്‍ ദുരന്തത്തില്‍ മരിച്ച തിരുവനന്തപുരം സ്വദേശിയായ ആര്.രാജേഷിന്റെ മൃതദേഹത്തോട് അനാദരവുണ്ടായതില്‍ കുടുംബം പയ്യന്നൂര്‍ തഹസില്‍ദാര്‍ക്കെതിരെ
കണ്ണൂരിലെ മീന്തുള്ളിയില്‍ ദുരന്തത്തില്‍ മരിച്ച തിരുവനന്തപുരം സ്വദേശിയായ ആര്.രാജേഷിന്റെ മൃതദേഹത്തോട് അനാദരവുണ്ടായതില്‍ കുടുംബം പയ്യന്നൂര്‍ തഹസില്‍ദാര്‍ക്കെതിരെ ആരോപണം ഉന്നയിച്ചു. രാജേഷിന്റെ മൃതദേഹം തിരുവനന്തപുരത്തേക്ക് എത്തിക്കാന്‍ ആവശ്യമായ ഫ്രീസര്‍ സംവിധാനമുള്ള ആംബുലന്‍സ് വേണമെന്ന ആവശ്യത്തെ തഹസില്‍ദാര്‍ അവഗണിച്ചെന്നാണ് കുടുംബത്തിന്റെ ആരോപണം. പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയ ശേഷം, കളക്ടറുടെ ഉത്തരവനുസരിച്ച് തഹസില്‍ദാര്‍ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്തിരുന്നു. എന്നാല്‍ അനുവദിച്ച ആംബുലന്‍സില്‍ ഫ്രീസര്‍ ഇല്ലായിരുന്നു. ഈ കാര്യത്തെക്കുറിച്ച് ഞങ്ങളുടെ പഞ്ചായത്ത് മെമ്പര്‍ സൂചിപ്പിച്ചിരുന്നു. 'അതിനെക്കുറിച്ചൊന്നും പേടിക്കണ്ട, കൊണ്ടുപൊയ്ക്കൊള്ളു, ബാക്കി കാര്യങ്ങള്‍ താന്‍ ഏറ്റു' എന്ന് പറഞ്ഞതായാണ് കുടുംബത്തിന്റെ വിശദീകരണം. ഫ്രീസര്‍ വേണമെന്ന് പറഞ്ഞപ്പോള്‍ 'ഞാന്‍ ആ കാര്യങ്ങള്‍ ഏറ്റെടുക്കുന്നുവെന്ന്' പറഞ്ഞതായും കുടുംബം വ്യക്തമാക്കി. വിവാദം ഒഴിവാക്കാനാണ് ആ സമയത്ത് ഒന്നും പറയാതിരുന്നത്.
രാജേഷിന്റെ മൃതദേഹം കണ്ണൂരില്‍ നിന്ന് ചാവക്കാട് വരെ എത്തിച്ചത് ഫ്രീസര്‍ ഇല്ലാത്ത ആംബുലന്‍സിലൂടെയാണ്. പിന്നീട്, റോഡരികില്‍ വെച്ചാണ് മൃതദേഹം മറ്റൊരു ആംബുലന്‍സിലേക്ക് മാറ്റിയത്. ഈ കഴിഞ്ഞ ശനിയാഴ്ച കണ്ണൂരിലെ മീന്തുള്ളി തുരുത്തില് ഒറ്റപ്പെട്ടുപോയ ആളെ രക്ഷിക്കുന്നതിനിടെ രാജേഷ് ഒഴുക്കില്‍പ്പെട്ടിരുന്നു. സാഹസിക കായിക ഇനമായ റെപ്പലിങ് പരിശീലകനും ദുരന്തമുഖങ്ങളിലെ സജീവ രക്ഷാപ്രവര്‍ത്തകനുമായ രാജേഷ് സുരക്ഷിതമായി മടങ്ങിയെത്തുമെന്നാണ് കരുതിയിരുന്നെങ്കിലും, പ്രതീക്ഷകള്‍ വിഫലമാക്കി മൃതദേഹം കണ്ടെത്തുകയായിരുന്നു. മൂന്ന് ദിവസങ്ങള്‍ക്കുശേഷമാണ് രാജേഷിന്റെ മൃതദേഹം ലഭിച്ചത്. തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേ ചാവക്കാട് വച്ച് കാര്യങ്ങള്‍ ശരിയല്ലെന്ന് മനസിലായതോടെയാണ് ആംബുലന്‍സില്‍ നിന്ന് മറ്റൊരു ആംബുലന്‍സിലേക്ക് മാറ്റിക്കയറ്റിയത്. പിന്നീട് ചെങ്ങന്നൂരിലെ വെള്ളക്കെട്ടും കടന്നാണ് രാജേഷിന്റെ ശരീരം തിരുവനന്തപുരത്തേക്ക് എത്തിയത്.




















