Puthumanpalam: പുതമൺപാലം: താഴ്ന്നയിടം മെറ്റലിട്ട് ഉറപ്പിച്ചു

റാന്നി: പുതമൺ പാലത്തിന്റെ അനുബന്ധ റോഡിനോട് ചേർന്ന ഭാഗത്ത് മണ്ണിരുത്തി താഴ്ന്ന ഭാഗം മെറ്റൽ ഉപയോഗിച്ച് ഉയർത്തി, സിമന്റ് ചേർത്ത് ഉറപ്പിച്ചിരിക്കുകയാണ്. മഴക്കാലത്തി
റാന്നി: പുതമൺ പാലത്തിന്റെ അനുബന്ധ റോഡിനോട് ചേർന്ന ഭാഗത്ത് മണ്ണിരുത്തി താഴ്ന്ന ഭാഗം മെറ്റൽ ഉപയോഗിച്ച് ഉയർത്തി, സിമന്റ് ചേർത്ത് ഉറപ്പിച്ചിരിക്കുകയാണ്. മഴക്കാലത്തിനു ശേഷം ഈ ഭാഗത്ത് ടാറിങ് നടത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. വെള്ളിയാഴ്ച രാവിലെ മുതൽ റാന്നി-കോഴഞ്ചേരി റോഡിലെ ഈ പാലത്തിലൂടെ ഭാരം കയറ്റിയ വലിയ വാഹനങ്ങൾ ഓടുന്നത് പോലീസ് നിരോധിച്ചിരുന്നു. ഉച്ചയോടെയാണ് താത്കാലികമായി പ്രശ്നം പരിഹരിച്ചത്. പിന്നീട്, വാഹനങ്ങൾ ഓടുന്നതിന് തടസ്സമില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ശനിയാഴ്ച ഉണ്ടായ വെള്ളപ്പൊക്കത്തിന് ശേഷമാണ് പുതമൺ കരയിൽ പാലത്തോട് ചേർന്ന ഭാഗം താഴ്ന്നുതുടങ്ങിയത്. ബുധനാഴ്ചയോടെ ഇവിടെ കട്ടിങ്ങായി. റാന്നി-കോഴഞ്ചേരി റോഡിൽ പാലത്തിന്റെ ഇടതുഭാഗത്താണ് വിള്ളൽ ഉണ്ടായത്. കട്ടിങ് കാരണം വാഹനങ്ങൾ പാലത്തിന്റെ സ്ലാബിലേക്ക് ഇടിച്ചാണ് കയറിയിരുന്നത്. വേഗത്തിലെത്തുന്ന ഇരുചക്രവാഹനങ്ങൾ ഇതിൽ ചാടി തെറിച്ച് വീഴാനും ഇടയുണ്ടായിരുന്നു. വ്യാഴാഴ്ചയോടെ ഇവിടം കൂടുതൽ താഴ്ന്നു. വൈകീട്ട് സ്ഥലത്തെത്തിയ പഴകുളം മധു എം.എൽ.എ., എത്രയും വേഗം നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയറുടെ സാന്നിധ്യത്തിൽ തൊഴിലാളികൾ ഇവിടെ നന്നാക്കി. വെള്ളപ്പൊക്കത്തിൽ പാലത്തിൽ വെള്ളം കയറിയിരുന്നു. പാലത്തിന്റെ അപ്രോച്ച് റോഡ് മണ്ണിട്ട് ഉയർത്തിയാണ് നിർമിച്ചത്. പാലത്തിന് പുറത്താണ് വിള്ളൽ രൂപപ്പെട്ട് താഴ്ചയുണ്ടായത്. വെള്ളം കെട്ടിക്കിടന്നതോടെ ഈ ഭാഗത്തെ എടുത്തിട്ട മണ്ണ് ഇരുത്തിയതാണ് താഴ്ചയ്ക്ക് കാരണമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ പറഞ്ഞു. പുതിയ പാലങ്ങൾ നിർമിക്കുമ്പോൾ പലയിടത്തും ഈ പ്രശ്നം ഉണ്ടാകാറുണ്ടെന്നും അവകാശപ്പെട്ടു. പാലം തുറന്നിട്ട് അഞ്ചുമാസം; നിർമാണപ്പിഴവോ? 2023-ജനുവരി 25-ന് നേരത്തെയുണ്ടായിരുന്ന പാലത്തിൽ വിള്ളലുണ്ടായി. തുടർന്ന് നടത്തിയ പരിശോധനയിൽ പാലത്തിന് ബലക്ഷയമുണ്ടെന്നും കണ്ടെത്തി. തുടർന്ന് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. 2026 ഫെബ്രുവരി 26-നാണ് പുതിയ പാലം തുറന്നുകൊടുത്തത്. അഞ്ച് മാസം കഴിഞ്ഞതോടെ പാലത്തിൽ അപ്രോച്ച് റോഡിനോട് ചേർന്ന് മണ്ണ് ഇരുത്തി.


















