The Displaced Adivasi Life: ചിതറിപ്പോയ ആദിവാസിജീവിതം

പണിയ, മുള്ളക്കുറുമ വിഭാഗത്തിൽപ്പെട്ട നൂറുകണക്കിന് ആദിവാസി കുടുംബങ്ങൾ സമ്പന്നമായ തനിമയും സംസ്കാരവും ജീവിതസാഹചര്യങ്ങളും ഉപേക്ഷിക്കേണ്ടിവന്ന സാഹചര്യത്തിലാണ്. ആശങ്ക
പണിയ, മുള്ളക്കുറുമ വിഭാഗത്തിൽപ്പെട്ട നൂറുകണക്കിന് ആദിവാസി കുടുംബങ്ങൾ സമ്പന്നമായ തനിമയും സംസ്കാരവും ജീവിതസാഹചര്യങ്ങളും ഉപേക്ഷിക്കേണ്ടിവന്ന സാഹചര്യത്തിലാണ്. ആശങ്കയും ഇല്ലായ്മയും നിറഞ്ഞ ഈ ജീവിതം ഇപ്പോൾ കുരുങ്ങിക്കിടക്കുകയാണ്. 1977-ൽ ആട്ടുവായ് കോളനിയിൽ നിന്ന് കുടിയൊഴിപ്പിക്കുമ്പോൾ, അച്ഛൻ രാമന്റെ പേരിൽ പത്തേക്കർ ഭൂമിയുണ്ടായിരുന്നു, അഞ്ചേക്കർ വയലും അഞ്ചേക്കർ കരയും ഉണ്ടായിരുന്നുവെന്ന് എ.ആർ. മോഹനൻ പറഞ്ഞു. അച്ഛനമ്മമാർക്ക് മൂന്ന് മക്കളാണ്. അഞ്ചേക്കറിൽ വിളഞ്ഞു നിൽക്കുന്ന നെൽകൃഷി, വർഷം മുഴുവനും നിറഞ്ഞിരിക്കുന്ന പത്തായപ്പുരയുള്ള കാലം, കുടുംബത്തിന് ആവശ്യമായ ഭക്ഷണം കഴിച്ച് ബാക്കിയുള്ള നെല്ല് ലോറിയിൽ പുറംനാടുകളിലെ അരിമില്ലുകളിലേക്ക് കയറ്റി അയക്കുമായിരുന്നു. വയൽ ഏക്കറിന് 6000 രൂപയും കരഭൂമിക്ക് 20,000 രൂപയും നൽകിയാണ് കാരാപ്പുഴ പദ്ധതിക്കായി തങ്ങളെ കുടിയൊഴിപ്പിച്ചത്. മോഹനന്റെ കണ്ണുകളിൽ, അഞ്ചു പതിറ്റാണ്ടു മുമ്പ് നഷ്ടപ്പെട്ട പ്രതാപകാലത്തിന്റെ തിരത്തിളക്കം മിന്നിമറഞ്ഞു. 1977-ൽ കാരാപ്പുഴ പദ്ധതിക്കായി കുടിയൊഴിപ്പിക്കപ്പെട്ട 300ഓളം കുടുംബങ്ങളിൽ ഭൂരിപക്ഷവും ആദിവാസികളായിരുന്നു, നെൽകൃഷിയുമായി ബന്ധപ്പെട്ടതായിരുന്നു അവരുടെ ജീവിതം. നിലമ്പൂർ കോവിലകത്തിന്റെ നെല്ലറയായിരുന്നു ഈ പ്രദേശം. എല്ലാ ദിവസവും കാരാപ്പുഴയിൽനിന്ന് നാലും അഞ്ചും ലോഡ് നെല്ലായിരുന്നു ലോറിയിൽ കാലടിയിലെ അരി മില്ലിലേക്ക് കയറ്റി അയച്ചുകൊണ്ടിരുന്നത്. മുള്ളക്കുറുമരിൽ അധികം പേരും ഭൂവുടമകളായിരുന്നെങ്കിൽ, പണിയർ വയലുകളിൽ നെല്ല് വിതച്ചും കൊയ്തും മറ്റ് കൃഷിപ്പണികൾ ചെയ്തുമാണ് ജീവിച്ചിരുന്നത്. നെല്ല് കൊയ്തെടുത്തശേഷം വയൽവരമ്പത്ത് കൂട്ടിയിടുന്ന കറ്റകളിൽനിന്ന് കൊഴിഞ്ഞുവീഴുന്ന നെന്മണികളായിരുന്നു പണിയരുടെ അടുപ്പുകളിലെ കഞ്ഞിക്കലുകളിൽ വെന്തിരുന്നത്. വയൽവരമ്പുകളിലൂടെയും കൈതോലകൾ അതിരിട്ട തോടികളിലൂടെയും നടന്ന് അവർ ഞെണ്ടുകളെയും ഞൗണികകളെയും പിടിച്ച് കറിവെച്ചു. ചേമ്പിൻതാളുകൾ കൊണ്ട് വിശപ്പടക്കി. ചെട്ടിമാരുടെയും കുറുമരുടെയും വീടുകളിലും കൃഷിയിടങ്ങളിലും അവർ പണിയെടുത്തു. സ്വന്തം ഭൂമി ഇല്ലായിരുന്നെങ്കിലും, വയലിനോടു ചേർന്ന കുന്നിൻപുറങ്ങളിലെ പുല്ലുമേഞ്ഞ കൂരകളിൽ അവർ ശാന്തരായി കിടന്നുറങ്ങി. ലക്ഷ്യം നേടാനാവാതെ പാഴായിപ്പോയ ഒരു പദ്ധതിക്കു വേണ്ടി ഹോമിക്കേണ്ടി വന്നത് കർഷകരുടെ ജീവിതം മാത്രമല്ല, ആദിവാസികളുടെ ജീവിതംകൂടിയാണ്. കാർഷികവൃത്തിയിൽ അടുക്കും ചിട്ടയുമോടെ ഒഴുകി നീങ്ങിയിരുന്ന അവരുടെ ജീവിതത്തിന്റെ താളംതെറ്റിച്ചത് 1977-ലെ കുടിയൊഴിപ്പിക്കൽ. കബനിയുടെ കൈവഴിയായ കാരാപ്പുഴ പദ്ധതിക്കായി ഏകദേശം 1500 ഹെക്ടർ കൃഷിഭൂമിയാണ് ഏറ്റെടുത്തത്. ഇതിൽ കൂടുതൽ വയൽപ്രദേശമായിരുന്നു. നെൽ കൃഷിയായിരുന്നു ആദിവാസികളടക്കമുള്ള കർഷകരുടെയും തൊഴിലാളികളുടെയും പ്രധാന വരുമാന മാർഗം. 1977 വരെ കുന്നിൻപ്രദേശങ്ങളിൽ ഇഞ്ചി, മഞ്ഞൾ, കപ്പ തുടങ്ങിയ ഹ്രസ്വകാലവിളകൾ മാത്രമാണ് കൃഷി ചെയ്തിരുന്നത്. പിന്നീടാണ് ഈ മേഖലയിൽ തോട്ടവിളകൾ വ്യാപകമായി കൃഷിചെയ്യാൻ തുടങ്ങിയത്. നിലമ്പൂർ കോവിലകത്തിന്റെ നെല്ലറയായിരുന്ന കാരാപ്പുഴയിൽ നിരവധി പാടശേഖരങ്ങളും ഉണ്ടായിരുന്നു. ഓരോ പാടശേഖരത്തിനോട് ചേർന്നും കാവുകളും തലക്കുളങ്ങളും ഉണ്ടായിരുന്നു. വെള്ളട, ആട്ടുവായ്, എരിഞ്ഞേരി, പടികംവയൽ, നത്തത്ത്, പുല്പടി, നെല്ലറച്ചാൽ, കുമിച്ചേരി, പങ്ങലേരി, പള്ളിവയൽ, കോഴിക്കുനി, തോണിക്കടവ്, മാങ്കണ്ണി, നത്തംകുനി, പാവൂര്, ചെമ്പോകുണ്ട്, പടക്കൊല്ലി, മുത്തപ്പൻകുണ്ട്, ചെറുവയൽ, പേർകൊല്ലി ഇങ്ങനെ എത്രയെത്ര ആദിവാസി ഉന്നതികളും കാവുകളും തലക്കുളങ്ങളും കൊണ്ട് സമ്പന്നമായിരുന്നു കാരാപ്പുഴ. തലക്കുളങ്ങൾക്ക് ആറോ ഏഴോ അടി താഴ്ച മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും മീനത്തിലും കുംഭമാസത്തിൽ പോലും ജലസമൃദ്ധമായിരുന്നു ഇവ. മനുഷ്യരും കന്നുകാലികളും കുടിക്കാനും കുളിക്കാനും ഉപയോഗിച്ചതിന് പുറമെ പത്തും ഇരുപതും ഏക്കർ വരെ വിശാലമായി കിടക്കുന്ന നെൽകൃഷി നനയ്ക്കാനും തലക്കുളങ്ങളിലെ വെള്ളമാണ് ഉപയോഗിച്ചിരുന്നത്. ഈ കുളങ്ങളോടു ചേർന്നാണ് കാവുകൾ സ്ഥിതിചെയ്തിരുന്നത്. കാവുകളിലെ നിത്യഹരിതങ്ങളായ വൃക്ഷങ്ങളും വള്ളിപ്പടർപ്പുകളും മറ്റ് സസ്യലതാദികളുമാണ് തലക്കുളങ്ങളെ ഒരിക്കലും വറ്റാതെ സംരക്ഷിച്ച് നിർത്തിയിരുന്നത്. നാഗാരാധനയുള്ള കാവുകളായിരുന്നു അവ. വിശ്വാസവും പേടിയുംകാരണം പ്രകൃതിയെ നശിപ്പിക്കുന്ന മനുഷ്യരുടെ ഹീനപ്രവൃത്തികളൊന്നുംതന്നെ കാവുകളെ തീണ്ടിയില്ല. വിശ്വാസവും പരിസ്ഥിതി പ്രാധാന്യവും പച്ചപ്പു കൊണ്ടും സമ്പന്നമായ അത്തരം കാവുകളും തലക്കുളങ്ങളുമാണ് കാരാപ്പുഴ വന്നതോടെ നാമാവശേഷമായത്. സമ്പന്നമായ കാർഷിക സംസ്കൃതിയുടെ അവശേഷിപ്പുമായി ആട്ടുവായ് കോളനിയിൽ ഇന്നും കാവ് നിലനിൽക്കുന്നുണ്ട്. പശുവളർത്തലായിരുന്നു ആദിവാസികളുടെ മറ്റൊരു വരുമാനമാർഗം. ഓരോ ആദിവാസി ഉന്നതികളിലും 100-ലധികം പശുക്കളെങ്കിലും ഉണ്ടായിരുന്നു. ഈറ്റയും മുളകളുംകൊണ്ട് കെട്ടിയുണ്ടാക്കിയ പെടായികളിലായിരുന്നു ഇവയെ വളർത്തിയിരുന്നത്. 1977 വരെ പരമ്പരാഗതമായി കിട്ടിയ പശുവളർത്തലിലും അവർ മികവു പുലർത്തി. അവശേഷിക്കുന്ന നെല്ലറച്ചാൽ ഉന്നതിയിൽ ഇപ്പോഴും 100-ലധികം കന്നുകാലികളെ വളർത്തുന്നുണ്ട്. ഇന്ന് ആദിവാസി കുടുംബങ്ങൾ വയനാടിന്റെയും കർണാടകയുടെയും വിവിധ ഭാഗങ്ങളിൽ ചിന്നിച്ചിതറിക്കിടക്കുകയാണ്. ബഹുഭൂരിപക്ഷം പേർക്കും സ്ഥിരമായി തൊഴിലില്ല. പദ്ധതിപ്രദേശത്തെ സെറ്റിൽമെന്റുകളിൽ ഒതുങ്ങിനിൽക്കാതെ ഊരുകളും പേരുകളുംതേടി അവർ ലക്ഷ്യബോധമില്ലാതെ അലയുകയാണ്.


















