Accident Risk in Pathanamthitta:പന്തളം വലിയപാലത്തിൽ അപകട സാധ്യത ഉയരുന്നു

പന്തളം : എത്ര അടച്ചാലും രണ്ടാഴ്ചയിലധികം നിൽക്കില്ല, പിന്നെയും ഇളകും. പന്തളം വലിയപാലത്തിൽ നാലിടത്താണ് ടാറിങ് ഇളകി കുഴികൾ രൂപപ്പെട്ടിട്ടുള്ളത്. കുഴികളുടെ വലുപ്പം
പന്തളം : എത്ര അടച്ചാലും രണ്ടാഴ്ചയിലധികം നിൽക്കില്ല, പിന്നെയും ഇളകും. പന്തളം വലിയപാലത്തിൽ നാലിടത്താണ് ടാറിങ് ഇളകി കുഴികൾ രൂപപ്പെട്ടിട്ടുള്ളത്. കുഴികളുടെ വലുപ്പം കുറവാണെങ്കിലും അപകടം ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. പാലത്തിന്റെ തൂണുകൾ ഉള്ള ഭാഗത്ത് രണ്ട് കോൺക്രീറ്റ് സ്പാനുകൾ ചേരുന്ന സ്ഥലത്താണ് ടാറിങ് ഇളകിപ്പോയിട്ടുള്ളത്. രണ്ടുരീതിയിലാണ് ഇവിടെ അപകടം ഉണ്ടാകാനിടയുള്ളത്. വീതികുറവും നടപ്പാതയും ഇല്ലാത്ത പാലത്തിൽ കുഴിയിൽ ചാടാതിരിക്കാനായി വാഹനം വെട്ടിക്കുമ്പോഴും കുഴിയിൽച്ചാടി വാഹനം നിയന്ത്രണംവിടുമ്പോഴും അപകടം ഉണ്ടാകാം. ഇരുചക്രവാഹനയാത്രക്കാർ മറിഞ്ഞും ഭാരവാഹനങ്ങളുടെ പ്ലേറ്റ് ഒടിഞ്ഞും അപകടം ഉണ്ടായിട്ടുമുണ്ട്. ടാറിങ്ങിനുശേഷം പലതവണ കുഴിയായ ഭാഗം അടച്ചെങ്കിലും വാഹനം പോകുമ്പോഴുള്ള കുലുക്കം കാരണം ടാറിങ് വീണ്ടും ഇളകുകയാണുചെയ്യുന്നത്. വഴിവിളക്കുകൾപോലും പ്രകാശിക്കാത്തതിനാൽ രാത്രി യാത്രക്കാർ കുഴികൾ അറിയുകയേ ഇല്ല. വേഗം കൂടുതലാണെങ്കിൽ നിയന്ത്രണം വിട്ടതുതന്നെ. രണ്ട് വാഹനം ഒന്നിച്ചുകയറിയാൽ കാൽനടയാത്രക്കാർ പെട്ടുപോകുന്ന അവസ്ഥയാണ് പാലത്തിൽ. നടന്നുപോകാനായി ഒരടിസ്ഥലംപോലും ബാക്കിയുണ്ടാകില്ല. അത്രയും വീതിയേ ഉള്ളൂ പന്തളം വലിയപാലത്തിന്. പാലം പണിതകാലത്ത് അത്രയും വീതി ധാരാളമായിരുന്നുവെങ്കിലും വാഹനബാഹുല്യം ഏറിയതോടെ കാൽനടയാത്രക്കാരന് പാലം കടക്കുവാൻ വാഹനം ഇല്ലാത്ത സമയം കാത്തിരിക്കേണ്ട അവസ്ഥയാണ്. റോഡ് അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തിയപ്പോഴും സുരക്ഷാ ഇടനാഴിയെന്ന പദ്ധതി കഴക്കൂട്ടം മുതൽ ചെങ്ങന്നൂരുവരെ നടത്തിയപ്പോഴും എം.സി.റോഡിലെ വലിയപാലത്തെ പദ്ധതി തയ്യാറാക്കിയവർ വിസ്മരിച്ചു. റോഡിന് വീതികൂടുതലും പാലത്തിന് കുറവും. വീതികൂടിയ റോഡിലൂടെ പാഞ്ഞെത്തുന്നവർ വീതികുറവുള്ള പാലത്തിലൂടെ നടന്നും ഇരുചക്രവാഹനത്തിലും പോകുന്നവരെ അപകടത്തിൽപ്പെടുത്തും. ഇരുവശത്തുമുള്ള കൈവരികളിൽ ഇടിച്ച് അപകടം പലതവണ ഉണ്ടായിട്ടുമുണ്ട്. പാലത്തിന് വീതികൂട്ടാൻ സാങ്കേതികമായി ബുദ്ധിമുട്ടുണ്ടെങ്കിലും ഇരുവശത്തും നടപ്പാത പണിതാൽ ഒരു പരിധിവരെ അപകടം ഒഴിവാക്കാം. ശബരിമല സീസൺ കാലത്ത് കൈപ്പുഴയിലുള്ള പാർക്കിങ് മൈതാനത്തേക്കും ക്ഷേത്രത്തിലേക്കും കൊട്ടാരത്തിലേക്കും പോകുന്ന തീർഥാടകർ നടപ്പാതയില്ലാത്തതിന്റെ ബുദ്ധിമുട്ട് കൂടുതൽ അനുഭവിക്കുന്നവരാണ്. മഴപെയ്താൽ പാലത്തിന്റെ അരികിൽ മുഴുവൻ വെള്ളം കെട്ടിക്കിടക്കും. ഇതിൽ ചവിട്ടാതിരിക്കാൻ എല്ലാവരും റോഡിന്റെ നടുവിലേക്ക് നീങ്ങി നടക്കുകയുംചെയ്യും.


















