Cricket Retirement Surprise:അജിങ്ക്യ രഹാനെ വിദേശ ലീഗിൽ കരാറിൽ ഒപ്പുവച്ചു

ദില്ലി: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ശേഷം, മുൻ ഇന്ത്യൻ ക്യാപ്റ്റൻ അജിങ്ക്യ രഹാനെ വിദേശ ലീഗിൽ കളിക്കാൻ കരാറിൽ ഒപ്പുവച്ചതായി അറിയുന്നു.
ദില്ലി: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ശേഷം, മുൻ ഇന്ത്യൻ ക്യാപ്റ്റൻ അജിങ്ക്യ രഹാനെ വിദേശ ലീഗിൽ കളിക്കാൻ കരാറിൽ ഒപ്പുവച്ചതായി അറിയുന്നു. യൂറോപ്യൻ ടി-20 പ്രീമിയർ ലീഗിന്റെ ആദ്യ സീസണിൽ ആംസ്റ്റർഡാം ഫ്ലെയിംസ് ടീമിനായി രഹാനെ കളത്തിലിറങ്ങുകയാണ്. ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം സ്റ്റീവ് വോയും ബോളിവുഡ് താരം അഭിഷേക് ബച്ചനും സഹ-ഉടമകളായ ഫ്രാഞ്ചൈസിയാണ് നെതർലൻഡ്സ് ആസ്ഥാനമായ ആംസ്റ്റർഡാം ഫ്ലെയിംസ്. 38-കാരനായ രഹാനെ കഴിഞ്ഞ ആഴ്ചയാണ് അന്താരാഷ്ട്ര ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. ഇന്ത്യയ്ക്കായി 190-ലധികം അന്താരാഷ്ട്ര മത്സരങ്ങളിൽ കളിച്ചിട്ടുള്ള രഹാനെയുടെ സാന്നിധ്യം യൂറോപ്പിൽ ക്രിക്കറ്റിന്റെ ജനപ്രീതി വർദ്ധിപ്പിക്കുമെന്നാണ് ടീമിന്റെ വിലയിരുത്തൽ. 'ക്രിക്കറ്റ് എനിക്ക് ഒരുപാട് കാര്യങ്ങൾ തന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ കളിക്ക് തിരികെ എന്തെങ്കിലും നൽകേണ്ടത് ഒരു കളിക്കാരന്റെ ഉത്തരവാദിത്വമാണ്. യൂറോപ്പിൽ ക്രിക്കറ്റ് വളർന്നുവരുന്ന ഘട്ടമാണിത്. കളിക്കളത്തിലും പുറത്തും സ്വാധീനം ചെലുത്താൻ ആഗ്രഹിക്കുന്ന ആംസ്റ്റർഡാം ഫ്ലെയിംസിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്' എന്ന് രഹാനെ പറഞ്ഞു.
ഒരു പ്രൊഫഷണൽ ക്രിക്കറ്ററിൽ ടീം ആഗ്രഹിക്കുന്ന എല്ലാ ഗുണങ്ങളുമുള്ള താരമാണ് രഹാനെയെന്ന് ടീം ഉടമകളിലൊരാളായ സ്റ്റീവ് വോ പറഞ്ഞു. സമ്മർദ ഘട്ടങ്ങളിൽ ശാന്തതയോടെ ടീമിനെ വിജയത്തിലേക്ക് നയിക്കാൻ രഹാനെക്കുള്ള കഴിവ് പ്രശംസനീയമാണ്. രഹാനെയുടെ പരിചയസമ്പത്തും നേതൃപാടവവും ടീമിന് വലിയ കരുത്താകുമെന്നും സ്റ്റീവ് വോ വ്യക്തമാക്കി. 'രഹാനെയെപ്പോലൊരു ലോകോത്തര കളിക്കാരന്റെ വരവ് ടൂർണമെന്റിന്റെ ആവേശം കൂട്ടുക മാത്രമല്ല, യൂറോപ്പിലെ അടുത്ത തലമുറ യുവതാരങ്ങൾക്ക് വലിയ പ്രചോദനവുമാകുമെന്ന് സഹ ഉടമയായ അഭിഷേക് ബച്ചൻ പറഞ്ഞു. 2020-21ലെ ബോർഡർ-ഗവാസ്കർ ട്രോഫിയിൽ പ്രധാന താരങ്ങളുടെ പരിക്കിനിടയിലും ഇന്ത്യയെ 2-1ന്റെ ചരിത്ര വിജയത്തിലേക്ക് നയിച്ച നായകനാണ് രഹാനെ. യൂറോപ്യൻ മണ്ണിലും ആ പരിചയസമ്പത്ത് വച്ച് താരം തിളങ്ങുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.




















