25 Weddings, Millions in Fraud: BJP MLA's Daughter Deceived; Accused Arrested: 25 വിവാഹങ്ങൾ, കോടികളുടെ തട്ടിപ്പ്; ബിജെപി എംഎൽഎയുടെ മകളെയും ചതിച്ചു; പ്രതികൾ പിടിയിൽ

ലഖ്നൗ: ഉത്തർപ്രദേശിലെ സേവത മണ്ഡലത്തിൽ നിന്നുള്ള ബിജെപി എംഎൽഎ ജ്ഞാൻ തിവാരിയുടെ മകളെ ചതിച്ച് വിവാഹം കഴിച്ച യുവാവും പിതാവും പോലീസ് പിടിയിലായി. വ്യാജ ഐഡന്റിറ്റികൾ ഉ
ലഖ്നൗ: ഉത്തർപ്രദേശിലെ സേവത മണ്ഡലത്തിൽ നിന്നുള്ള ബിജെപി എംഎൽഎ ജ്ഞാൻ തിവാരിയുടെ മകളെ ചതിച്ച് വിവാഹം കഴിച്ച യുവാവും പിതാവും പോലീസ് പിടിയിലായി. വ്യാജ ഐഡന്റിറ്റികൾ ഉപയോഗിച്ച് 25-ഓളം വിവാഹങ്ങൾ നടത്തിയ പ്രഖർ ത്രിവേദി, അദ്ദേഹത്തിന്റെ പിതാവ് അനുജ് ത്രിവേദി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 2024-ൽ എംഎൽഎയുടെ മകൾ പ്രജ്ഞയും പ്രഖർ ത്രിവേദിയും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹസമയത്ത് താൻ മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു പ്രമുഖ റിയൽ എസ്റ്റേറ്റ് വ്യവസായിയാണെന്ന് അനുജ് ത്രിവേദി അവകാശപ്പെട്ടിരുന്നു. തങ്ങൾക്കെതിരെയുള്ള ക്രിമിനൽ കേസുകളെക്കുറിച്ചും മുൻപത്തെ വിവാഹങ്ങളെക്കുറിച്ചുമുള്ള വിവരങ്ങൾ ഇവർ ബോധപൂർവ്വം മറച്ചുവെച്ചിരുന്നു. പ്രാദേശികമായി നടത്തിയ അന്വേഷണങ്ങളിൽ ലഭിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ജ്ഞാൻ തിവാരി ഈ വിവാഹത്തിന് സമ്മതം നൽകിയത്. വിവാഹം കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷം സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റ് സ്രോതസ്സുകളിലൂടെയുമാണ് പ്രഖർ ത്രിവേദിയുടെ തട്ടിപ്പുകളെക്കുറിച്ചുള്ള വിവരങ്ങൾ എംഎൽഎയുടെ കുടുംബം അറിയുന്നത്. മഹാരാഷ്ട്ര ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നിരവധി സ്ത്രീകളെ പ്രഖർ ഇത്തരത്തിൽ വ്യാജ പേരുകളിൽ പ്രണയം നടിച്ച് ചതിയിൽപ്പെടുത്തി കോടിക്കണക്കിന് രൂപ തട്ടിയെടുത്തിട്ടുണ്ടെന്ന് എംഎൽഎ ആരോപിക്കുന്നു. ഇത്തരത്തിൽ 25 വിവാഹങ്ങളെങ്കിലും ഇയാൾ കഴിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. തട്ടിപ്പ് മനസ്സിലാക്കിയ ഉടൻ തന്നെ മകളെ തിരികെ വീട്ടിലെത്തിച്ചതായും പ്രതികളുമായുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ചതായും ജ്ഞാൻ തിവാരി വ്യക്തമാക്കി. ഈ സംഭവം തന്റെ കുടുംബത്തെ വലിയ മാനസിക വിഷമത്തിലാക്കിയെന്നും അദ്ദേഹം പറഞ്ഞു. പ്രതികൾക്ക് കടുത്ത ശിക്ഷ നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.





















