Illegal Abortion in Kuwait:കുവൈത്തിൽ അനധികൃത ഗർഭച്ഛിദ്രം; രഹസ്യാന്വേഷണത്തിൽ ഗൈനക്കോളജിസ്റ്റ് അറസ്റ്റിൽ

കുവൈത്ത് സിറ്റിയിൽ അനധികൃതമായി ഗർഭച്ഛിദ്രം നടത്തുകയും ഗർഭച്ഛിദ്ര ഗുളികകൾ പണം വാങ്ങി വിതരണം ചെയ്യുകയും ചെയ്ത ഒരു ഈജിപ്ഷ്യൻ ഗൈനക്കോളജിസ്റ്റിനെ ആഭ്യന്തര മന്ത്രാലയത
കുവൈത്ത് സിറ്റിയിൽ അനധികൃതമായി ഗർഭച്ഛിദ്രം നടത്തുകയും ഗർഭച്ഛിദ്ര ഗുളികകൾ പണം വാങ്ങി വിതരണം ചെയ്യുകയും ചെയ്ത ഒരു ഈജിപ്ഷ്യൻ ഗൈനക്കോളജിസ്റ്റിനെ ആഭ്യന്തര മന്ത്രാലയത്തിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം അറസ്റ്റ് ചെയ്തു. മന്ത്രാലയത്തിന്റെ അറിയിപ്പനുസരിച്ച്, ഒരു സ്വകാര്യ ക്ലിനിക്കിൽ നിയമവിരുദ്ധമായി ഗർഭച്ഛിദ്രം നടത്തുന്നതിനെക്കുറിച്ചുള്ള രഹസ്യവിവരത്തെ അടിസ്ഥാനമാക്കി അന്വേഷണം ആരംഭിച്ചു. പണം നേരിട്ടും ബാങ്ക് ട്രാൻസ്ഫറിലൂടെയും സ്വീകരിക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്ന്, അധികൃതർ നിരീക്ഷണം ആരംഭിച്ചു. തുടർന്ന്, പരിശോധനകൾ നടത്തിയതോടെ ഈ വിവരം ശരിയാണെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞു. രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ രോഗികളെന്ന വ്യാജേന ഡോക്ടറുമായി ബന്ധപ്പെടുകയും, ഗർഭച്ഛിദ്ര ഗുളികകൾ ആവശ്യപ്പെട്ട് ക്ലിനിക്കിൽ കൂടിക്കാഴ്ച നിശ്ചയിക്കുകയും ചെയ്തു. ആവശ്യമായ നിയമാനുമതി നേടിയ ശേഷം നടത്തിയ റെയ്ഡിൽ ഡോക്ടറെ അറസ്റ്റ് ചെയ്തു. റെയ്ഡിനിടെ, പ്രതിയുടെ താമസസ്ഥലത്ത് 49 ഗർഭച്ഛിദ്ര ഗുളികകളും 115 സൈക്കോട്രോപിക് ഗുളികകളും പിടിച്ചെടുത്തു. ചോദ്യം ചെയ്യലിൽ, പ്രതി ഗർഭച്ഛിദ്ര ഗുളികകൾ വിദേശത്ത് നിന്ന് നിയമവിരുദ്ധമായി എത്തിച്ചതാണെന്നും, അനധികൃത പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നുവെന്നും സമ്മതിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പ്രതിയെയും പിടിച്ചെടുത്ത മരുന്നുകളെയും തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയിട്ടുണ്ട്. തൊഴിൽ ദുരുപയോഗം ചെയ്ത് നിയമവിരുദ്ധ സാമ്പത്തിക നേട്ടം കൊയ്യാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി തുടരുമെന്നും, ഇത്തരം പ്രവർത്തനങ്ങൾ നിയമലംഘനവും സമൂഹത്തിന്റെ സുരക്ഷയ്ക്കും ക്ഷേമത്തിനും ഭീഷണിയാണെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.




















