The Unforgettable Legacy of Krishnankutty Nair: കൃഷ്ണൻകുട്ടി നായരുടെ മറക്കാനാകാത്ത അവകാശം

ഇരുട്ടിൽ, ഒരു പെട്രോമാക്സ് വെളിച്ചത്തിൽ ഒരു ചാക്കുമായി പാടത്തിലെ നിറഞ്ഞ ജലാശയത്തിൽ തവളയെ പിടിക്കാനിറങ്ങിയ ചിലർ. പത്മരാജന്റെ 'ഒരിടത്തൊരു ഫയൽവാനി'യിലെ നീലവെളിച്ചമ
ഇരുട്ടിൽ, ഒരു പെട്രോമാക്സ് വെളിച്ചത്തിൽ ഒരു ചാക്കുമായി പാടത്തിലെ നിറഞ്ഞ ജലാശയത്തിൽ തവളയെ പിടിക്കാനിറങ്ങിയ ചിലർ. പത്മരാജന്റെ 'ഒരിടത്തൊരു ഫയൽവാനി'യിലെ നീലവെളിച്ചമുള്ള ആ രംഗം, തിരിച്ചുവരാനിടയില്ലാത്ത ഒരു ഗ്രാമീണരാത്രിയുടെ സ്വാഭാവികമായ ചിത്രീകരണമാണ്. കാലം തുടച്ചുകളഞ്ഞ ഒരു ഗ്രാമ്യരാത്രി. തോട്ടിറമ്പുകളിലൂടെയും പാടവരമ്പുകളിലൂടെയും പത്മരാജന്റെ കഥാപാത്രങ്ങൾ നടന്നു. ആ സിനിമയിൽ ഒരു തവളപിടിത്തക്കാരന്റെ അച്ഛനായി കൃഷ്ണൻ കുട്ടിനായർ ഉണ്ട്. പെരുവഴിയമ്പലത്തിൽ വൈദ്യർ എന്ന കഥാപാത്രത്തിലൂടെ കൃഷ്ണൻകുട്ടി നായരുടെ സാന്നിധ്യം അതിനുമുൻപേ മലയാളസിനിമയിൽ പത്മരാജൻ രേഖപ്പെടുത്തിയിരുന്നു. പത്മരാജനാണ് കൃഷ്ണൻകുട്ടിനായരുടെ ചലച്ചിത്രഗുരു. ഒറ്റനോട്ടത്തിൽ മുഴുകുടിയനാണെന്നു തോന്നുമെങ്കിലും അതു മാത്രമായിരുന്നില്ല കൃഷ്ണൻകുട്ടി നായർ. സാധാരണയിൽ കവിഞ്ഞൊരു മദ്യപാനം കൃഷ്ണൻകുട്ടിനായർക്ക് പതിവില്ലായിരുന്നു. മദ്യപിക്കാറുണ്ടെങ്കിലും മദ്യം അദ്ദേഹത്തെ 'അകത്താ'ക്കിയില്ല. വൈക്കോൽപ്രകൃതമുള്ള ആ ശരീരം പല സന്ദർഭങ്ങളിലും പ്രേക്ഷകരിൽ ചിരിയുത്സവമുണ്ടാക്കി. നാട്ടിൻപുറത്തെ ഇടവഴിയിലൂടെ പാട്ടുംപാടി പോകുന്ന ഒരാളാണ് ആ രൂപത്തിൽ ആദ്യം ചിന്തിച്ച കഥാപാത്രം. പിന്നീടതു മാറി. ആരോഗ്യമില്ലെങ്കിലും ഏതു മല്ലനെയും വെല്ലുവിളിക്കുന്ന 'സാധു'വായ ഒരു മനുഷ്യനെക്കുറിച്ചുള്ള ആലോചനകളിലേക്ക് കൃഷ്ണൻകുട്ടിനായർ എന്നെ കൊണ്ടുപോയി. പൊന്മുട്ടയിടുന്ന താറാവ് എന്ന സിനിമയിൽ മൂത്ത തട്ടാൻ എന്ന വേഷത്തിൽ മലയാളത്തിൽ മറ്റൊരു നടനെയും കണ്ടെത്താനാവുമായിരുന്നില്ല. ആ സിനിമ ഏതെങ്കിലുമൊരു കാലഘട്ടത്തിൽ റീമേക്ക് ചെയ്യുകയാണെങ്കിൽ അതിലെ മൂത്ത തട്ടാനൊഴികെ മറ്റെല്ലാ കഥാപാത്രങ്ങൾക്കും പകരക്കാരെ കണ്ടെത്താനായേക്കും. മൂത്ത തട്ടാനായി ഒരാളെ കണ്ടെത്താനാവില്ല. ഒരിക്കലും മറ്റൊരാളിൽ ആവർത്തിക്കാൻ കഴിയാത്ത ഒരു രൂപപ്രകൃതവും ആ രൂപത്തെ ഭാവതീവ്രമായി ഇണക്കിക്കൊണ്ടുപോകുന്ന അഭിനയശേഷിയും കൃഷ്ണൻകുട്ടി നായരുടെ സവിശേഷതയായിരുന്നു. അയാൾക്ക് പകരം അയാൾ മാത്രമാണ്. പൊന്മുട്ടയിടുന്ന താറാവിൽ ഒരു സീക്വൻസുണ്ട്. അതിലെ ഭാസ്കരത്തട്ടാൻ പത്തു പവൻ മാല കാമുകിക്ക് കൊടുത്ത പ്രശ്നത്തിൽ രണ്ടു കുടുംബങ്ങൾ തമ്മിൽ രൂക്ഷമായ തർക്കം നടക്കുന്നു. ഏതു സമയത്തും മരിച്ചുപോയേക്കാവുന്ന ഒരാളായി, രോഗശയ്യയിലാണ് ഭാസ്കരത്തട്ടാന്റെ അച്ഛൻ മൂത്ത തട്ടാൻ. മരിക്കാതെ, എന്നാൽ മരണത്തോടൊപ്പം കിടക്കുന്ന ഒരു അവശൻ. കൈയെത്തുംദൂരെ മരണമുണ്ട്. 'മൂത്ത തട്ടാൻ ആടിയാടി വന്ന് പണിക്കരെ ഒരാട്ട് ആട്ടുന്നതോടെ വീഴുകയും ചെയ്യുന്നു' എന്നാണ് രഘുനാഥ് പലേരി എഴുതിയത്. എനിക്കത് വളരെ ഇഷ്ടമായ വിഷ്വലായിരുന്നു. ഒരു കാറ്റുപോലെ കൃഷ്ണൻകുട്ടി നായർ ആടിയാടി വരുന്ന ആ സീനിൽ തബലയുടെ 'ധീം... തരികിട തോം...' എന്ന റിഥമാണ് കൃഷ്ണൻകുട്ടി നായർ അവലംബിച്ചത്. കൃഷ്ണൻകുട്ടി നായർ മനസ്സിൽ ഒരു താളബോധത്തോടെയാണ് അതിൽ നടന്നത്. ഈ താളം ആ രംഗത്തെ അവിസ്മരണീയമാക്കി. ഒരുതരം ബാധ്യതയുമില്ലാത്ത സൗഹൃദമായിരുന്നു കൃഷ്ണൻകുട്ടി നായർ ആരുമായും പങ്കുവെച്ചത്. കാര്യസാധ്യത്തിനായി സൗഹൃദത്തിന്റെ കരങ്ങൾ ആർക്കുനേരെയും അയാൾ നീട്ടിയില്ല. 'എന്നെ നിങ്ങൾ പടത്തിലഭിനയിക്കാൻ വിളിച്ചില്ലെങ്കിലും എനിക്കൊരു ചുക്കുമില്ല' എന്നൊരു ഭാവം ആ മെലിഞ്ഞ നെഞ്ചിൽ തൻേറടത്തോടെ മിടിച്ചിരുന്നു. ഇതിന് മുമ്പ് തന്നെ തമാശ നിറഞ്ഞ ഒന്നായിത്തീർന്നിട്ടുണ്ട് സെറ്റിലെ വായനാവിശേഷങ്ങൾ. ഷൂട്ടിങ്ങിന്റെ ഇടവേളകളിൽ ഇംഗ്ലീഷ് പുസ്തകം മലർക്കെത്തുറന്നുവെച്ച് കാലിന്മേൽ കാല് കയറ്റിയിരിക്കുന്ന നടികളുടെ വായനാവിക്രിയകൾ സംവിധായകർ ചിത്രീകരിക്കാതെ വിടുന്ന സീനുകളാണ്. നടിമാരെക്കുറിച്ചുമാത്രം എന്തിനു പറയുന്നു? നടന്മാരും ഈ തമാശയിൽ വെളിയിൽ നില്ക്കുന്നവരല്ല. പറഞ്ഞു:'എനിക്ക് കുറച്ചു നല്ല പുസ്തകങ്ങൾ വായിക്കണം.' ലാലും ഞാനും ഒരു പുസ്തകശാലയിൽ ചെന്ന് ആ സമയത്ത് ശ്രദ്ധേയമെന്നു തോന്നിയ കുറേ പുസ്തകങ്ങൾ വാങ്ങി. ഒരു സ്യൂട്ട്കെയ്സ് നിറയെ പുസ്തകങ്ങൾ. സന്മനസ്സുള്ളവർക്ക് സമാധാനം എന്ന സിനിമയെടുക്കുന്ന കാലമായിരുന്നു അത്. നാലഞ്ചു സെറ്റുകളിൽ ലാലിനോടൊപ്പം ആ പെട്ടി ഞാൻ കണ്ടിട്ടുണ്ട്. ഒരിക്കൽപ്പോലും അത് തുറക്കുന്നതോ അതിലൊരെണ്ണമെങ്കിലും വായിക്കുന്നതോ കണ്ടിട്ടില്ല. പുസ്തകപ്പെട്ടി അരികിൽ വെച്ച് ലാൽ ഇരിക്കും. കുറേ നാളുകൾ കഴിഞ്ഞപ്പോൾ ആ പുസ്തകപ്പെട്ടി അപ്രത്യക്ഷമാവുകയും ചെയ്തു. പക്ഷേ, കൃഷ്ണൻകുട്ടി നായർ ലാലിനെപ്പോലെ ഒരു പുസ്തകപ്പെട്ടിയുമായി ലൊക്കേഷനിലേക്കു വന്നില്ല. എന്നാൽ, വായിക്കാൻവേണ്ടി ഒരു പുസ്തകം അയാൾ എപ്പോഴും കൈയിൽ കരുതിയിരുന്നു. വായിക്കാൻവേണ്ടിത്തന്നെയായിരുന്നു കൃഷ്ണൻകുട്ടിനായർ സെറ്റിൽ പുസ്തകം കൊണ്ടുവന്നത്. ഔട്ട്ഡോറിലാണെങ്കിൽ ഏതെങ്കിലും മരച്ചുവട്ടിലിരുന്നും വീട്ടിലാണ് ചിത്രീകരണമെങ്കിൽ ഏതെങ്കിലും ഒരു കോണിലിരുന്നും ആ മനുഷ്യൻ പുസ്തകങ്ങൾ വായിച്ചുകൊണ്ടിരുന്നു. പിന്നീടന്വേഷിച്ചപ്പോൾ മനസ്സിലായി, സിനിമയിലേക്ക് വരുന്നതിനുമുൻപേ അയാൾ ലൈബ്രേറിയനായിരുന്നുവെന്ന്. രാഷ്ട്രീയ, സാഹിത്യം, സംസ്കാരം ഇതൊക്കെയുമായി ബന്ധപ്പെട്ട് ആഴമുള്ള അറിവുകൾ കൃഷ്ണൻകുട്ടി നായർക്കുണ്ടായിരുന്നു. മഴവിൽക്കാവടിയുടെ ഡബ്ബിങ് മദിരാശിയിൽ നടക്കുമ്പോൾ കൃഷ്ണൻകുട്ടി നായർ അടൂരിന്റെ ഒരു സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു. മഴവിൽക്കാവടിയിൽ കാളിമുത്തുഎന്ന ക്ഷുരകനായിരുന്നു കൃഷ്ണൻകുട്ടി നായർ. ആനന്ദവല്ലി എന്ന അതിലെ നായികയുടെ അച്ഛൻ. പാലക്കാട്ടുനിന്ന് പഴനിയിലേക്ക് കുടിയേറിപ്പാർത്ത ഒരു നായർ പിന്നീട് ജീവിതസാഹചര്യംകൊണ്ട് ക്ഷുരകനായിത്തീരുന്നു. മലയാളസിനിമയിൽ അങ്ങനെയൊരു ക്ഷുരകൻ വേറെയില്ല. അമ്പുക്കൻ, അമ്പട്ടൻ, ഒസ്സാൻ തുടങ്ങിയ പേരിലൊക്കെ അറിയപ്പെടുന്ന ക്ഷുരകവൃത്തി കേരളത്തിൽ കീഴ്ജാതിക്കാർക്കുപുറമെ തമിഴ്നാട്ടിൽനിന്ന് കേരളത്തിൽ കുടിയേറിപ്പാർത്ത പലരും ഉപജീവനമാർഗമായി സ്വീകരിച്ചു. പാലക്കാടു നിന്ന് പഴനിയിലേക്ക് ഒരു നായർ ക്ഷുരകനായി പുറപ്പെടുമ്പോൾ തൊഴിൽ വിഭജനസങ്കല്പം കീഴ്മേൽ മറിയുന്നുണ്ട്. ഗ്രാമത്തിന്റെ മുഖ്യധാരയിലായിരിക്കുമ്പോഴും ബാർബർമാർ സാമൂഹികഘടനയുടെ ഒരരികിലേക്ക് മാറ്റിനിർത്തപ്പെട്ടു. പാലക്കാടൻ ഗ്രാമത്തിൽനിന്ന് പഴനിമലയിലേക്ക് ക്ഷുരകനായി മല കയറിയ കാളിമുത്തുവിന്റെ ജീവിതത്തിൽ മുണ്ഡനം ചെയ്യപ്പെടുന്നത് ദുഷിച്ചുനാറിയ തറവാടിത്തഘോഷണമാണ്. ഒരു 'നായർ ക്ഷുരകൻ' കേരളത്തിൽ ഒരു അസംഭവ്യതയാണ്. ഇതിന് ഒരപവാദമാണ് കാളിമുത്തു. കാളിമുത്തു 'കത്തി'യുപയോഗിക്കുന്നത് മയിൽപ്പീലി തഴുകുന്നതുപോലെയാണ്. കാളിമുത്തുവിന്റെ ശബ്ദം ഡബ്ബ് ചെയ്യാൻവേണ്ടി വിളിച്ചപ്പോൾ കൃഷ്ണൻകുട്ടി നായർ പറഞ്ഞു: 'അടൂരിന്റെ പടത്തിലഭിനയിച്ചുകൊണ്ടിരിക്കുകയാണ്...' സത്യത്തിൽ ആ സന്ദർഭത്തിൽ വലിയൊരു ആശയക്കുഴപ്പമുണ്ടായി. കൃഷ്ണൻകുട്ടി നായർകൂടി ശബ്ദം നല്കിയാൽ ആ പടത്തിന്റെ ഡബ്ബിങ് ജോലി ഏതാണ്ട് പൂർത്തിയാവുമായിരുന്നു. ഇടയ്ക്കുവെച്ച് ഞാൻ ഹോട്ടൽ വുഡ്ലാൻഡിലേക്ക് തിരിച്ചുചെന്നു. അവിടെയെത്തി കുറച്ചു കഴിഞ്ഞപ്പോൾത്തന്നെ ഒരു ട്രങ്ക് കോൾ. 'സത്യൻ, ഞാൻ അടൂരാണ്. സത്യന്റെ പടത്തിൽ ഡബ്ബ് ചെയ്യേണ്ടതുണ്ട് എന്നു പറഞ്ഞ് കൃഷ്ണൻകുട്ടി നായർ സൈ്വരം തരുന്നില്ല. ഞാൻ ചോദിക്കുകയാണ്, എനിക്കുവേണ്ടി ഒരു ദിവസംകൂടി അദ്ദേഹത്തെ വിട്ടുതരുമോ?' മമ്മൂട്ടിക്കുവേണ്ടിയോ മോഹൻലാലിനുവേണ്ടിയോ എന്നെപ്പോലെ ജൂനിയറായ ഒരു സംവിധായകനോട് അടൂർ ഗോപാലകൃഷ്ണനെപ്പോലെ മഹാനായ സംവിധായകൻ ഇത്തരമൊരു അപേക്ഷ നടത്തുമെന്നു തോന്നുന്നില്ല. അതൊരു അനിവാര്യതയായിരുന്നു. പ്രേക്ഷകർക്കു മുന്നിൽ അപ്രസക്തവേഷങ്ങളിൽ അഭിനയിക്കുന്ന ചിലർ സംവിധായകർക്ക് സൂപ്പർസ്റ്റാർമാരായി മാറിയിട്ടുണ്ടെങ്കിലും, കൃഷ്ണൻകുട്ടി നായർക്ക് അത്രയും പ്രശസ്തി ലഭിച്ചിരുന്നില്ല. എന്നാൽ, അദ്ദേഹത്തിന്റെ അഭിനയശേഷിയും വ്യക്തിത്വവും മലയാള സിനിമയിൽ ഒരുപാട് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ജീവിതവും സിനിമയും ഒരുപോലെ പ്രേക്ഷകർക്ക് ഒരു പാഠം തന്നെയാണ്. കൃഷ്ണൻകുട്ടി നായർ എന്ന പേരിൽ മലയാള സിനിമയിൽ ഒരുപാട് സ്മരണകൾ ഉണ്ട്, അവയെ മറക്കാൻ കഴിയില്ല.




















