The Mystery of Male Bees:ആൺതേനീച്ചകളുടെ രഹസ്യം

സ്ത്രീകൾ മാത്രം വിചാരിച്ചാൽ സന്താനങ്ങളുണ്ടാകുമോ? പറ്റുമല്ലോ. ക്ലോണിങ് ചെയ്താൽ മതി. ക്ലോണിങ് വഴി പിറന്ന ഡോളി എന്ന ചെമ്മരിയാടിനെക്കുറിച്ച് കേൾക്കാത്തവരുണ്ടാകില്ല.
സ്ത്രീകൾ മാത്രം വിചാരിച്ചാൽ സന്താനങ്ങളുണ്ടാകുമോ? പറ്റുമല്ലോ. ക്ലോണിങ് ചെയ്താൽ മതി. ക്ലോണിങ് വഴി പിറന്ന ഡോളി എന്ന ചെമ്മരിയാടിനെക്കുറിച്ച് കേൾക്കാത്തവരുണ്ടാകില്ല. പക്ഷേ, ക്ലോണിങ്ങിന് കുഴപ്പമുണ്ട്, പെൺമക്കൾ മാത്രമേ ഉണ്ടാകൂ. ആൺകുട്ടികളുണ്ടാകണമെങ്കിൽ വൈ ക്രോമസോം വേണം. അത് ആണുങ്ങളുടെ കോശങ്ങളിലേ ഉള്ളൂ. ഇത് മനുഷ്യരുടേയും മറ്റ് സസ്തനികളുടേയും കാര്യം. നമ്മൾ പറയുന്നത് തേനീച്ചകളെ കുറിച്ചാണ്. ലോകത്തിലെ ഒരു ആൺതേനീച്ചയ്ക്കും അച്ഛനില്ല! അതിനാൽ, വൈ ക്രോമസോം എവിടെനിന്ന് വന്നു? ഉത്തരം ലളിതം. എല്ലാ ജീവികൾക്കും ലിംഗം തീരുമാനിക്കാൻ (sex determination) വൈ ക്രോമസോം വേണ്ട! തേനീച്ചകളുടെ ലോകത്തിലെ ലിംഗനിർണ്ണയം വളരെ കൗതുകമേറിയതാണ്. സാധാരണ ജീവികളിൽനിന്ന് തികച്ചും വ്യത്യസ്തമായ രീതിയിലാണ് ഇവയിൽ ആണും പെണ്ണും തീരുമാനിക്കപ്പെടുന്നത്. മനുഷ്യരിലെ രീതി (ഡിപ്ലോയിഡി): സാധാരണ ജീവികളിൽ അമ്മയിൽനിന്നും അച്ഛനിൽനിന്നും പകുതി വീതം ക്രോമസോമുകൾ ലഭിക്കുന്നു. ഉദാഹരണത്തിന്, മനുഷ്യരിൽ 23 ജോഡി (46 എണ്ണം) ക്രോമസോമുകളുണ്ട്. ഇതിൽ ലിംഗനിർണ്ണയ ക്രോമസോമുകളാണ് (Sex Chromosomes) ആണാണോ പെണ്ണാണോ എന്ന് തീരുമാനിക്കുന്നത്. തേനീച്ചകളുടെ പ്രത്യേകത (ഹാപ്ലോ-ഡിപ്ലോയിഡി): തേനീച്ചകൾക്ക് പ്രത്യേകമായി ലിംഗനിർണ്ണയ ക്രോമസോമുകൾ ഇല്ല. പകരം, ക്രോമസോമുകളുടെ എണ്ണമാണ് ഇവിടെ ആൺ-പെൺ വ്യത്യാസം നിശ്ചയിക്കുന്നത്!
സമൂഹമായി ജീവിക്കുന്ന പ്രാണികളാണ് (social insects) തേനീച്ചകൾ. ഒരു തേനീച്ച കോളനിയിൽ മൂന്ന് തരം ഈച്ചകളുണ്ടാകും. അവയെ മൂന്ന് ജാതികൾ (castes) എന്നാണ് പറയുന്നത്. രാജ്ഞി (queen), സേവികമാർ (workers), ഡ്രോണുകൾ. ഒരു കോളനിയിൽ ഒരു രാജ്ഞിയും ആയിരക്കണക്കിന് സേവികമാരും നൂറ് കണക്കിന് ഡ്രോണുകളും ഉണ്ടാകും. പ്രത്യുൽപാദന ശേഷിയില്ലാത്ത പെണ്ണീച്ചകളാണ് സേവികമാർ. തേനും പൂമ്പൊടിയും മെഴുകും തേടിക്കൊണ്ടുവരുന്നതും കുഞ്ഞുങ്ങളെ തീറ്റ കൊടുത്ത് വളർത്തുന്നതും രാജ്ഞിയെ പരിചരിക്കുന്നതും കൂട് വൃത്തിയായി സൂക്ഷിക്കുന്നതും മെഴുകുപയോഗിച്ച് തേനടകൾ (hives) ഉണ്ടാക്കുന്നതും സേവികമാരാണ്. മുട്ടയിടുന്നതും കോളനിയെ ചേർത്തുനിർത്തുന്നതും രാജ്ഞിയാണ്. ഫെറമോണുകൾ എന്ന രാസപദാർത്ഥത്തിലൂടെയാണ് രാജ്ഞി കോളനിയെ നിയന്ത്രിച്ചു നിർത്തുന്നത്. രാജ്ഞിയുമായി ഇണചേരുക എന്നത് മാത്രമാണ് ഡ്രോണുകളുടെ ജോലി. അവയ്ക്ക് വിഷവും വിഷമുള്ളുമില്ല. വലുപ്പത്തിൽ ഒന്നാം സ്ഥാനം രാജ്ഞിക്കും രണ്ടാം സ്ഥാനം ഡ്രോണുകൾക്കുമാണ്. ഏറ്റവും ചെറുത് സേവികമാരും. ആയുസ്സിന്റെ കാര്യത്തിൽ രാജ്ഞി ഏറെ മുമ്പിലാണ്. ശരാശരി 3-4 വർഷത്തോളം ജീവിക്കും. ചിലപ്പോൾ അതിൽ കൂടുതലും. സേവികമാരുടെ ആയുസ്സ് ഏകദേശം ഒരു മാസവും ഡ്രോണുകളുടേത് അതിൽ കുറവുമാണ്. സാധാരണയായി ഒരേ കോളനിയിലുള്ള ഡ്രോണുകളും രാജ്ഞിയും തമ്മിൽ ഇണചേരില്ല. എന്ന് പറഞ്ഞാൽ ഡ്രോണുകളെ സേവികമാർ തീറ്റിപ്പോറ്റുന്നത് സ്വന്തം കോളനിക്ക് വേണ്ടിയല്ല, മറ്റൊരു കോളനിക്ക് വേണ്ടിയാണ്!













