Passport Fees for Expats: പ്രവാസികളുടെ പാസ്പോർട്ട് ഫീസ് നാട്ടിലേതിന്റെ പലമടങ്ങ്; ചാർജുകൾ വേറെ, മറ്റ് രാജ്യങ്ങളിൽ ഇങ്ങനെ

പ്രവാസികളുടെ ജീവിതത്തിൽ ഏറെ വേദന നൽകുന്ന ചില വിഷയങ്ങൾ ഔദ്യോഗിക ചർച്ചകളിൽ എത്താറില്ല. അതിൽ പ്രധാനമായ ഒന്നാണ് ഉയർന്ന പാസ്പോർട്ട് ഫീസ്. വിദേശത്ത് പാസ്പോർട്ട് പുത
പ്രവാസികളുടെ ജീവിതത്തിൽ ഏറെ വേദന നൽകുന്ന ചില വിഷയങ്ങൾ ഔദ്യോഗിക ചർച്ചകളിൽ എത്താറില്ല. അതിൽ പ്രധാനമായ ഒന്നാണ് ഉയർന്ന പാസ്പോർട്ട് ഫീസ്. വിദേശത്ത് പാസ്പോർട്ട് പുതുക്കുമ്പോൾ നാട്ടിലേതിനേക്കാൾ പലമടങ്ങ് കൂടുതൽ ഫീസ് നൽകേണ്ട ആവശ്യം വർഷങ്ങളായി ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ്. കേരളത്തിലെ രാഷ്ട്രീയ നേതാക്കളും ഗൾഫിലെ സംഘടനകളും പ്രവാസികളെക്കുറിച്ച് സംസാരിക്കുമ്പോഴും, ഈ വിഷയത്തിൽ ഗൗരവമായ ഇടപെടലുകൾ കാണാനില്ല. വിദേശകാര്യ മന്ത്രാലയത്തിൽ ലഭ്യമായ രേഖകൾ പരിശോധിച്ചാൽ, ഈ വിഷയത്തിൽ നയചർച്ചകൾ നടന്നതായി കാണുന്നില്ല. ഗൾഫിലെ തൊഴിലാളികൾക്കും താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്കും പാസ്പോർട്ട് ഒരു സാധാരണ രേഖയല്ല; തൊഴിലും താമസവും യാത്രയും കുടുംബബന്ധങ്ങളും ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു. ചെറിയ ശമ്പളം ലഭിക്കുന്ന ഒരാളുടെ പാസ്പോർട്ട് പുതുക്കൽ വലിയ സാമ്പത്തിക ഭാരമാണ്. അതിനാൽ, ഇത് ഒരു ഫീസ് പ്രശ്നം മാത്രമല്ല; ജീവിതത്തിനും ഉപജീവനത്തിനും ആവശ്യമായ ഒരു രേഖ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട വിഷയമാണ്. 36 പേജ് സാധാരണ പാസ്പോർട്ടിന് ഇന്ത്യയിൽ 1,500 രൂപയായിരുന്നു, ഇപ്പോൾ 2,500 ആയി ഉയർന്നിട്ടുണ്ട്. തത്കാൽ ഫീസ് 3,500ൽ നിന്ന് 5,000 ആയി വർധിച്ചു. ഗൾഫിൽ, പ്രത്യേകിച്ച് യുഎഇയിൽ, സാധാരണ പാസ്പോർട്ടിന്റെ അടിസ്ഥാന ഫീസ് 285 ദിർഹത്തിൽ നിന്ന് 450 ദിർഹമായി ഉയർന്നു. നഷ്ടപ്പെട്ട പാസ്പോർട്ടുകൾക്കുള്ള ഫീസ് ഇതിലും ഉയർന്നതാണ്. ഇതോടെ നാട്ടിലെയും വിദേശത്തെയും ഫീസുകൾ തമ്മിലുള്ള വ്യത്യാസം കൂടുതൽ വർധിച്ചു. 1,400 രൂപ പ്രതിദിനം സമ്പാദിക്കുന്ന ഒരു തൊഴിലാളിക്ക് 2,500 രൂപ ഫീസ് അടച്ച് പാസ്പോർട്ട് പുതുക്കാൻ രണ്ട് ദിവസത്തെ വേതനത്തിൽ താഴെ മതിയാകും. യാത്രാച്ചെലവും പാസ്പോർട്ട് പുതുക്കുന്നതിനായി നഷ്ടമാകുന്ന ഒരു ദിവസത്തെ വേതനവും കൂടി കണക്കാക്കിയാൽ, ആകെ ചെലവ് ഏകദേശം 4,900 രൂപ വരും. ഗൾഫിൽ പ്രതിമാസം 1,700 ദിർഹം ശമ്പളം ലഭിക്കുന്ന തൊഴിലാളിക്ക്, ഔദ്യോഗിക അടിസ്ഥാന ഫീസ് ഏകദേശം എട്ട് ദിവസത്തെ വേതനത്തിന് തുല്യമാണ്. യാത്രാച്ചെലവും സേവനനിരക്കും കൂടി ചേർത്താൽ മൊത്തം ചെലവ് 620 ദിർഹം വരെയെത്തും. ഇതിന്റെ പിന്നിൽ ഭരണച്ചെലവും സുരക്ഷയും സേവനനിലവാരവും ചൂണ്ടിക്കാട്ടി ന്യായീകരിക്കാം. എന്നാൽ, നാട്ടിൽ 2,500 രൂപയായ അടിസ്ഥാന പാസ്പോർട്ട് ഫീസ് വിദേശത്ത് 11,700 ആയി ഉയരുന്നത് പ്രശ്നമാണ്. നയപരമായി പുനഃപരിശോധിക്കേണ്ടത് ഈ വ്യത്യാസമാണ്. ഇന്ത്യയെക്കാൾ ചെറിയ സമ്പദ്വ്യവസ്ഥയുള്ള ബംഗ്ലാദേശ് ഈ വിഷയത്തിൽ ശ്രദ്ധേയമായ ഉദാഹരണമാണ്. അവിടെ സാധാരണ അപേക്ഷകരും തൊഴിലാളികളും വിദ്യാർഥികളും തമ്മിൽ ഫീസ് വ്യത്യാസമുണ്ട്. 48 പേജ്, അഞ്ച് വർഷത്തെ ഇ-പാസ്പോർട്ടിന് സാധാരണ അപേക്ഷകർ 9,500 രൂപ അടയ്ക്കുമ്പോൾ, തൊഴിലാളികൾക്കും വിദ്യാർഥികൾക്കും 2,850 രൂപ മാത്രം മതിയാകും. 10 വർഷത്തെ 48 പേജ് പാസ്പോർട്ടിന് സാധാരണ നിരക്ക് 11,875 രൂപയാണ്, എന്നാൽ തൊഴിലാളികൾക്കും വിദ്യാർഥികൾക്കും 4,750 രൂപ മതിയാകും. ഗൾഫിലെ ബംഗ്ലാദേശ് മിഷനുകളിലും ഈ ഇളവ് ലഭ്യമാണ്. പ്രവാസി തൊഴിലാളികളുടെയും വിദ്യാർഥികളുടെയും സാമ്പത്തിക യാഥാർഥ്യം അംഗീകരിക്കുന്ന സമീപനമാണ് അവർ സ്വീകരിച്ചിരിക്കുന്നത്. ഇന്ത്യയ്ക്ക് ഇത് പഠിക്കാവുന്ന മാതൃകയാണ്. കേരളത്തിലെ രാഷ്ട്രീയ നേതാക്കൾ ഈ വിഷയത്തിൽ സജീവമായില്ല. പ്രവാസികളെക്കുറിച്ചുള്ള വാചാലത ധാരാളമുണ്ടെങ്കിലും, അവരുടെ അടിസ്ഥാന ആവശ്യങ്ങളിലൊന്നായ ഈ വിഷയം കേന്ദ്ര സർക്കാരിന്റെ മുന്നിൽ അവതരിപ്പിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രവാസികളുടെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ ശ്രമിച്ച നേതാവാണ്. 2015 മുതൽ അദ്ദേഹം ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കുകയും തൊഴിലാളികളുടെ താമസക്യാമ്പുകൾ സന്ദർശിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, കേരളത്തിലെ രാഷ്ട്രീയ നേതാക്കളും ഈ വിഷയത്തിൽ ഗൗരവമായ ഇടപെടലുകൾ നടത്തേണ്ടതുണ്ട്. പല രാജ്യങ്ങളും വിദേശത്തുള്ള തങ്ങളുടെ പൗരന്മാർക്കായി വ്യത്യസ്തമായ സമീപനം സ്വീകരിക്കുന്നു. അമേരിക്ക, യുകെ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ, പാസ്പോർട്ട് പുതുക്കുമ്പോൾ അടിസ്ഥാന സർക്കാർ ഫീസ് പൊതുവെ ഒരുപോലെ തന്നെയാണ്. എന്നാൽ, ഇന്ത്യയിൽ അടിസ്ഥാന ഫീസ് ഗണ്യമായി ഉയരുന്നു. പ്രശ്നം ഉയർന്ന ഫീസ് ഈടാക്കുന്നതിലല്ല; ആരിൽ നിന്ന് എത്ര ഈടാക്കുന്നു എന്നതിലാണ്. വരുമാന വ്യത്യാസം, സാമ്പത്തിക ശേഷി, സേവനം ലഭിക്കുന്ന രാജ്യം എന്നിവയെല്ലാം പരിഗണിച്ചുള്ള ഫീസ് നയം വേണം. പാസ്പോർട്ട് ഒരു ആഡംബര രേഖയല്ല; ഓരോ ഇന്ത്യൻ പൗരന്റെയും അടിസ്ഥാന അവകാശവുമായി ബന്ധപ്പെട്ട രേഖയാണ്. പ്രവാസികൾ ഓരോ വർഷവും രാജ്യത്തേക്ക് വലിയ തോതിൽ വിദേശനാണ്യം അയയ്ക്കുന്നു. അവരുടെ പ്രശ്നങ്ങൾ കേൾക്കാതെ പോകരുത്. പ്രവാസികളുടെ പാസ്പോർട്ട് ഫീസ് ഘടനയെക്കുറിച്ചും ഒരു ഗൗരവമായ ദേശീയ നയചർച്ച ആരംഭിക്കണം. ഇനി വൈകിക്കൂടാ.

















