MG Hector Hawk Launch: എംജി ഹെക്ടർ ഹോക്ക് അവതരിപ്പിക്കുന്നു; പെട്രോളിലും ഇലക്ട്രിക്കിലും ഓടും

ജെഎസഡബ്ല്യു എംജി മോട്ടോഴ്സിന്റെ വാഹന നിരയിലേക്ക് പുതിയ എസ്യുവി എത്തുന്നു. എംജി അടുത്തിടെ അവതരിപ്പിച്ച അഡാപ്റ്റ് പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള ആദ്യ എസ്യ
ജെഎസഡബ്ല്യു എംജി മോട്ടോഴ്സിന്റെ വാഹന നിരയിലേക്ക് പുതിയ എസ്യുവി എത്തുന്നു. എംജി അടുത്തിടെ അവതരിപ്പിച്ച അഡാപ്റ്റ് പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള ആദ്യ എസ്യുവി ഹെക്ടർ ഹോക്ക് എന്ന പേരിൽ വിപണിയിൽ എത്താൻ ഒരുങ്ങുകയാണ്. ഈ വാഹനം ഓഗസ്റ്റ് 26-ന് ഇന്ത്യയിൽ അവതരിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്, കൂടാതെ ഇത് ഹൈബ്രിഡ് സംവിധാനത്തിൽ പ്രവർത്തിക്കുന്നതായും സൂചനകൾ ലഭിച്ചിട്ടുണ്ട്. ചൈനയിലെ വൂളിങ്ങിന്റെ സ്റ്റാർലൈറ്റ് 560 എന്ന പ്ലഗ് ഇൻ ഹൈബ്രിഡ് ഇലക്ട്രിക് മോഡലിന്റെ അടിസ്ഥാനത്തിലാണ് ഹെക്ടർ ഹോക്ക് വികസിപ്പിച്ചിരിക്കുന്നത്. മിഡ് സൈസ് എസ്യുവി വിഭാഗത്തിൽ ഉൾപ്പെടുന്ന ഈ വാഹനത്തിന്റെ നീളം 4745 എംഎം, വീതി 1850 എംഎം, ഉയരം 1755 എംഎം, കൂടാതെ 2810 എംഎമ്മിന്റെ വീൽബേസും ഉണ്ട്. 2026-ന്റെ തുടക്കത്തിൽ സ്റ്റാർലൈറ്റ് 560-ന്റെ ഡിസൈൻ പേറ്റന്റ് എംജി മോട്ടോഴ്സ് സ്വന്തമാക്കിയിരുന്നു. ഹെക്ടർ ഹോക്ക് പ്ലഗ് ഇൻ ഹൈബ്രിഡ്, ഇലക്ട്രിക് പവർട്രെയിനുകൾ എന്നിവയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹൈബ്രിഡ് പതിപ്പിൽ 1.5 ലിറ്റർ പെട്രോൾ എൻജിനും 20.5 കിലോവാട്ട് ബാറ്ററി പാക്കുമുണ്ടാകും. ഇതിന്റെ കംമ്പെയ്ൻഡ് പവർ 195 എച്ച്പി, 230 എൻഎം ടോർക്കുമാണ്. ഇലക്ട്രിക് പതിപ്പിൽ 69.2 കിലോവാട്ട് ബാറ്ററിയും 201 എച്ച്പി പവറും 310 എൻഎം ടോർക്കുമുള്ള മോട്ടോറുമുണ്ട്. ഹൈബ്രിഡ് പതിപ്പ് 125 കിലോമീറ്റർ ഇലക്ട്രിക് റേഞ്ച് നൽകുന്നു, മൊത്തം 1000 കിലോമീറ്റർ റേഞ്ച് ലഭ്യമാകും. ഇലക്ട്രിക് മോഡിൽ ഹെക്ടർ ഹോക്ക് ഒറ്റത്തവണ ചാർജിൽ 530 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയും. ഡിസൈനിൽ സ്റ്റാർലൈറ്റ് 560-ൽ നിന്നുള്ള ചില ഘടകങ്ങൾ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. ബ്ലാക്ക് നിറത്തിലുള്ള ഗ്രില്ലും സ്ലീക്ക് ഡിസൈനിലുള്ള എൽഇഡി ഹെഡ്ലാമ്പും ഡിആർഎല്ലും ഉൾപ്പെടുന്ന ബമ്പർ എന്നിവയാണ് സ്റ്റാർലൈറ്റ് 560-ൽ ഉള്ളത്. 18 ഇഞ്ച് അലോയി വീലുകൾ ഈ വാഹനത്തിന്റെ വിദേശ പതിപ്പുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. റാപ്പ് എറൗണ്ട് എൽഇഡി ടെയ്ൽലൈറ്റുകളും ബ്ലാക്ക് നിറത്തിലുള്ള ബമ്പറും സ്പോയിലറും ഉൾക്കൊള്ളുന്ന ലാളിത്യമുള്ള ഡിസൈനാണ് പിൻഭാഗത്തിനുള്ളത്. അകത്തളത്തിന്റെ ഡിസൈനിലും ലാളിത്യം കാണാം. ഇരട്ട നിറങ്ങൾ അലങ്കാരത്തിന് ഉപയോഗിച്ചിരിക്കുന്നു. 12.8 ഇഞ്ച് വലിപ്പമുള്ള ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും 8.8 ഇഞ്ച് വലിപ്പമുള്ള ഇൻസ്ട്രുമെന്റ് ക്ലെസ്റ്ററും ഡാഷ്ബോർഡിൽ ഉണ്ട്. ടു സ്പോക്ക് സ്റ്റിയറിങ് വീൽ, ലെതർ ആവരണമുള്ള സീറ്റുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ചാർജിങ് പാഡ്, ആറ് സ്പീക്കർ മ്യൂസിക് സിസ്റ്റം എന്നിവയാണ് അകത്തളത്തിലെ മറ്റ് ഫീച്ചറുകൾ.

















