Flooding due to Pallaserry Project:പഴശ്ശി പദ്ധതിയുടെ ഷട്ടർ തുറക്കുമ്പോൾ വെള്ളപ്പൊക്കം

ഇരിട്ടി: പഴശ്ശി പദ്ധതിയുടെ ഷട്ടർ ഒരുമിച്ച് തുറക്കുമ്പോൾ ഉണ്ടാകുന്ന വെള്ളപ്പൊക്കത്തെ തുടര്ന്ന് പ്രദേശവാസികൾ എക്സിക്യൂട്ടീവ് എൻജിനിയറുടെ ഓഫീസിലേക്ക് മാർച്ച് നടത്
ഇരിട്ടി: പഴശ്ശി പദ്ധതിയുടെ ഷട്ടർ ഒരുമിച്ച് തുറക്കുമ്പോൾ ഉണ്ടാകുന്ന വെള്ളപ്പൊക്കത്തെ തുടര്ന്ന് പ്രദേശവാസികൾ എക്സിക്യൂട്ടീവ് എൻജിനിയറുടെ ഓഫീസിലേക്ക് മാർച്ച് നടത്തി. കുടിവെള്ള പദ്ധതിയുടെ പേരിൽ അധികജലം തടഞ്ഞുനിർത്തുകയും കാലവർഷം ശക്തമായപ്പോൾ ഷട്ടറുകൾ ഒരുമിച്ച് തുറന്നുവിടുകയും ചെയ്യുന്നതിനാൽ പുഴയോരവാസികൾക്കുണ്ടാവുന്ന നഷ്ടം പരിഹരിക്കാൻ അടിയന്തര നടപടി ആവശ്യപ്പെട്ടാണ് ഈ മാർച്ച് നടത്തിയത്. ഇരിട്ടി നഗരസഭാ കൗൺസിലർ പി. ബഷീർ ഉദ്ഘാടനം ചെയ്തു. വാർഡംഗം നദീറ ആമേരി അധ്യക്ഷനായി. വെളിയമ്പ്ര കെട്ടാരം മേഖലയിലെ നൂറുകണക്കിന് പ്രദേശവാസികൾ ഈ മാർച്ചിൽ പങ്കെടുത്തു.
കഴിഞ്ഞദിവസങ്ങളിലുണ്ടായ കനത്ത മഴയ്ക്ക് ശേഷം അണക്കെട്ടിന്റെ ഷട്ടർ തുറന്നതോടെ പ്രദേശത്ത് നൂറോളം വീടുകളിൽ വെള്ളം കയറിയതായി റിപ്പോർട്ട് ചെയ്യുന്നു. ഇതിൽ നാൽപ്പതോളം കുടുംബങ്ങൾ വീടൊഴിഞ്ഞു. ഷട്ടർ ഒരുമിച്ച് തുറന്നപ്പോൾ കൈത്തോട് വഴി വീടുകളിലേക്കും ജനവാസ മേഖലയിലേക്കും വെള്ളം കയറുകയായിരുന്നു. കഴിഞ്ഞ ഏഴ് വർഷമായി പ്രദേശവാസികൾ ഈ ദുരിതം അനുഭവിക്കുകയാണ്. കുടിവെള്ള വിതരണത്തിനായി 18 മീറ്റർ ജലം നിർത്തണമെന്ന ഉത്തരവിന്റെ മറവിൽ ഇരുപതും ഇരുപത്തിരണ്ടും മീറ്റർ ഉയരത്തിൽ വെള്ളം സംഭരിക്കുന്നതിനെ കുറിച്ച് നാട്ടുകാരുടെ പരാതികൾ ഉയരുന്നു.
മലയോരത്തും മാക്കൂട്ടം വനമേഖലയിലും ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതം മേഖലകളിലും അതിതീവ്രമഴയും ഉരുൾപൊട്ടലും ഉണ്ടാകുമ്പോൾ സംഭരണിയിൽ വെള്ളം പൊടുന്നനെ കുതിച്ചുയരുന്നു. ഇത് വളപട്ടണം പുഴയിലേക്ക് തുറന്നുവിടുന്നതാണ് വെള്ളപ്പൊക്കത്തിന് കാരണം. കുടിവെള്ള വിതരണത്തിനുള്ള പമ്പിങ് സ്റ്റേഷനുകൾക്ക് സമീപം പുഴയിലടിഞ്ഞ മണലും മറ്റ് അവശിഷ്ടങ്ങളും കാലാകാലം നീക്കം ചെയ്യേണ്ടതുണ്ട്. എന്നാൽ ജല അതോറിറ്റി അതു ചെയ്തതായി കാണിച്ച് നടത്തുന്ന തട്ടിപ്പാണ് പുഴ കവിഞ്ഞ് വെള്ളം വീടുകളിലേക്ക് കയറുന്നതിന് ഇടയാക്കുന്നതെന്ന ആരോപണം ശക്തമാണ്. പഴശ്ശി പദ്ധതിയിൽ ശാസ്ത്രീയ ജലനിയന്ത്രണം ഉറപ്പാക്കുക, ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക, വെള്ളം കയറിയ വീട്ടുകാർക്ക് മതിയായ നഷ്ടപരിഹാരം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ജനകീയ സമിതി മാർച്ച് നടത്തിയത്. മാർച്ച് മട്ടന്നൂർ പോലീസ് തടഞ്ഞു. ജനകീയ കർമസമിതി നേതാക്കളായ കെ.വി. അബ്ദുല്ല, വി.എം. ഇബ്രാഹിം, വി.എം. ഹാഷിം, കെ. സിനാൻ, ഇ.കെ. അബ്ദുൽ റഹ്മാൻ, മുഹമ്മദ് തുമ്പിക്കോത്ത്, ജാഫർ എന്നിവർ സംസാരിച്ചു.















