No opening of rest center in Karakonnam:കാരക്കോണത്ത് വഴിയിട വിശ്രമകേന്ദ്രം തുറക്കുന്നില്ല

വെള്ളറട : പലപ്പോഴും വാഹനങ്ങൾ ചീറിപ്പായുമ്പോൾ ഓടിമാറണം. മഴയെത്തിയാൽ കുടയില്ലെങ്കിൽ കടകളുടെ വരാന്തയിലേക്ക് മാറണം. കാരക്കോണം കവലയിൽ പാറശ്ശാല റൂട്ടിൽ ബസ് കാത്തുനിൽക
വെള്ളറട : പലപ്പോഴും വാഹനങ്ങൾ ചീറിപ്പായുമ്പോൾ ഓടിമാറണം. മഴയെത്തിയാൽ കുടയില്ലെങ്കിൽ കടകളുടെ വരാന്തയിലേക്ക് മാറണം. കാരക്കോണം കവലയിൽ പാറശ്ശാല റൂട്ടിൽ ബസ് കാത്തുനിൽക്കുന്ന യാത്രികരുടെ ദുരവസ്ഥയാണിത്. മുമ്പുണ്ടായിരുന്ന രണ്ട് മുറികളുള്ള വിശ്രമമന്ദിരം പൊളിച്ച് കെട്ടിടവും ഷെഡ്ഡും പണിതു. പിന്നീട് ഇതും നീക്കം ചെയ്ത് വഴിയിടവിശ്രമകേന്ദ്രവും ശൗചാലയവും പണിതുവെങ്കിലും ഇതേവരെ തുറന്നുപ്രവർത്തിക്കുന്നില്ലെന്നാണ് പരാതി. മലയോരഹൈവേ കടന്നുപോകുന്ന പ്രധാനകവലകളിൽ ഒന്നാണിത്. മെഡിക്കൽ കോളേജും വിവിധ സ്കൂളുകളും മറ്റ് സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളും സമീപ പ്രദേശത്തായി സ്ഥിതി ചെയ്യുന്നതിനാൽ ഇവിടെയെത്തുന്ന യാത്രക്കാരുടെ തിരക്കും അധികമാണ്. നെയ്യാറ്റിൻകര, മഞ്ചവിളാകം ഭാഗത്തേക്ക് പോകുന്ന യാത്രക്കാർക്കായി വിശ്രമമന്ദിരം മറുവശത്തുണ്ടെങ്കിലും പാറശ്ശാല, വെള്ളറട റൂട്ടിലേക്കുള്ള ബസ് കാത്തിരിപ്പുകേന്ദ്രമില്ല. ഇക്കാരണത്താൽ യാത്രക്കാർ പാതയോരത്തുനിന്നാണ് വാഹനങ്ങളിൽ കയറുന്നത്. മൂന്ന് റോഡുകൾ സംഗമിക്കുന്ന ഇവിടെ മഞ്ചവിളാകം, പെരുങ്കടവിള ഭാഗത്തുള്ള ബസുകൾ വന്ന് തിരിയുന്ന ഭാഗത്താണ് യാത്രക്കാർ ബസ് കാത്തുനിൽക്കുന്നത്. ഇത് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. ആഴ്ചകൾക്കുമുമ്പാണ് ഇവിടെ സ്കൂൾ വാനും കെ.എസ്.ആർ.ടി.സി. ബസും കൂട്ടിയിടിച്ചുള്ള അപകടമുണ്ടായത്. പാറശ്ശാല-വെള്ളറട റൂട്ടിലേക്കുള്ള യാത്രക്കാർക്ക് ബസ് കാത്തുനിൽക്കാനായി പതിറ്റാണ്ടുകൾക്കുമുമ്പ് സ്വകാര്യവ്യക്തി നൽകിയ വസ്തുവിൽ രണ്ട് മുറികളുള്ള കെട്ടിടവും പിറകുവശത്തായി പ്രാഥമികകൃത്യ നിർവഹണത്തിനുള്ള സൗകര്യവും ഒരുക്കിയിരുന്നു. കാലപ്പഴക്കത്താൽ കെട്ടിടം ജീർണിച്ചതോടെ ഗ്രാമപ്പഞ്ചായത്ത് അവ നീക്കം ചെയ്തു. പിന്നീട് രണ്ട് മുറികളുള്ള കെട്ടിടം നിർമിച്ച് മുറികൾ വ്യാപാരകേന്ദ്രത്തിനായി നൽകുകയും മുൻവശത്ത് യാത്രികർക്ക് ഇരിക്കാനായി ഷീറ്റിട്ട ഷെഡ്ഡും പണിതു. യാത്രക്കാർക്ക് ഇരിക്കാനായി സ്റ്റീൽ പൈപ്പുകൊണ്ടുള്ള ഇരിപ്പിടങ്ങളും സജ്ജമാക്കി. പുറകുവശത്തായി ശൗചാലയം പ്രവർത്തിച്ചു. ഇവിടേക്കുള്ള വെള്ളം കുറച്ചകലെയുള്ള കുഴൽക്കിണറിൽനിന്നു വിതരണ കുഴലിലൂടെയാണ് എത്തിച്ചിരുന്നത്. മലയോരഹൈവേയുടെ നിർമാണപ്രവർത്തനങ്ങൾക്കിടയിൽ ഈ കുഴലുകൾ പൊട്ടിയതോടെ ജലവിതരണവും നിലച്ചു. ശൗചാലയത്തിന്റെ പ്രവർത്തനത്തിന് പൂട്ടു വീണതോടെ ഇവിടെ എത്തുന്ന യാത്രികർ പ്രാഥമിക കൃത്യനിർവഹണത്തിനായി നെട്ടോട്ടമോടേണ്ട അവസ്ഥയിലാണ്. വിശ്രമകേന്ദ്രം നിർമിച്ചത് അശാസ്ത്രീയമെന്ന് പരാതി. ഇവിടെയുണ്ടായിരുന്ന പഴയ കെട്ടിടവും കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഷെഡ്ഡും നീക്കം ചെയ്താണ് വഴിയിടവിശ്രമകേന്ദ്രം നിർമിച്ചത്. എന്നാൽ, ഈ നിർമാണത്തിൽ അപാകമുണ്ടെന്നുള്ള പരാതികൾ നിർമാണവേളയിൽ ഉയർന്നു. ജില്ലാപഞ്ചായത്തിന്റെ സഹായത്തോടെ 50 ലക്ഷം രൂപ വിനിയോഗിച്ചാണ് അത്യാധുനിക രീതിയിൽ ബഹുനിലകളുള്ള വഴിയിട വിശ്രമകേന്ദ്രം കഴിഞ്ഞ ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി നിർമിച്ചത്. തദ്ദേശതിരഞ്ഞെടുപ്പ് എത്തിയതോടെ നിർമാണം പൂർത്തിയാകാത്ത ഈ കെട്ടിടത്തിന്റെ ഉദ്ഘാടനം തട്ടിക്കൂട്ടി നടത്തി. എന്നാൽ ദിവസങ്ങൾ മാത്രമാണ് തുറന്ന് പ്രവർത്തിച്ചത്. പിന്നീട് അടച്ചിട്ടു. ഇതിന് മുന്നിൽ ബസ് കാത്തുനിൽക്കുന്നതിനുള്ള സൗകര്യങ്ങളില്ലാത്തതിനാൽ വൈകിട്ടും രാവിലെയും യാത്രക്കാർ ഇവിടെ കൂട്ടമായി നിൽക്കുന്നത് ഏറെ അപകടസാധ്യത സൃഷ്ടിക്കുന്നതായി നാട്ടുകാർ പറയുന്നു. ഈ കെട്ടിടത്തിൽ താഴെയുള്ള രണ്ട് മുറികളിലൊരെണ്ണം കുടുംബശ്രീയുടെ വിപണനകേന്ദ്രം, കഫ്റ്റീരിയ നടത്താനായി നൽകും. മറ്റൊരു മുറി വായനയ്ക്കായി നൽകും. ഇതിന് പുറകിൽ ശൗചാലയവും ഒരുക്കിയിട്ടുണ്ട്. മുകളിൽ പണികഴിപ്പിച്ച ഹാൾ വാടകയ്ക്ക് നൽകും. കെട്ടിടത്തിന്റെ ബാക്കി നിർമാണപ്രവർത്തനങ്ങൾക്കായി ഗ്രാമപ്പഞ്ചായത്ത് വീണ്ടും 18 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. വഴിയിടകേന്ദ്രങ്ങളിലെ നിർമാണമാനദണ്ഡങ്ങൾ പലതും ഇവിടെ പാലിച്ചിട്ടില്ലെന്നുള്ള ആരോപണവുമുണ്ട്. വനിതായാത്രികർക്ക് യാത്രാമധ്യേ കുഞ്ഞുങ്ങൾക്ക് പാലൂട്ടുന്നതിനുള്ള സൗകര്യങ്ങൾ ഉണ്ടാക്കിയിട്ടില്ലെന്നുള്ള ആരോപണവുമുണ്ട്.


















