Parking Issues at Railway Station:കൊല്ലം റെയിൽവേ പാർക്കിങ് കേന്ദ്രത്തിലെ ദുരിതം

കൊല്ലം: നിരന്തരം ഒഴുകുന്ന ചെളിവെള്ളം, മാലിന്യം, ഭീതിപ്പെടുത്തുന്ന തെരുവുനായ്ക്കൾ എന്നിവയാണ് കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനു സമീപമുള്ള റെയിൽവേ പാർക്കിങ് കേന്ദ്രത
കൊല്ലം: നിരന്തരം ഒഴുകുന്ന ചെളിവെള്ളം, മാലിന്യം, ഭീതിപ്പെടുത്തുന്ന തെരുവുനായ്ക്കൾ എന്നിവയാണ് കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനു സമീപമുള്ള റെയിൽവേ പാർക്കിങ് കേന്ദ്രത്തിന്റെ ദൃശ്യങ്ങൾ. യാത്രക്കാർക്ക് സുരക്ഷിതത്വം ഇല്ലാത്തതിനാൽ അവർ വാഹനങ്ങൾ റോഡരികിൽ പാർക്ക് ചെയ്ത് പോകുന്നതാണ് പതിവ്. റെയിൽവേ സ്റ്റേഷനിലെ എതിർഭാഗത്തുനിന്നുള്ള മഴവെള്ളം പാർക്കിങ് കേന്ദ്രത്തിലേക്ക് ഒഴുകുന്നുണ്ട്. വെള്ളം കെട്ടിനിന്ന് ഇവിടെ ചെളിയായി മാറിയിട്ടുണ്ട്. മാലിന്യം നീക്കാത്തതിനാൽ പരിസരം വൃത്തിഹീനമായിരിക്കുന്നു. തെരുവുനായ്ക്കൾ ഇരുചക്രവാഹനങ്ങളുടെ സീറ്റുകൾക്കും, വാഹനങ്ങളിൽ സൂക്ഷിച്ചിട്ടുള്ള ഹെൽമെറ്റുകൾക്കും നാശം വരുത്തുന്നത് പതിവാണ്. പലപ്പോഴും, രാത്രി വാഹനമെടുക്കാൻ എത്തുന്നവരെ നായ്ക്കൾ ഭയപ്പെടുത്താറുണ്ട്. പാർക്കിങ് കേന്ദ്രത്തിലെ വെളിച്ചക്കുറവുമാണ് മറ്റൊരു ബുദ്ധിമുട്ട്. ഫീസ് നൽകി വാഹനങ്ങൾ നിർത്തിയിട്ടു പോകുന്നവർക്ക് സുരക്ഷിതത്വം ഇല്ലാത്ത സാഹചര്യമാണ് ഇത്.
പാർക്കിങ് കേന്ദ്രത്തിലെ അസൗകര്യങ്ങൾ കാരണം, റെയിൽവേ സ്റ്റേഷൻ പരിസരത്തും രണ്ടാംകവാടത്തിനു സമീപവുമെല്ലാം നൂറുകണക്കിന് ഇരുചക്രവാഹനങ്ങൾ നിർത്തിയിട്ടു പോകുന്നത് ശ്രദ്ധിക്കാം. ഇവിടെ വാഹനമോഷണം സാധാരണമാണ്. പെട്രോൾ ഊറ്റിയെടുക്കുന്നുവെന്ന പരാതികളും ഉയരുന്നുണ്ട്. പാർക്കിങ് കേന്ദ്രത്തിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുകയും അനധികൃത പാർക്കിങ്ങിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുകയാണെങ്കിൽ, ഗതാഗതക്കുരുക്കും ഒഴിവാക്കാൻ സാധിക്കും.


















