Space Science Exhibition: കുട്ടികൾക്കൊപ്പം മുതിർന്നവർക്കും; ബഹിരാകാശത്തെ ശാസ്ത്രനേട്ടം അടുത്തറിയാം

തിരുവനന്തപുരം: ഒരു കാലത്ത് അജ്ഞാതമായ ബഹിരാകാശത്തിൽ രാജ്യം നേടിയ ശാസ്ത്രവിജയങ്ങളുടെ മാതൃകകൾ കുട്ടികളിലെ ശാസ്ത്രബോധത്തെ തൊട്ടുണർത്തുന്നതായിരുന്നു. രാജ്യം സ്വന്തമാ
തിരുവനന്തപുരം: ഒരു കാലത്ത് അജ്ഞാതമായ ബഹിരാകാശത്തിൽ രാജ്യം നേടിയ ശാസ്ത്രവിജയങ്ങളുടെ മാതൃകകൾ കുട്ടികളിലെ ശാസ്ത്രബോധത്തെ തൊട്ടുണർത്തുന്നതായിരുന്നു. രാജ്യം സ്വന്തമായി നിർമിച്ച ആദ്യത്തെ ഉപഗ്രഹമായ ആര്യഭട്ട മുതൽ സൂര്യനെക്കുറിച്ച് പഠിക്കാനായി ഐ.എസ്.ആർ.ഒ. വിക്ഷേപിച്ച ആദിത്യ-എൽ 1 വരെയുള്ള പേടകങ്ങളുടെയും വിക്ഷേപണത്തിനായി ഉപയോഗിച്ച വിവിധ ശ്രേണിയിൽപ്പെട്ട റോക്കറ്റുകളുടെയും മാതൃകകൾ വിദ്യാർഥികൾക്കായി ഒരുക്കിയിരിക്കുന്നത് വിതുരയിലെ ജവഹർ നിവോദയ വിദ്യാലയത്തിലാണ്. ദേശീയ ബഹിരാകാശദിനത്തിന് മുന്നോടിയായാണ് വിക്രം സാരാഭായ് ബഹിരാകാശകേന്ദ്രത്തിന്റെ (വിഎസ്എസ്.സി.) നേതൃത്വത്തിൽ ബഹിരാകാശപ്രദർശനം സംഘടിപ്പിച്ചത്.
ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ചാന്ദ്രയാൻ-മൂന്ന് ദൗത്യത്തിലെ ലാൻഡർ സോഫ്റ്റ് ലാൻഡിങ് നടത്തിയതിന്റെ സ്മരണയ്ക്കായാണ് എല്ലാ വർഷവും ഓഗസ്റ്റ് 23-ന് ദേശീയ ബഹിരാകാശദിനം ആഘോഷിക്കുന്നത്. ചാന്ദ്രയാൻ-മൂന്ന് ദൗത്യവിജയത്തിന്റെ സാങ്കേതികവശങ്ങൾ വിശദീകരിച്ചാണ് വി.എസ്.എസ്.സി. ഡയറക്ടർ ഡോ. യു.പി. രാജീവ് ബഹിരാകാശദിനാഘോഷം ഉദ്ഘാടനം ചെയ്തത്. പി.എസ്.എൽ.വി, ജി.എസ്.എൽ.വി, എൽ.വി.എം. ത്രീ റോക്കറ്റുകളും വിവിധ കാലാവസ്ഥാ ഉപഗ്രഹങ്ങൾ, ചാന്ദ്രയാൻ ദൗത്യത്തിലെ ലാൻഡർ, റോവർ എന്നിവയുടെ മാതൃകകളും അവയുടെ പ്രവർത്തനങ്ങളും വിശദീകരിക്കുന്നുണ്ട്. മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ഗഗൻയാൻ പദ്ധതിയെക്കുറിച്ചും അടുത്തറിയാം. വിദ്യാർഥികൾക്കായി വാട്ടർ റോക്കറ്റ് വിക്ഷേപണപ്രദർശനവും നടന്നു. കുട്ടികളിൽ ശാസ്ത്രബോധം വളർത്താൻ ഇത്തരം പ്രദർശനം സഹായിക്കുമെന്ന് ഡോ. യു.പി. രാജീവ് പറഞ്ഞു.


















