Will the Silent Generation Arise?:സംസാരിക്കാത്ത തലമുറ വരുമോ?

ഫോൺ സ്ക്രീനുകൾക്കും മെസേജിങ് ആപ്പുകൾക്കും മുന്നിൽ സമയം ചെലവഴിക്കുന്നത് വർധിച്ചതോടെ മനുഷ്യരുടെ സംസാരത്തിൽ വലിയ ഇടിവ് സംഭവിച്ചതായി പഠനം. മുൻ തലമുറകളെ അപേക്ഷിച്ച്
ഫോൺ സ്ക്രീനുകൾക്കും മെസേജിങ് ആപ്പുകൾക്കും മുന്നിൽ സമയം ചെലവഴിക്കുന്നത് വർധിച്ചതോടെ മനുഷ്യരുടെ സംസാരത്തിൽ വലിയ ഇടിവ് സംഭവിച്ചതായി പഠനം. മുൻ തലമുറകളെ അപേക്ഷിച്ച് 'ജെൻ സി' വിഭാഗത്തിൽപ്പെട്ടവരാണ് പ്രതിദിനം വാക്കുകൾ ഏറ്റവും കുറച്ച് സംസാരിക്കുന്നത്. 'പെർസ്പെക്റ്റീവ്സ് ഓൺ സൈക്കോളജിക്കൽ സയൻസ്' എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മിസൗറി-കാകൻസാസ് സിറ്റി സർവകലാശാലയിലെയും അരിസോണ സർവകലാശാലയിലെയും മനഃശാസ്ത്രജ്ഞരും ഭാഷാശാസ്ത്രജ്ഞരും ചേർന്ന് നടത്തിയ പഠനത്തിലാണ് ഇതുസംബന്ധിച്ച വിവരങ്ങളുള്ളത്. 2005 മുതൽ 2019 വരെയുള്ള 14 വർഷക്കാലയളവിൽ 2,000-ത്തിലധികം ആളുകളുടെ ദൈനംദിന സംഭാഷണങ്ങൾ വിശകലനം ചെയ്ത പഠനത്തിൽ ഓരോ വർഷവും ഒരു വ്യക്തി സംസാരിക്കുന്ന വാക്കുകളുടെ എണ്ണത്തിൽ ശരാശരി 338 വാക്കുകളുടെ കുറവുണ്ടാകുന്നുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 2005-ൽ ഒരു വ്യക്തി പ്രതിദിനം ശരാശരി 16,600 വാക്കുകൾ സംസാരിച്ചിരുന്ന സ്ഥാനത്ത്, 2019 ആയപ്പോഴേക്കും അത് 12,000-ത്തിൽ താഴെയായി കുറഞ്ഞു. അതായത് 28 ശതമാനത്തിന്റെ ഇടിവ്. എല്ലാ പ്രായക്കാരിലും സംസാരം കുറയുന്നുണ്ടെങ്കിലും 25 വയസ്സിന് താഴെയുള്ള, ജെൻസീ ചെറുപ്പക്കാരിലാണ് ഈ മാറ്റം ഏറ്റവും രൂക്ഷമായി പ്രകടമാകുന്നത്. 451 വാക്കുകളുടെ കുറവാണ് ഉള്ളതത്രേ. നേരിട്ടുള്ള സംഭാഷണങ്ങൾക്ക് പകരം ഡിജിറ്റൽ മാധ്യമങ്ങളെ അമിതമായി ആശ്രയിക്കുന്നതാണ് ഇതിന് പ്രധാന കാരണം. നേരിട്ട് സംസാരിക്കുന്നതിന് പകരം എല്ലാവരും വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം തുടങ്ങിയ ആപ്പുകളിലൂടെ പറയാനുള്ള കാര്യങ്ങൾ അയയ്ക്കുന്ന ശീലം വർധിച്ചു. കടകളിൽ പോയി സാധനങ്ങൾ വാങ്ങുമ്പോഴോ റെസ്റ്റോറന്റുകളിൽ ഭക്ഷണം ഓർഡർ ചെയ്യുമ്പോഴോ ഉള്ള ചെറിയ സംഭാഷണങ്ങൾ പോലും ക്യു.ആർ കോഡുകളും ഓൺലൈൻ ആപ്പുകളും വന്നതോടെ ഇല്ലാതായി. വർക്ക് ഫ്രം ഹോം പ്രചാരത്തിലായതോടെ നേരിട്ടുള്ള സഹപ്രവർത്തകബന്ധം കുറഞ്ഞതും വോയിസ് കോളുകൾക്ക് പകരം ചാറ്റുകളെ ആശ്രയിക്കുന്നതും പ്രതിദിനം ഉപയോഗിക്കുന്ന വാക്കുകളുടെ എണ്ണം കുറച്ചു. മനുഷ്യർ നൂറ്റാണ്ടുകളായി പരസ്പര ബന്ധങ്ങൾ സ്ഥാപിച്ചിരുന്നത് വാമൊഴി സംഭാഷണങ്ങളിലൂടെയാണ്. ശബ്ദത്തിലെ മാറ്റങ്ങൾ, ഭാവങ്ങൾ, പെട്ടെന്നുള്ള പ്രതികരണങ്ങൾ എന്നിവ ഡിജിറ്റൽ സന്ദേശങ്ങളിൽ ലഭിക്കില്ലെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ ഡോ. വലേറിയ ഫൈഫർ, പ്രൊഫ. മത്യാസ് മെഹ്ല് എന്നിവർ ചൂണ്ടിക്കാണിക്കുന്നു. സ്വഭാവികമായും ഇത് സാമൂഹിക ബന്ധങ്ങളെയും മാനസികാരോഗ്യത്തെയും ബാധിക്കും. ദൈനംദിന സംസാരം കുറയുന്നത് ഏകാന്തത വർധിക്കാനും, മാനസികാരോഗ്യ പ്രശ്നങ്ങൾക്കും, അപരിചിതരോടും പ്രിയപ്പെട്ടവരോടുമുള്ള സാമൂഹിക ബന്ധങ്ങൾ ദുർബലമാകാനും കാരണമാകുമെന്ന് പഠനം മുന്നറിയിപ്പ് നൽകുന്നു.





















