Badminton Championship Preparations: ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് ഡൽഹിയിൽ വിചിത്രമായ ഒരുക്കങ്ങൾ

ന്യൂഡൽഹി: രാജ്യത്തിന്റെ തലസ്ഥാനമായ ഡൽഹിയിൽ നടക്കുന്ന ബാഡ്മിന്റൺ ലോക ചാമ്പ്യൻഷിപ്പിന് മുന്നോടിയായി, സ്റ്റേഡിയത്തിലെ കുരങ്ങുകളുടെയും പ്രാവിന്റെയും ശല്യം ഒഴിവാക്കാ
ന്യൂഡൽഹി: രാജ്യത്തിന്റെ തലസ്ഥാനമായ ഡൽഹിയിൽ നടക്കുന്ന ബാഡ്മിന്റൺ ലോക ചാമ്പ്യൻഷിപ്പിന് മുന്നോടിയായി, സ്റ്റേഡിയത്തിലെ കുരങ്ങുകളുടെയും പ്രാവിന്റെയും ശല്യം ഒഴിവാക്കാൻ സംഘാടകർ വിചിത്രമായ നടപടികൾ സ്വീകരിക്കുന്നു. ബാഡ്മിന്റൺ അസോസിയേഷൻ ഓഫ് ഇന്ത്യ, കുരങ്ങൻമാരെ ഓടിക്കാൻ വിദഗ്ധരെ നിയമിക്കാൻ ഒരുങ്ങുകയാണ്. ഈ തീരുമാനം മുൻ ലോക ചാമ്പ്യനും ഒളിമ്പിക് മെഡൽ ജേതാവുമായ പി.വി സിന്ധുവിന്റെ പിന്തുണയും നേടി. ഇന്ദിരാഗാന്ധി ഇൻഡോർ സ്റ്റേഡിയം പരിസരത്തെ കുരങ്ങുകളെ തുരത്താൻ വിദഗ്ധരെ നിയമിക്കാനുള്ള നീക്കം സോഷ്യൽ മീഡിയയിൽ പരിഹാസത്തിന് ഇടയാക്കിയെങ്കിലും, ടൂർണമെന്റ് തടസമില്ലാതെ നടത്താനുള്ള സംഘാടകരുടെ ശ്രമത്തെ സിന്ധു പ്രശംസിച്ചു. ഓഗസ്റ്റ് 17 മുതൽ 23 വരെ നടക്കുന്ന ഈ ടൂർണമെന്റ്, 17 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയിൽ നടക്കുകയാണ്. 'ഈ പരിഹാരമാർഗത്തെ നിങ്ങൾക്ക് പരിഹസിക്കാം, പക്ഷേ ഇതിന് പിന്നിലെ കഠിനാധ്വാനത്തെ കാണാതിരിക്കരുത്. ലോകത്തെ സ്വാഗതം ചെയ്യാൻ ഇന്ത്യ തയ്യാറാണെന്ന് ഉറപ്പാക്കാൻ നിരവധി പേർ അണിയറയിൽ പ്രവർത്തിക്കുന്നു,' എന്ന് സിന്ധു തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു. ബാഡ്മിന്റൺ ലോകത്തെ ഡൽഹിയിലേക്ക് സ്വാഗതം ചെയ്യാൻ താൻ കാത്തിരിക്കുകയാണെന്നും താരം കൂട്ടിച്ചേർത്തു.
ഈ വർഷം ജനുവരിയിൽ നടന്ന ഇന്ത്യ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിനിടെ, കുരങ്ങുകൾ കളിക്കാർക്കായി നിശ്ചയിച്ചിരുന്ന പരിശീലന സ്ഥലങ്ങളിൽ അതിക്രമിച്ചു കയറിയ സംഭവത്തെ തുടർന്ന്, ബാഡ്മിന്റൺ അസോസിയേഷൻ മുൻകരുതൽ എടുക്കുകയാണ്. ഇതിനായി, ലംഗൂർ കുരങ്ങുകളുടെ ശബ്ദം അനുകരിക്കാൻ കഴിവുള്ള മൂന്ന് വിദഗ്ധരെ നിയമിച്ചിരിക്കുകയാണ്. സാധാരണയായി, റീസസ് കുരങ്ങുകൾ, ലംഗൂർ കുരങ്ങുകളെ ഭയപ്പെടുന്നതിനാൽ, അത്തരം ശബ്ദങ്ങൾ കേൾക്കുമ്പോൾ അവ പ്രദേശം വിട്ടുപോകും എന്നതാണ് ഇതിന് പിന്നിലെ തന്ത്രം. ഡൽഹിയിലെ പ്രധാന ഔദ്യോഗിക കേന്ദ്രങ്ങളിലും സർക്കാർ ഓഫീസുകളിലും കുരങ്ങുകളെ അകറ്റാൻ വർഷങ്ങളായി ലംഗൂറുകളെ ഉപയോഗിക്കാറുണ്ട്. മുൻപ് നടന്ന ഇന്ത്യ ഓപ്പൺ ടൂർണമെന്റിൽ ഉണ്ടായ പാളിച്ചകൾ ആവർത്തിക്കാതിരിക്കാൻ, സ്റ്റേഡിയത്തിൽ വിപുലമായ നവീകരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്. ജനുവരിയിൽ നടന്ന ഇന്ത്യ ഓപ്പണിനിടെ പ്രാവിറങ്ങി കളി തടസപ്പെട്ടത് വലിയ വാർത്തയായിരുന്നു. മത്സരത്തിനിടെ പക്ഷികൾ കോർട്ടിൽ കാഷ്ഠിച്ചതിനെ തുടർന്നും കളി തടസപ്പെട്ടിരുന്നു. ഇത് ഒഴിവാക്കാൻ, ഈ തവണ അമേരിക്കയിൽ നിന്നുള്ള അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.


















