Messi Scam: കായികമന്ത്രിക്ക് ഇമെയിൽ; കൂടുതൽ അന്വേഷണം വേണമെന്ന് മന്ത്രി ജനീഷ്

കൊച്ചി: ലോക പ്രശസ്ത ഫുട്ബോൾ താരമായ ലയണൽ മെസ്സിയെ കേരളത്തിൽ എത്തിക്കാനുള്ള മുൻ എൽ.ഡി.എഫ്. സർക്കാരിന്റെയും ആന്റോ അഗസ്റ്റിന്റെയും വാഗ്ദാനങ്ങൾക്കു പിന്നിൽ നടന്ന സാ
കൊച്ചി: ലോക പ്രശസ്ത ഫുട്ബോൾ താരമായ ലയണൽ മെസ്സിയെ കേരളത്തിൽ എത്തിക്കാനുള്ള മുൻ എൽ.ഡി.എഫ്. സർക്കാരിന്റെയും ആന്റോ അഗസ്റ്റിന്റെയും വാഗ്ദാനങ്ങൾക്കു പിന്നിൽ നടന്ന സാമ്പത്തിക ഇടപാടുകളെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തണമെന്ന് കായികമന്ത്രി ഒ.ജെ. ജനീഷ് ആവശ്യപ്പെട്ടു. മെസ്സിയെ കേരളത്തിലേക്ക് കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ സർക്കാരും സ്പോൺസറും ചേർന്ന് തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി അദ്ദേഹം പ്രതികരിക്കുകയായിരുന്നു. ഈ വിഷയത്തിൽ കായിക വകുപ്പ് തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ട് രഹസ്യമായി തയ്യാറാക്കിയതാണെന്നും, കൂടുതൽ സർക്കാർ തലത്തിൽ വിശദമായ ചർച്ചകൾ നടത്തിയ ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ നൽകാൻ കഴിയൂ എന്നും മന്ത്രി വ്യക്തമാക്കി. ചില വിഷയങ്ങളിൽ കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെയും സംസ്ഥാനത്തെയും നിലവിലെ നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസരിച്ച് മാത്രമേ ഏതൊരു പ്രമുഖ താരത്തിനും ഇവിടെ കളിക്കാനാകൂ. മുൻ സർക്കാരിന്റെ നടപടികൾ കൃത്യമായി നിയമങ്ങൾ പാലിച്ചിട്ടുണ്ടോ എന്നത് പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കായികമന്ത്രിക്ക് ലഭിച്ച ഒരു ഇമെയിൽ വഴി മെസ്സി വരുന്നതിന്റെ ചർച്ചകൾ ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു. എന്നാൽ, ഇത്തരത്തിൽ ഒരു സർക്കാർ നടപടിക്രമങ്ങൾ ആരംഭിക്കേണ്ടിയിരുന്നുവോ എന്നതിൽ സംശയങ്ങളുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മെസ്സിയെ കേരളത്തിലേക്ക് കൊണ്ടുവരുന്നതിന് പുറമെ, കേരളത്തിൽ നിന്ന് പുതിയ മെസ്സിമാരെ കണ്ടെത്തുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം എന്നും അദ്ദേഹം വ്യക്തമാക്കി. മെസ്സിയെ കൊണ്ടുവരാനുള്ള പേരിൽ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കോടികളുടെ തട്ടിപ്പ് നടന്നതായി സർക്കാർ കണ്ടെത്തിയിട്ടുണ്ട്. അർജന്റീന ഫുട്ബോൾ അസോസിയേഷനു (എ.എഫ്.എ.) 126 കോടി രൂപ നൽകിയതായി സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി അവകാശപ്പെട്ടിരുന്നു. എന്നാൽ, പണമടച്ചതിന്റെ രേഖയോ, ടീം കൈപ്പറ്റിയതിന്റെ രേഖയോ ഒന്നും ഇല്ല. വിദേശനാണ്യ വിനിമയ നിയമലംഘനം, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയവയിൽ വിജിലൻസ്, കേന്ദ്ര അന്വേഷണ ഏജൻസികളെ ഉൾപ്പെടുത്തി അന്വേഷണം നടത്തണമെന്ന് കായികവകുപ്പിന് സ്പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്ത് ശുപാർശ ചെയ്ത റിപ്പോർട്ടാണ്. ഈ റിപ്പോർട്ട് തുടർനടപടിക്കായി മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്.



















