Damaged Retaining Wall on Hill Highway:മലയോര ഹൈവേയിൽ വെമ്പുഴയുടെ സംരക്ഷണഭിത്തി തകർന്നു

ഇരിട്ടി: മലയോര ഹൈവേയിൽ വെമ്പുഴയുടെ സംരക്ഷണഭിത്തി ഭാഗികമായി തകർന്നത് വലിയ അപകടഭീഷണിയാകുന്നു. 83.17 കോടി രൂപ ചെലവിൽ നവീകരിക്കുന്ന മലയോര ഹൈവേയിൽ വള്ളിത്തോട്-മണത്തണ
ഇരിട്ടി: മലയോര ഹൈവേയിൽ വെമ്പുഴയുടെ സംരക്ഷണഭിത്തി ഭാഗികമായി തകർന്നത് വലിയ അപകടഭീഷണിയാകുന്നു. 83.17 കോടി രൂപ ചെലവിൽ നവീകരിക്കുന്ന മലയോര ഹൈവേയിൽ വള്ളിത്തോട്-മണത്തണ റീച്ചിലെ എടൂർ സെമിത്തേരിക്കുന്ന് ഭാഗത്ത് വെമ്പുഴ തീരത്ത് നിർമിച്ച സംരക്ഷണഭിത്തിയാണ് വീണ്ടും തകർന്നത്. മുമ്പത്തെ തകർച്ചയുടെ തൊട്ടുതാഴെയുള്ള ഭാഗമാണ് ഇത്. നിർമ്മാണത്തിലെ വീഴ്ചകളുടെ തുടർച്ചയാണ് തകർച്ചയ്ക്ക് കാരണമെന്ന ആരോപണം ശക്തമാണ്. കഴിഞ്ഞ മഴക്കാലത്ത് സംരക്ഷണഭിത്തിയുടെ ഒരു ഭാഗം അടിത്തറയുൾപ്പെടെ തകർന്നിരുന്നു. അവശേഷിച്ച ഭാഗം പൊളിച്ച് അടിത്തറ ശക്തിപ്പെടുത്തി പൂർണമായും പുനർനിർമിക്കണമെന്നാണ് സാങ്കേതിക വിദഗ്ധരുടെ നിർദേശം. എന്നാൽ, ആ നിർദേശം പാലിക്കാതെ ഇടിഞ്ഞ ഭാഗം അതേപടി നിലനിർത്തി മുകളിലേക്ക് വീണ്ടും ഭിത്തി ഉയർത്തി. ഇടിഞ്ഞ ഭാഗത്ത് കരിങ്കല്ലുകൾ കുത്തിക്കയറ്റി കോൺക്രീറ്റ് ചെയ്ത് മറയ്ക്കുകയുമായിരുന്നു. ഇത് ശാസ്ത്രീയമല്ലെന്നും ഭിത്തി വീണ്ടും തകരാൻ സാധ്യതയുണ്ടെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടിയിരുന്നു. നിർമാണത്തിലെ അപാകം പരിഹരിക്കുന്നതിന് ആറളം പഞ്ചായത്ത് നേതൃത്വം നൽകുന്ന യോഗം Kerala Road Fund Board (K.R.F.B.) ഉദ്യോഗസ്ഥരും കരാർ കമ്പനി പ്രതിനിധികളും ചേർന്നിരുന്നു. പ്രാഥമിക പരിശോധനയിൽ സംരക്ഷണഭിത്തിയുടെ നിർമാണത്തിൽ വീഴ്ചയുണ്ടെന്ന് മനസ്സിലായതായും പരിശോധിച്ച് ആവശ്യമായ പരിഹാരനടപടികൾ സ്വീകരിക്കുമെന്നും യോഗത്തിൽ K.R.F.B. അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ വ്യക്തമാക്കിയിരുന്നു.
തകർന്ന ഭാഗം പൊളിച്ച് ശാസ്ത്രീയമായി പുനർനിർമിക്കാത്തതിന്റെ ഫലമായാണ് ഇപ്പോൾ സംരക്ഷണഭിത്തി വീണ്ടും ഇടിഞ്ഞതെന്ന് നാട്ടുകാർ പറഞ്ഞു. ശക്തമായ മഴയും മലവെള്ളപ്പാച്ചിലും ഉണ്ടായാൽ, ഇടിച്ചിൽ രൂക്ഷമാകാൻ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ, കരിക്കോട്ടക്കരി-എടൂർ റൂട്ടിലെ മലയോര ഹൈവേയുടെ ഗതാഗതം പൂർണമായും തടസ്സപ്പെടും. വൻ ദുരന്തങ്ങൾക്കും ഇടയാകും. നിലവിലുള്ള സംരക്ഷണഭിത്തിയുടെ മുഴുവൻ ഘടനയും അടിത്തറയും പരിശോധിച്ച് സുരക്ഷ ഉറപ്പാക്കണം. താത്കാലിക അറ്റകുറ്റപ്പണികൾക്കു പകരം, തകർന്ന ഭാഗം ഉൾപ്പെടെ മുഴുവൻ സംരക്ഷണഭിത്തിയും ശാസ്ത്രീയ മാനദണ്ഡങ്ങൾ പാലിച്ച് പൊളിച്ച് പുനർനിർമിക്കാനുള്ള നടപടികൾ ഉടൻ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. പൊതുജനങ്ങളുടെ ജീവനും മലയോര ഹൈവേയുടെ സുരക്ഷയും മുൻനിർത്തി അടിയന്തര ഇടപെടൽ ഉണ്ടാകണം. പഞ്ചായത്ത് മുൻകൈയെടുത്ത് യോഗം വിളിച്ച് ശാസ്ത്രീയമായി പോരായ്മകൾ പരിഹരിക്കണമെന്ന് കരാറുകാരനോട് നിർദേശിച്ചിരുന്നു. എന്നിട്ടും കണ്ണിൽപ്പൊടിയിടാൻ നടത്തിയ ശ്രമമാണ് ഇപ്പോഴത്തെ തകർച്ചയ്ക്ക് കാരണം. ഹൈവേ നവീകരണത്തിലെ അപാകം നേരത്തേതന്നെ പലതവണ ചൂണ്ടിക്കാണിച്ചിട്ടും പരിഹരിക്കാൻ നടപടിയുണ്ടായില്ല. ജനങ്ങളുടെ ആശങ്ക പരിഹരിക്കണം.

















