Erosion Threatens Water Supply: കുടിവെള്ളപദ്ധതിയും വീടുകളും തകർച്ചാഭീഷണിയിൽ

കാരശ്ശേരി പഞ്ചായത്തിലെ ചെറുപുഴയുടെ ആലുള്ളകണ്ടി കടവ് പ്രദേശത്ത് വ്യാപകമായി തീരം ഇടിയുന്നു. ഇത് കൂടുതൽ നാശനഷ്ടങ്ങൾക്കും വീടുകൾക്കും സമീപത്തെ കുടിവെള്ളപദ്ധതിക്കുമട
കാരശ്ശേരി പഞ്ചായത്തിലെ ചെറുപുഴയുടെ ആലുള്ളകണ്ടി കടവ് പ്രദേശത്ത് വ്യാപകമായി തീരം ഇടിയുന്നു. ഇത് കൂടുതൽ നാശനഷ്ടങ്ങൾക്കും വീടുകൾക്കും സമീപത്തെ കുടിവെള്ളപദ്ധതിക്കുമടക്കം ഭീഷണിയുയർത്തുന്നതായും നാട്ടുകാർ പറയുന്നു. പരിഹാരനടപടികൾക്ക് പ്രദേശവാസികൾ വർഷങ്ങളായി ഉന്നയിക്കുന്ന പരാതികൾക്ക് നടപടികളുണ്ടാവുന്നില്ല. കടവിലുള്ള ജലനിധിയുടെ കുടിവെള്ളപദ്ധതിയുടെ കിണറും പമ്പ്ഹൗസിനും അരികെയുണ്ടായിരുന്ന മുളങ്കൂട്ടവും മൺതിട്ടയും വെള്ളിയാഴ്ച രാത്രി ഇടിഞ്ഞ് പുഴയിൽ പതിച്ചു. കിണറും പമ്പ്ഹൗസും തകർച്ചാഭീഷണിയിലായി. മുളങ്കൂട്ടം പുഴയുടെ മധ്യത്തിൽ വീണതോടെ പുഴയ്ക്ക് കുറുകെ ചിറകെട്ടിയതുപോലെ വെള്ളത്തിന്റെ ഒഴുക്ക് കൂടുതൽ തടസ്സപ്പെട്ടു. മഴയുടെ തുടക്കത്തിൽ ഇതിനു തൊട്ടടുത്ത തീരവും അവിടെയുണ്ടായിരുന്ന മരവും പുഴയിൽവീണിരുന്നു. ഈ മരവും അതിന്റെ ചില്ലകളും പുഴയിൽ ഒഴുക്കിന് തടസ്സമായി കിടക്കുമ്പോഴാണ് തൊട്ടടുത്ത മുളങ്കൂട്ടവുംകൂടി വീണത്. പുഴയ്ക്ക് കൊടുംവളവുള്ള ഇവിടെ ഒരുവശം മണ്ണ് ഇടിഞ്ഞുനിരന്നും കല്ലും മണ്ണും ചെളിയും വന്നടിഞ്ഞും കരഭൂമിയായ നിലയിലാണ്. അതുകൊണ്ട് ഇവിടെ പുഴയുടെ വീതി പകുതിയിലേറെ കുറവായിട്ടുണ്ട്. മണ്ണും കല്ലും അടിഞ്ഞുകൂടി പുഴയുടെ ആഴവും കുറഞ്ഞുപോയി. പുഴയുടെ വീതിയും ആഴവും കുറഞ്ഞതും മരങ്ങൾവീണ് തടസ്സമുണ്ടായതും കാരണം മറുതീരത്തിന് വെള്ളത്തിന്റെ കുത്തൊഴുക്കും ആഘാതവും വലിയതോതിൽ ബാധിക്കുകയാണ്. പുഴയിൽ വീണുകിടക്കുന്ന മരവും മുളങ്കൂട്ടവും ഉടൻ നീക്കംചെയ്തില്ലെങ്കിൽ തീരം ഇനിയും ഇടിയാൻ സാധ്യതയുണ്ടെന്നും ഇവിടെയുള്ളവർ ചൂണ്ടിക്കാണിക്കുന്നു.
തീരസംരക്ഷണത്തിനു നട്ട മുളകൾ മറിഞ്ഞ് തീരവും ഇടിയുന്നു. പുഴയോരങ്ങളെ മണ്ണിടിച്ചിലിൽനിന്ന് സംരക്ഷിക്കാൻ മുളകൾ നടുന്നത് പരീക്ഷിക്കുന്നുണ്ടെങ്കിലും ആ മുളകൾ എണ്ണം പെരുകി വളർന്നുകഴിയുമ്പോൾ ഒന്നായി മറിഞ്ഞുവീഴുകയും ഒപ്പം തീരവും കൂടുതൽ ഇടിയുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. ആലുള്ളകണ്ടിയിൽ തീരസംരക്ഷണത്തിന് നട്ടുവളർത്തിയ മുളങ്കൂട്ടമാണ് ഇപ്പോൾ മറിഞ്ഞ് പുഴയിൽ പതിച്ചത്. ഈ പുഴയുടെ മുക്കം കടവിനടുത്ത് നട്ട മുളങ്കൂട്ടങ്ങളും ഇതുപോലെ ഇടിഞ്ഞ് പുഴയിൽവീണ് നശിച്ചിരുന്നു. ചെറുപുഴയുടെ ആലുള്ളകണ്ടി കടവ് കുമാരനല്ലൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ ഭാഗമായ വിവിധ ചടങ്ങുകൾക്കും വാവുബലിതർപ്പണത്തിനും ആശ്രയിക്കുന്നതാണ്. പ്രദേശത്തെ ഒട്ടേറെ കുടുംബങ്ങൾ അലക്കാനും കുളിക്കാനും ഉപയോഗിക്കുന്നതുമാണ്. നിലവിൽ കടവിലേക്ക് സുരക്ഷിതമായി ഇറങ്ങാൻകഴിയാത്ത അവസ്ഥയാണ്. കുത്തനെ ഇറക്കമായ കടവിൽ പല വലുപ്പത്തിലും വീതിയിലും ഉയരത്തിലുമൊക്കെയുള്ള സ്റ്റെപ്പുകളാണ് ഉണ്ടാക്കിയിട്ടുള്ളത്. പല സ്റ്റെപ്പുകളും താഴേക്ക് ചരിഞ്ഞാണ് കിടക്കുന്നതും. ഇതിലൂടെ ഇറങ്ങാനും കയറാനും പറ്റാത്ത വിധത്തിലും വഴുതിവീണ് അപകടസാധ്യതയുള്ളതുമാണ്. ഇത് നവീകരിച്ച് സൗകര്യപ്രദമായി കയറാനും ഇറങ്ങാനും കഴിയുന്ന രീതിയിൽ സ്റ്റെപ്പുകൾ പുനർനിർമിക്കണം. സുരക്ഷയ്ക്ക് വശങ്ങളിൽ കൈവരി സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. സമീപത്തെ ഓടകൾ വഴി വരുന്ന മലിനജലം കുളിക്കടവിലേക്ക് തുറന്നുവിടുന്നത് ഒഴിവാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.


















