Temporary Closure of Fresh-Kutt Plant:ഫ്രഷ്കട്ട് പ്ലാന്റ് താത്കാലികമായി അടച്ചിടാൻ ധാരണ

താമരശ്ശേരി: കട്ടിപ്പാറ അമ്പായത്തോട്ടിലെ ‘ഫ്രഷ്കട്ട് ഓർഗാനിക് പ്രൊഡക്ട്സ് പ്രൈവറ്റ് ലിമിറ്റഡ്’ എന്ന കോഴിയറവുമാലിന്യ സംസ്കരണപ്ലാന്റ് താത്കാലികമായി അടച്ചിടാൻ ധാരണ
താമരശ്ശേരി: കട്ടിപ്പാറ അമ്പായത്തോട്ടിലെ ‘ഫ്രഷ്കട്ട് ഓർഗാനിക് പ്രൊഡക്ട്സ് പ്രൈവറ്റ് ലിമിറ്റഡ്’ എന്ന കോഴിയറവുമാലിന്യ സംസ്കരണപ്ലാന്റ് താത്കാലികമായി അടച്ചിടാൻ ധാരണയായി. സംസ്ഥാന മലിനീകരണനിയന്ത്രണ ബോർഡിന്റെ പൂട്ടൽ ഉത്തരവ് സ്റ്റേചെയ്തുകൊണ്ടുള്ള ഹൈക്കോടതിവിധിയിൽ അന്തിമതീർപ്പുണ്ടാവുന്നതുവരെ പ്ലാന്റിൽ മാലിന്യസംസ്കരണം നിർത്തിവെക്കാൻ താമരശ്ശേരി പി.ഡബ്ല്യു.ഡി. റസ്റ്റ്ഹൗസിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. പി.കെ. ഫിറോസ് എം.എൽ.എ.യുടെ നേതൃത്വത്തിൽ ജനകീയ സമരസമിതി വെള്ളിയാഴ്ച മുതൽ പ്ലാന്റ് പരിസരത്ത് ആരംഭിച്ച അനിശ്ചിതകാല ഉപരോധസമരം ശനിയാഴ്ച രാത്രി അവസാനിപ്പിച്ചു. ഹൈക്കോടതിയുടെ നിർദേശപ്രകാരം മലിനീകരണനിയന്ത്രണബോർഡ് അധികൃതരും കളക്ടർ നിയോഗിക്കുന്ന ഉദ്യോഗസ്ഥനും തിങ്കളാഴ്ച പ്ലാന്റിൽ പരിശോധന നടത്തും. 13-നാണ് കേസ് ഹൈക്കോടതി വീണ്ടും പരിഗണിക്കുന്നത്. പ്ലാന്റിലേക്ക് ഗുഡ്സ് വാഹനങ്ങൾ കടത്തിവിടില്ലെന്നും സർക്കാർ പിന്തുണയോടെ ജനവാസമേഖലയല്ലാത്ത മറ്റേതെങ്കിലും സ്ഥലത്തേക്ക് പ്ലാന്റ് മാറ്റിസ്ഥാപിക്കണമെന്നും ധാരണയായി. താമരശ്ശേരി പഞ്ചായത്ത് സെക്രട്ടറി പൂട്ടാൻ നോട്ടീസ് നൽകിയിട്ടും, പഞ്ചായത്ത് അതിർത്തിയിൽ പ്രവർത്തിച്ചുവരുന്ന ചിരട്ടക്കരി ഉത്പാദനയൂണിറ്റിൽനിന്നാണ് രാത്രികാലങ്ങളിൽ കടുത്ത ദുർഗന്ധം വമിക്കുന്നതെന്ന് ഫ്രഷ്കട്ട് അധികൃതർ യോഗത്തിൽ ആരോപിച്ചു. അക്കാര്യം അന്വേഷിക്കാനും യോഗം തീരുമാനിച്ചു.
ചർച്ചയിൽ മുൻമന്ത്രി ഡോ. എം.കെ. മുനീർ, എം.എൽ.എ.മാരായ പി.കെ. ഫിറോസ്, സി.കെ. കാസിം, എം.എ. റസാഖ്, താമരശ്ശേരി ഡിവൈ.എസ്.പി. കെ.എ. ബോസ്, കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡന്റ് പി. സജീന, ജനകീയ സമരസമിതി ഭാരവാഹികളായ കുടുക്കിൽ ബാബു, പുഷ്പൻ നന്ദൻസ്, കെ.കെ. മുജീബ്, തമ്പി പറകണ്ടത്തിൽ ഓമശ്ശേരി ഗ്രാമപ്പഞ്ചായത്തംഗം ടി.കെ. ജീലാനി, ഫ്രഷ്കട്ട് എം.ഡി. സുജീഷ് കൊളത്തൊടി, ചെയർമാൻ അഗസ്റ്റിൻ ലിബിൻ പയസ്, ജനറൽ മാനേജർ യൂജിൻ എന്നിവർ പങ്കെടുത്തു. ചർച്ചയുടെ വിശദാംശങ്ങൾ രാത്രിവൈകുവോളം പ്ലാന്റ് പരിസരത്തെ സമരപ്പന്തലിൽ തമ്പടിച്ചിരുന്ന സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന സമരസമിതി പ്രവർത്തകർ മുൻപാകെ പി.കെ. ഫിറോസ് എം.എൽ.എ.യും മറ്റ് ജനപ്രതിനിധികളും വിശദീകരിച്ചു. തുടർന്ന്, പാട്ടുപാടിയും നൃത്തംചെയ്തും മധുരപലഹാരങ്ങൾ വിതരണംചെയ്തും ആഹ്ലാദം പ്രകടിപ്പിച്ചശേഷം പ്രദേശവാസികൾ സമരം അവസാനിപ്പിച്ചു.


















