Heroic Rescue in Kerala:ജീവന്റെ കാവലാളായി ആരുഷ്

നീറിക്കാട് : ആർത്തലച്ചുവരുന്ന വെള്ളത്തിന്റെ ശബ്ദത്തിനുമീതെ ഉയർന്ന ‘രക്ഷിക്കണേ’ എന്ന നിലവിളികേട്ടപ്പോൾ ആരുഷ് മറ്റൊന്നും ആലോചിച്ചില്ല. ബോട്ടുമായി അങ്ങോട്ടുകുതിച്ച
നീറിക്കാട് : ആർത്തലച്ചുവരുന്ന വെള്ളത്തിന്റെ ശബ്ദത്തിനുമീതെ ഉയർന്ന ‘രക്ഷിക്കണേ’ എന്ന നിലവിളികേട്ടപ്പോൾ ആരുഷ് മറ്റൊന്നും ആലോചിച്ചില്ല. ബോട്ടുമായി അങ്ങോട്ടുകുതിച്ചു. ചുഴിയിൽപ്പെട്ട് വഞ്ചിയിലും മുളയിലും പിടിച്ചുനിൽക്കുന്ന രണ്ടുപേർ. അവരെ എങ്ങനെയെങ്കിലും കരയിലെത്തിക്കണമെന്ന ചിന്ത മാത്രമായിരുന്നു ആരുഷിന്റെ മനസ്സിൽ. അത് സഫലമാക്കി. തണലോരം കീരാട്ടുകാലായിൽ കെ.ഡി. രാജേഷിനും സഹോദരിയുടെ മകൾക്കുമാണ് ആരുഷ് രക്ഷകനായത്. കോരിച്ചൊരിയുന്ന മഴയിലും ആ നിമിഷം ഓർക്കുമ്പോൾ കുമാരനല്ലൂർ ദേവീവിലാസം ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിയും തണലോരം സ്വദേശിയുമായ ആരുഷ് എസ്.നായർക്ക് അഭിമാനം; ഒപ്പം സന്തോഷവും. നീറിക്കാട് തണലോരം ഭാഗത്ത് ഞായറാഴ്ച രാവിലെ 11-ന് മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയർന്നിരുന്ന സമയത്താണ് സംഭവം. തണലോരം കീരാട്ടുകാലായിൽ രാജേഷും സഹോദരിയുടെ മകളും സഞ്ചരിച്ച വഞ്ചി വീടിനുസമീപത്തുനിന്നും ഏകദേശം 300 മീറ്റർ അകലെ ശക്തമായ ഒഴുക്കിൽ ചുഴിയിൽപെട്ടുമറിഞ്ഞു. ഒഴുക്കിൽപ്പെട്ട ഇവർ സമീപത്തുണ്ടായിരുന്ന ആറ്റുവഞ്ചിയിലും മുളയിലും പിടിച്ചുനിന്നു. രക്ഷയ്ക്കായുള്ള അവരുടെ നിലവിളികേട്ടാണ് ആരുഷ് മോട്ടോർ ബോട്ടുമായി പാഞ്ഞത്. കനത്തമഴയിൽ ബോട്ടുമായി മകൻ ഒറ്റയ്ക്കുപോയപ്പോൾ അമ്മ പ്രീതാകുമാരിയുടെ നിലവിളികേട്ട സുനിൽ പാപ്പയും അഗ്നിരക്ഷാസേനാംഗം സുരേഷ് മഠത്തിലും കൂട്ടായി ഒപ്പമെത്തി. ചുഴിയും നല്ല കുത്തൊഴുക്കും രക്ഷാപ്രവർത്തനത്തിന് തടസ്സമായി. അരമണിക്കൂറിന്റെ പ്രയത്നത്തിനൊടുവിൽ രണ്ടുപേരെയും ബോട്ടിലേക്കുകയറ്റി ആശ്വാസതീരത്തെത്തിച്ചു. ഒന്നരവർഷമായി തണലോരത്തിന്റെ ടൂറിസ്റ്റ് ബോട്ട് ഇടയ്ക്ക് ആരുഷ് ഓടിക്കാറുണ്ട്. എല്ലാക്കാര്യത്തിനും മുൻപിൻ നോക്കാതെ മുന്നിട്ടിറങ്ങുന്ന ആരുഷിനെപ്പറ്റി പറയാൻ കുമാരനല്ലൂർ ദേവീവിലാസം സ്കൂളിലെ ക്ലാസ് ടീച്ചർ മഞ്ജു അജീഷിന് നൂറു നാവ്. സ്കൂളിലെ കാഴ്ചപരിമിതിയുള്ള കാർത്തിക ടീച്ചറിന് ക്ലാസ് പ്രസന്റേഷൻ സഹായിയായും ശാസ്ത്രമേളയിലെ താരമായും തിളങ്ങുന്ന പ്രതിഭയാണ് ആരുഷ്. അച്ഛൻ: ലിനീഷ്, അമ്മ : പ്രീതാകുമാരി. ആരുഷിനെ എൻ.എസ്.എസ്. കരയോഗം അനുമോദിച്ചു.

















