Seven years since the Puthumala landslide:നോവുണങ്ങാതെ പുത്തുമല: ഉരുൾദുരന്തത്തിന് ഏഴാണ്ട്

പുത്തുമലയുടെ മണ്ണിൽ ഇന്ന് വീണ്ടും ഓർമകളുടെ മഴ പെയ്യുകയാണ്. ഒരു പകൽ മല പൊട്ടിയിറങ്ങി കവർന്നെടുത്തത് വീടുകളും സ്വപ്നങ്ങളും മാത്രമായിരുന്നില്ല. ഒരു നാടിന്റെ പ്രിയപ
പുത്തുമലയുടെ മണ്ണിൽ ഇന്ന് വീണ്ടും ഓർമകളുടെ മഴ പെയ്യുകയാണ്. ഒരു പകൽ മല പൊട്ടിയിറങ്ങി കവർന്നെടുത്തത് വീടുകളും സ്വപ്നങ്ങളും മാത്രമായിരുന്നില്ല. ഒരു നാടിന്റെ പ്രിയപ്പെട്ട മനുഷ്യരെക്കൂടിയായിരുന്നു. ശക്തമായ ഇടിമിന്നലും മഴയുടെ പേടിപ്പെടുത്തുന്ന ശബ്ദവും കേട്ടുകൊണ്ട് പുത്തുമലക്കാർ അന്നുണർന്നത്. പുത്തുമല പള്ളിക്കടുത്തെ ചായക്കടയിൽ അന്നളുകൾ നന്നേ കുറവ്. വന്നവരെല്ലാം മഴയുടെ സംഹാരതാണ്ഡവത്തെ കുറിച്ചുള്ള ചർച്ചയിൽ. എസ്റ്റേറ്റ് തൊഴികളികൾ ആശങ്കയോടെയാണ് അന്ന് ജോലിക്കെത്തിയത്. പണി മുടക്കിയാൽ കൂലി കുറയുമെന്നതിനാൽ മാത്രം പണിക്കെത്തിയ നിസ്സഹായർ.
മഴ കനത്തതോടെ, എസ്റ്റേറ്റ് തൊഴിലാളികൾ പണി നിർത്തി വീടുകളിലേക്ക് മടങ്ങി. പുതുമലയിലേക്കുള്ള പാതയിൽ പലയിടത്തും മണ്ണിടിഞ്ഞുവീണു. റോഡ് ഗതാഗതം തടസപ്പെട്ടു. വൈദ്യുതി ബന്ധം താറുമാറായി. കുടുംബങ്ങൾ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്ന നിർദേശം നൽകി, പലരും ചെവിക്കൊണ്ടില്ല. 3 മണിയോടെ മലമുകളിൽ നിന്ന് വലിയ ശബ്ദം പുത്തുമലക്കർ കേട്ടു. ഒന്നും ഓർക്കാൻ പോലുമവർക്ക് സമയം കിട്ടിയില്ല. ഭീമൻ കല്ലും മണ്ണും പാറകളും മരങ്ങളുമെല്ലാം മനുഷ്യശരീരങ്ങൾക്ക് മേൽ വന്നുപതിച്ചു. എസ്റ്റേറ്റ് തൊഴിലാളികളുടെ ലയങ്ങൾ ആദ്യം മണ്ണടിഞ്ഞു. 4.30ഓടെ എല്ലാം സംഭവിച്ച് കഴിഞ്ഞിരുന്നു. അന്നത്തെ മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് സഹതും സംഘവും തന്റെ നാടിന് സംഭവിച്ച ദുരന്തം കണ്മുന്നിൽ കണ്ടുപൊട്ടിക്കരഞ്ഞു. കൂടുതൽ സഹായം നാടിന് വേണമെന്ന് തിരിച്ചറിഞ്ഞു.

















