Tears for Karappuzha:കാരാപ്പുഴ ഇവർക്ക് കണ്ണീർപ്പുഴ

കാരാപ്പുഴ : പതിറ്റാണ്ടുകളായി വെയിലും മഴയും പെയ്ത് അഴുകി ജീർണിച്ച വീടുകൾ, വിണ്ടുകീറിയ ചുവരുകൾക്ക് പഴകിയിരുണ്ട പുകയുടെ നിറമാണ്. മേൽക്കൂര മേഞ്ഞ ഓടുകൾക്കിടയിലൂടെ ദു
കാരാപ്പുഴ : പതിറ്റാണ്ടുകളായി വെയിലും മഴയും പെയ്ത് അഴുകി ജീർണിച്ച വീടുകൾ, വിണ്ടുകീറിയ ചുവരുകൾക്ക് പഴകിയിരുണ്ട പുകയുടെ നിറമാണ്. മേൽക്കൂര മേഞ്ഞ ഓടുകൾക്കിടയിലൂടെ ദുരിതംചെയ്തിറങ്ങുന്ന മഴക്കാലം. കാരാപ്പുഴ പദ്ധതിപ്രദേശത്തെ മുരണിവയലിൽ അഞ്ചുപതിറ്റാണ്ടുകളായി പുനരധിവാസംകാത്ത് ജീവിക്കുന്ന ഒരുകൂട്ടം മനുഷ്യരുടെ ദുരവസ്ഥയാണിത്. ‘‘കണ്ണടയ്ക്കുന്നതിനുമുൻപ് അടച്ചൊറപ്പുള്ളൊരു വീട്ടിൽ അന്തിയുറങ്ങാൻ കഴിയുമോ’’ -ഇതുപറയുമ്പോൾ 74-കാരിയായ കമലയുടെ വാക്കുകളിടറി. ‘‘മറ്റൊരിടത്ത്, പുതിയൊരു വീട്ടിൽ സമാധാനമായി കിടന്നുറങ്ങാൻ ഭർത്താവ് കുഞ്ഞനും ഒത്തിരി ആഗ്രഹിച്ചതാണ്. പക്ഷേ, കാത്തിരുന്നുകാത്തിരുന്ന് സ്വപ്നം സാക്ഷാത്കരിക്കാൻ കഴിയാതെ അദ്ദേഹം മരിച്ചു. മക്കൾക്കും ഞങ്ങളുടെ ദുർഗതിയുണ്ടാകുമോയെന്ന് പേടിച്ചാണ് ഞാനിപ്പോൾ ജീവിക്കുന്നത്’’ -കമല ദുരവസ്ഥ വിവരിച്ചു. അഞ്ചുസെൻറ് ഭൂമിയും കൊച്ചുവീടുമാണ് കമലയ്ക്ക് സ്വന്തമായുള്ളത്. മകനും കുടുംബവും ഇവരോടൊപ്പമാണ് താമസം. കമല മാത്രമല്ല, സഹോദരിമാരായ ഓമന, നാരായണി, ഗോപാലകൃഷ്ണൻ, രാമചന്ദ്രൻ, അനിൽകുമാർ, ചെല്ലപ്പൻ, പി.കെ. കുഞ്ഞുട്ടി തുടങ്ങി 16-ഓളം കുടുംബങ്ങളാണ് മുരണിവയലിൽ പുനരധിവാസവും കാത്തുകഴിയുന്നത്. സുരക്ഷിതമായ ഒരിടത്ത് അടച്ചുറപ്പുള്ളൊരു വീട്ടിൽ കുട്ടികളുമായി മനഃസമാധാനത്തോടെ ജീവിക്കാൻ ആഗ്രഹിച്ച ഇവരുടെ ഒരു മുതിർന്നതലമുറയാണ് പതിറ്റാണ്ടുകൾ കാത്തിരുന്നുകാത്തിരുന്ന് കാലയവനികയ്ക്കുള്ളിൽ മറഞ്ഞത്. ഏകദേശം ഒന്നരമുതൽ രണ്ടേക്കർവരെയുള്ള സ്ഥലത്താണ് ഈ കുടുംബങ്ങൾ കഴിയുന്നത്. ഏതുനിമിഷവും വീടുകളെ വിഴുങ്ങാൻ നിൽക്കുന്ന കാടുകയറി, മരങ്ങൾ അള്ളിപ്പിടിച്ചുനിൽക്കുന്ന മൺതിണ്ടുകൾക്കരികിലാണ് വീടുകൾ സ്ഥിതിചെയ്യുന്നത്. 2019 മുതൽ മഴക്കാലമായാൽ ഈ കുടുംബങ്ങൾ മാറിത്താമസിക്കുകയാണ് പതിവ്. ജൂലായ് 11 മുതൽ മണ്ണിടിച്ചിൽ ഭയന്ന് കമലയുടെയും സഹോദരിമാരുടെയും കുടുംബങ്ങൾ കഴിയുന്നത് പുറ്റാട് ജി.യു.പി. സ്കൂളിലാണ്. പ്രദേശവാസികളുടെ കാരുണ്യത്തിലാണ് അവർ ഈ വിദ്യാലയത്തിൽ കഴിയുന്നത്. മൺപാത്രങ്ങൾ ഉണ്ടാക്കുന്ന കുംഭാരസമുദായക്കാരുടെ കേന്ദ്രമായിരുന്നു മുരണിവയൽ. ഈ വിഭാഗത്തിൽപ്പെട്ട 32-ഓളം കുടുംബങ്ങൾ ഇവിടെയുണ്ടായിരുന്നു. മേപ്പാടി, മൂപ്പൈനാട്, മുട്ടിൽ, അമ്പലവയൽ തുടങ്ങിയ പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളിൽ തലച്ചുമടായി കിലോമീറ്ററുകൾ നടന്നാണ് ഇവർ മൺപാത്രങ്ങൾ വിറ്റിരുന്നത്. മുരണിവയലിലും പരിസരപ്രദേശങ്ങളിലും മൺപാത്രങ്ങളുണ്ടാക്കാൻ കഴിയുന്ന കളിമണ്ണ് യഥേഷ്ടം ലഭിച്ചിരുന്നു. എന്നാൽ, താഴ്ന്നുകിടക്കുന്ന വയൽപ്രദേശങ്ങളിൽ വെള്ളംകയറിയതോടെ ഇവർക്ക് കുലത്തൊഴിൽ ചെയ്യാൻ മണ്ണുകിട്ടാതായി. വർഷങ്ങൾ കടന്നുപോയതോടെ ഇവരിൽ ബഹുഭൂരിപക്ഷവും മൺപാത്രനിർമാണം നിർത്തി. ഇപ്പോൾ ഒന്നോ രണ്ടോ കുടുംബങ്ങൾ മാത്രമാണ് ഈ രംഗത്തുള്ളത്. ദൂരെദിക്കുകളിൽനിന്ന് മണ്ണെത്തിച്ചാണ് അവർ പിടിച്ചുനിൽക്കുന്നത്. കമലയുടെ സഹോദരി ഓമന മൺപാത്രങ്ങൾ ഉണ്ടാക്കുന്നുണ്ടെങ്കിലും ഇടിഞ്ഞുപൊളിഞ്ഞ് നിലംപൊത്താറായ വീട്ടിൽ ഇവ സൂക്ഷിക്കാൻ ഇടമില്ല. റോഡരികിലെ ഒരു പ്ലാസ്റ്റിക് ഷെഡിലാണ് മൺകലങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. മുരണിവയൽ അമ്പലവയൽ പാതയോരത്താണ് ഓമനയുടെ കൊച്ചുവീട്. റോഡിന് മറുവശത്ത് കുത്തനെയുള്ള സ്ഥലത്ത് ഒരു സ്വകാര്യ റിസോർട്ട് പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞവർഷക്കാലത്ത് ഇവിടത്തെ സ്വിമ്മിങ് പൂളിന് വിള്ളലുണ്ടായതിനാൽ ഓമനയുടെ കുടുംബത്തെ റിസോർട്ടുടമതന്നെ സുരക്ഷിതമായ ഇടത്തേക്ക് മാറ്റിപ്പാർപ്പിച്ചിരുന്നു. ഇപ്പോഴും അപകടഭീഷണിയിലാണ് ഈ കുടുംബം കഴിയുന്നത്. പക്ഷേ, ചെറുതെങ്കിലും സ്വന്തം കിടപ്പാടത്തിന് നഷ്ടപരിഹാരം കിട്ടാതെ ഇവർ എങ്ങോട്ടുപോകും? ഇവർക്ക് ആര് ഭൂമിയും വീടും നൽകും.

















