Elephant Herd in Edappuzha: എടപ്പുഴയിൽ വീണ്ടും കാട്ടാനക്കൂട്ടം; വ്യാപക കൃഷിനാശം

ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ എടപ്പുഴ, വാളത്തോട് മേഖലകളിൽ കാട്ടാനകളുടെ കൃഷിനശിപ്പിക്കൽ തുടരുന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടം എടപ്പുഴ എം.
ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ എടപ്പുഴ, വാളത്തോട് മേഖലകളിൽ കാട്ടാനകളുടെ കൃഷിനശിപ്പിക്കൽ തുടരുന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടം എടപ്പുഴ എം.എസ്.എം.ഐ. കോൺവെന്റിലെ കൃഷിയിടത്തിലെ വാഴ, തെങ്ങ് തുടങ്ങിയ വിളകൾ നശിപ്പിച്ചു. എടപ്പുഴ സെയ്ന്റ് ജോസഫ് പള്ളിക്ക് സമീപവും കാട്ടാന തെങ്ങ് നശിപ്പിച്ചു. സമീപത്തെ കൃഷിയിടത്തിലെ കശുമാവ്, തെങ്ങ്, കവുങ്ങ്, വാഴ, റബ്ബർ തുടങ്ങിയ വിളകൾ ആനകൂട്ടം ചുവട് പിഴുതെടുത്ത് നശിപ്പിച്ചു. കളറുപാറ സിനോജ്, വട്ടുകുളം ബെന്നി, കളറുപാറ രാജു, പള്ളത്ത്കാലായിൽ ലിസി തുടങ്ങിയ നിരവധി പേരുടെ കൃഷിയും ആനക്കൂട്ടം നശിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ വാളത്തോട് മേഖലയിൽ കാട്ടാനക്കൂട്ടം വ്യാപകമായ നാശം വരുത്തിയിട്ടുണ്ട്. സിനോജിന്റെ കൃഷിയിടത്തിലെ 25 റബ്ബറും 15 കശുമാവും 100 മീറ്ററോളം കയ്യാലയും നശിപ്പിച്ചു. കശുമാവുകളുടെ ചുവട് കുത്തിയിളക്കിയിട്ടുണ്ട്. റബ്ബറിന്റെ തൊലി ഉൾപ്പെടെ പൊളിച്ചുതിന്നനിലയിലാണ്. എടപ്പുഴ കുരിശുമല മേഖലയിലെ വനത്തിലാണ് ആനകൾ തമ്പടിച്ചിരിക്കുന്നത്. വൈകിട്ടോടെ ആനകൾ കാട്ടിൽനിന്ന് കൃഷിയിടത്തിലേക്കിറങ്ങും. ഇരുട്ടുവീഴുന്നതോടെ ആനക്കൂട്ടം കൃഷി നശിപ്പിക്കാൻ തുടങ്ങും. നേരംപുലരുന്നതുവരെ ജനവാസ മേഖലയിലെ കൃഷിയിടങ്ങളിൽ ചുറ്റിത്തിരിയുന്ന ആനക്കൂട്ടം പിന്നീട് വനമേഖലയിലേക്ക് തിരികെപോകും. പ്രദേശത്തെ ജനങ്ങൾ കാട്ടാനകളുടെ ആക്രമണത്തെക്കുറിച്ച് ആശങ്കയോടെ കാണുന്നു.
മേഖലയിൽ പഞ്ചായത്ത്, വനംവകുപ്പ് എന്നിവ ചേർന്ന് നിർമിക്കുന്ന താത്കാലിക വേലി ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് മിനി വിശ്വനാഥൻ അറിയിച്ചു. ഒരുമാസം മുമ്പ് പ്രദേശവാസികൾ വേലി നിർമിക്കേണ്ട സ്ഥലത്തെ അടിക്കാട് വെട്ടി വൃത്തിയാക്കിയിരുന്നു. വേലിക്ക് ആവശ്യമായ കയർ ലഭിക്കാൻ വൈകിയത് നിർമാണം നീളുകയായിരുന്നു. എന്നാൽ, വനം വകുപ്പും നിർമാണ സാമഗ്രികൾ ലഭ്യമായതായി അറിയിച്ചിട്ടുണ്ട്. ഒരു ആഴ്ചക്കുള്ളിൽ നിർമാണം പൂർത്തിയാക്കാൻ കഴിയുമെന്നാണ് വനം വകുപ്പ് അറിയിച്ചത്. കഴിഞ്ഞദിവസം ജനവാസമേഖലയിൽ ഇറങ്ങിയ ആനകളെ വനംവകുപ്പ് കാട്ടിലേക്ക് തുരത്തിയെങ്കിലും, രാത്രിയോടെ ഇവ ജനവാസമേഖലയിലേക്ക് തിരികെ വരുകയാണ്.





















