Wildlife Threat Amid Rain: മഴയോടൊപ്പം കടുവാഭീഷണിയും; തീ തിന്ന് മലയോരജനത

കരുവാരക്കുണ്ട്: മഴക്കെടുതിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന മലയോര കാർഷിക മേഖല വീണ്ടും വന്യജീവി ഭീഷണിയിലായി. കൃഷിയിടങ്ങളിലും ജനവാസമേഖലയിലും കടുവയുടെ സാന്നിധ്യം
കരുവാരക്കുണ്ട്: മഴക്കെടുതിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന മലയോര കാർഷിക മേഖല വീണ്ടും വന്യജീവി ഭീഷണിയിലായി. കൃഷിയിടങ്ങളിലും ജനവാസമേഖലയിലും കടുവയുടെ സാന്നിധ്യം തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുന്നത് കർഷകരെയും തോട്ടം തൊഴിലാളികളെയും ആശങ്കയിലാഴ്ത്തുന്നു. കാർഷിക പ്രവർത്തനങ്ങൾ വീണ്ടും സജീവമാകുന്ന ഘട്ടത്തിലാണ് വന്യജീവി ഭീഷണി ശക്തമായിരിക്കുന്നത്. കടുവയുടെ സാന്നിധ്യം കണ്ടെത്താൻ വനം വകുപ്പ് വിവിധ ഭാഗങ്ങളിൽ ക്യാമറാ ട്രാപ്പുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്രതീക്ഷിച്ച ഫലം ലഭിച്ചിട്ടില്ല. ക്യാമറകൾ സ്ഥാപിച്ച സ്ഥലങ്ങൾ മനുഷ്യസാന്നിധ്യം തിരിച്ചറിഞ്ഞ് കടുവ ഒഴിവാക്കുന്നതായാണ് പ്രദേശവാസികളുടെയും കർഷകരുടെയും വിലയിരുത്തൽ. വനത്തിനുള്ളിൽ മാത്രമല്ല, കാട്ടിൽനിന്ന് അകന്ന ജനവാസമേഖലയിലൂടെയാണ് കടുവയും പുലിയും സഞ്ചരിക്കുന്നതെന്നാണ് സമീപകാല സംഭവങ്ങൾ വ്യക്തമാക്കുന്നത്. ഒരു വർഷം മുമ്പ് പ്രദേശത്ത് ഒരു കടുവയെയും ഒരു പുലിയെയും കെണിയിലാക്കി പിടികൂടിയിരുന്നു. അന്നുതന്നെ മറ്റൊരു കടുവയുടെ സാന്നിധ്യമുണ്ടെന്ന് മലയോര കർഷകരും തോട്ടം തൊഴിലാളികളും അറിയിച്ചിരുന്നെങ്കിലും അതനുസരിച്ചുള്ള സ്ഥിരം നിരീക്ഷണസംവിധാനമോ ഫലപ്രദമായ പ്രതിരോധനടപടികളോ ഉണ്ടായില്ലെന്നാണ് ആക്ഷേപം. ടാപ്പിങ് തൊഴിലാളിയെ കടുവ ആക്രമിച്ച് കൊന്നു തിന്ന സംഭവമുണ്ടാക്കിയ ഭീതി ഇപ്പോഴും തോട്ടം തൊഴിലാളികളുടെ മനസ്സിൽനിന്ന് മാറിയിട്ടില്ല. ഒറ്റയ്ക്ക് ജോലിക്കിറങ്ങാൻ പലരും മടിക്കുകയാണ്. ഇതോടെ റബ്ബർ ടാപ്പിങ് ഉൾപ്പെടെയുള്ള കാർഷിക പ്രവർത്തനങ്ങൾ വീണ്ടും പ്രതിസന്ധിയിലാകുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. കേരള എസ്റ്റേറ്റിൽ വ്യാഴാഴ്ച രാത്രി കടുവ കാട്ടുപന്നിയെ വേട്ടയാടി ഭക്ഷിച്ച സ്ഥലവും വനമേഖലയല്ല, ജനവാസമേഖലയാണ്. മലയോര ഹൈവേയിൽനിന്നും കേരള പഴയ കടക്കൽ സ്കൂളിൽനിന്നും വ്യക്തമായി കാണാവുന്ന ദൂരത്താണ് സംഭവം നടന്നത്. ഇത്രയും ജനസാന്നിധ്യമുള്ള ഭാഗത്തേക്ക് കടുവ എത്തിയത് പ്രദേശവാസികളുടെ ആശങ്ക വർധിപ്പിക്കുകയാണ്. പ്രദേശത്ത് സ്ഥാപിച്ച നിരീക്ഷണ ക്യാമറകളിലും കടുവയുടെ ദൃശ്യങ്ങൾ ലഭിക്കാത്ത സാഹചര്യമാണ്. വേട്ടയാടിയ ഇര ഭക്ഷിക്കാൻ കടുവ വീണ്ടും എത്താൻ സാധ്യതയുണ്ടെങ്കിലും മനുഷ്യരുടെ സാന്നിധ്യം തിരിച്ചറിഞ്ഞാൽ അത് ഒഴിവാക്കാനും സാധ്യതയുണ്ടെന്നാണ് വന്യജീവിവിദഗ്ധരുടെ വിലയിരുത്തൽ. മഴ മൂലം കൃഷിയിടങ്ങൾ നാശനഷ്ടം നേരിട്ട സാഹചര്യത്തിൽ വന്യജീവിഭീഷണി കൂടി രൂക്ഷമായതോടെ മലയോര കാർഷിക മേഖല ഇരട്ട പ്രതിസന്ധിയിലാണ്. വന്യജീവികളുടെ സഞ്ചാരം ഫലപ്രദമായി നിരീക്ഷിക്കാനും കർഷകരുടെയും തോട്ടം തൊഴിലാളികളുടെയും സുരക്ഷ ഉറപ്പാക്കാനും കൂടുതൽ ശാസ്ത്രീയവും സ്ഥിരവുമായ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നാണ് മലയോര മേഖലയിൽ ആവശ്യം.





















