Sopanam Music Journey: 'സോപാനം വാദ്യകലാസംഘം' സംഗീതാർച്ചന യാത്രയുമായി കേരളത്തിൽ

മനാമ: പ്രവാസലോകത്തെ പ്രശസ്തമായ വാദ്യകലാ കൂട്ടായ്മയായ ബഹ്റൈൻ 'സോപാനം വാദ്യകലാസംഘം' സംഘടിപ്പിക്കുന്ന രണ്ടാമത് സോപാന സംഗീത പരിക്രമം ആഗസ്ത് എട്ടിന് കൊല്ലൂരിൽ ആരംഭി
മനാമ: പ്രവാസലോകത്തെ പ്രശസ്തമായ വാദ്യകലാ കൂട്ടായ്മയായ ബഹ്റൈൻ 'സോപാനം വാദ്യകലാസംഘം' സംഘടിപ്പിക്കുന്ന രണ്ടാമത് സോപാന സംഗീത പരിക്രമം ആഗസ്ത് എട്ടിന് കൊല്ലൂരിൽ ആരംഭിച്ചു. ഒരു ആഴ്ച നീണ്ടുനിന്ന ഈ യാത്ര കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിൽനിന്ന് ആരംഭിച്ച് കേരളത്തിലെ കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം, ആലപ്പുഴ തുടങ്ങിയ ജില്ലകളിലെ 24 ക്ഷേത്രങ്ങളിൽ സോപാനസംഗീതം അവതരിപ്പിച്ച് ആഗസ്ത് 14-ന് അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ സമാപിക്കും.
കേരളത്തിന്റെ തനത് സംഗീതമായ സോപാന സംഗീതത്തിന്റെ പഠനവും പ്രചാരണവുമാണ് ഈ യാത്രയുടെ പ്രധാന ലക്ഷ്യം. സോപാനം ഗുരു മേളകലാരത്നം സന്തോഷ് കൈലാസിന്റെ ശിക്ഷണത്തിൽ സോപാനസംഗീതവും വാദ്യകലകളും അഭ്യസിച്ച 30 അംഗ ഗായക സംഘം, സ്ത്രീകളും കുട്ടികളും പുരുഷന്മാരും ഉൾപ്പെടുന്നു, ബഹ്റൈനിലെ പ്രവാസികളായവരാണ്. സോപാനസംഗീത യാത്രയ്ക്ക് സോപാനരത്നം അമ്പലപുഴ വിജയകുമാർ, സോപാനം ഗുരു സന്തോഷ് കൈലാസ് എന്നിവരാണ് നേതൃത്വം നൽകുന്നത്.
24 ക്ഷേത്രസങ്കേതങ്ങളിലായി നടക്കുന്ന സോപാന സംഗീത യാത്രയുടെ ഭാഗമായി, സോപാന സംഗീത ശാഖയ്ക്ക് സമഗ്ര സംഭാവനകൾ നൽകിയ 13 ഗുരുക്കന്മാരെ വിവിധ ക്ഷേത്രങ്ങളിൽ വെച്ച് ആദരിക്കുന്ന ആചാര്യവന്ദനം ചടങ്ങും നടക്കും. കേരളീയ വാദ്യകലകളെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ 17 വർഷമായി ബഹ്റൈനിൽ പ്രവർത്തിക്കുന്ന സോപാനം വാദ്യകലാസംഘം ഇതിനോടകം 600 ൽ പരം ആളുകളെ വാദ്യകലാരംഗത്തും 100 ൽ പരം ആളുകളെ സോപാനസംഗീതത്തിലും പരിശീലിപ്പിച്ചിട്ടുണ്ട്. ലോകപ്രശസ്ത കലാകാരന്മാരെ പങ്കെടുപ്പിച്ച് ഇന്ത്യക്ക് പുറത്തു നടക്കുന്ന ഏറ്റവും വലിയ മേളപരിപാടികളിലൊന്നായ 'വാദ്യസംഗമം' നടത്താറുള്ള ഈ കൂട്ടായ്മ, സോപാനസംഗീത പരിക്രമം കൂടാതെ മേളയാത്രയും നടത്താറുണ്ട്. വരും വർഷങ്ങളിൽ സോപാനസംഗീതവും മേളവുമായി ഇന്ത്യയുടെ എല്ലാ സംസ്ഥാനങ്ങളിലും യാത്ര നടത്താനുള്ള ഒരുക്കത്തിലാണ് ഈ പ്രവാസിവാദ്യസംഘം.


















