Fraud through Tinder: പ്രയാഗ്രാജിൽ 6 കോടി തട്ടിയ യുവതിക്കെതിരെ അന്വേഷണം

ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ ഡേറ്റിങ് ആപ്പുകൾ ഉപയോഗിച്ച് പുരുഷന്മാരെ ലക്ഷ്യമാക്കി കോടികളുടെ തട്ടിപ്പ് നടത്തിയ യുവതിക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു. പല്ലവി സി
ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ ഡേറ്റിങ് ആപ്പുകൾ ഉപയോഗിച്ച് പുരുഷന്മാരെ ലക്ഷ്യമാക്കി കോടികളുടെ തട്ടിപ്പ് നടത്തിയ യുവതിക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു. പല്ലവി സിങ് രജ്പുത് എന്ന യുവതിയാണ് ഈ തട്ടിപ്പിന് പിന്നിലെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഹൈക്കോടതിയിലെ ഒരു അഭിഭാഷകൻ നൽകിയ പരാതിയെത്തുടർന്ന് ബ്ലാക്ക് മെയിലിങ് സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ടിൻഡർ പോലുള്ള ഡേറ്റിങ് ആപ്പുകൾക്കും സോഷ്യൽ മീഡിയയിലേക്കും പുരുഷന്മാരുമായി സൗഹൃദം സ്ഥാപിച്ച ശേഷം, പണം തട്ടുന്നതാണ് ഇവരുടെ പ്രധാന രീതി. ഇത്തരത്തിൽ, യുവതി ഏകദേശം ആറുകോടി രൂപ തട്ടിയെടുത്തതായി പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഡേറ്റിങ് ആപ്പുകൾ വഴി പുരുഷന്മാരുമായി സൗഹൃദത്തിലായ ശേഷം, ഈ സമയത്ത് പകർത്തിയ സ്വകാര്യ ദൃശ്യങ്ങളും ചിത്രങ്ങളും ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നതാണ് ഇവരുടെ ശീലമെന്ന് ഇരകൾ പറയുന്നു.
പണം നൽകാൻ തയ്യാറായില്ലെങ്കിൽ ബലാത്സംഗം, കൊലപാതക ശ്രമം തുടങ്ങിയ ക്രിമിനൽ കേസുകളിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി ഇരകൾ വെളിപ്പെടുത്തിയിട്ടുണ്ട്. ‘സ്വീറ്റി തിവാരി’ എന്ന വ്യാജപ്പേരിൽ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയും ഇവർ ആളുകളെ കുടുക്കിയതായി പരാതിയിൽ പറയുന്നു. യുവതി നേരത്തെ നൽകിയ വ്യാജപരാതികളിൽ അഞ്ച് പേർ ജയിലിലായിട്ടുണ്ടെന്നും, ഈ കേസുകൾ കാണിച്ച് മറ്റുള്ളവരെ ഭീഷണിപ്പെടുത്തി പണം തട്ടാനാണ് സംഘം ശ്രമിച്ചതെന്നും പരാതിയിൽ വ്യക്തമാക്കുന്നു. യുവതിയുടെ സഹായികളായി രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരും സംഘത്തിലുണ്ടെന്നാണ് വിവരം. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.





















