Preparations for Ritual Offerings:ബലിതർപ്പണത്തിനൊരുങ്ങി അരുവിക്കര

അരുവിക്കര : കർക്കടക വാവിനോടനുബന്ധിച്ച് 12-ന് അരുവിക്കര ഡാം പരിസരത്ത് നടക്കുന്ന ബലിതർപ്പണത്തിന് ഒരുക്കങ്ങൾ പൂർത്തിയാകുന്നു. ജില്ലയിലെ പ്രധാന ബലിതർപ്പണ കേന്ദ്രങ്ങ
അരുവിക്കര : കർക്കടക വാവിനോടനുബന്ധിച്ച് 12-ന് അരുവിക്കര ഡാം പരിസരത്ത് നടക്കുന്ന ബലിതർപ്പണത്തിന് ഒരുക്കങ്ങൾ പൂർത്തിയാകുന്നു. ജില്ലയിലെ പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളിലൊന്നായ അരുവിക്കര ഡാമിനു മുന്നിലെ ബലിതർപ്പണ കേന്ദ്രത്തിൽ ഗ്രാമപ്പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഇക്കുറി വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കുന്നത്. വാവുബലിയോടനുബന്ധിച്ച് ഡാം പരിസരത്ത് എട്ടു മുതൽ 12 വരെ കാർഷിക-വ്യാവസായിക പ്രദർശന വിപണനമേള സംഘടിപ്പിച്ചിട്ടുണ്ട്. എട്ടിന് വൈകിട്ട് അഞ്ചിന് ജി. സ്റ്റീഫൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. സർക്കാർ, അർധസർക്കാർ പൊതുമേഖലാസ്ഥാപനങ്ങൾ, കുടുംബശ്രീ സംരംഭകർ, സ്വകാര്യസ്ഥാപനങ്ങൾ തുടങ്ങിയവരുടെ സ്റ്റാളുകൾ, അമ്യൂസ്മെൻറ് പാർക്ക് എന്നിവ വിപണനമേളയിൽ ഉണ്ടാകും. പിതൃതർപ്പണത്തിന് വിപുലമായ സുരക്ഷാസംവിധാനങ്ങളാണ് അരുവിക്കരയിൽ ഒരുക്കുന്നത്. പോലീസ് സേനയുടെയും ഫയർഫോഴ്സ്, ലൈഫ് ഗാർഡുകൾ എന്നിവരുടെയും സേവനം ലഭ്യമാക്കിയിട്ടുണ്ട്. മെഡിക്കൽ ടീമിന്റെയും വിമുക്തഭടന്മാർ ഉൾപ്പെടെയുള്ള വോളന്റിയേഴ്സിന്റെയും സേവനവും ഒരുക്കിയിട്ടുണ്ട്. നെടുമങ്ങാട്, ആര്യനാട്, വെള്ളനാട്, വിതുര, പാലോട്, പേരൂർക്കട തുടങ്ങിയ ഡിപ്പോകളിൽനിന്നു കെ.എസ്.ആർ.ടി.സി. പ്രത്യേക ബസ് സർവീസുകളും സജ്ജമാക്കും.
ബലിതർപ്പണച്ചടങ്ങുകൾക്ക് കാർമികത്വം വഹിക്കാൻ പ്രത്യേക പരികർമ്മികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഡാമിനു മുന്നിലെ ബലിമണ്ഡപം, പഴയ പോലീസ് സ്റ്റേഷനു മുന്നിലെ ബലിക്കടവ് എന്നിവിടങ്ങളിലാണ് ചടങ്ങുകൾ നടക്കുന്നത്. ഒരേ സമയം 500 പേർക്ക് ബലിതർപ്പണം നടത്താനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. പുലർച്ചെ നാലിന് ബലിതർപ്പണം തുടങ്ങും. ഗ്രാമപ്പഞ്ചായത്ത് ഓഫീസ്, ഡാം സൈറ്റിലെ കൂപ്പൺ വിതരണകേന്ദ്രം എന്നിവിടങ്ങളിൽനിന്നു ബലിതർപ്പണ കൂപ്പണുകൾ മുൻകൂറായി കൈപ്പറ്റാം. ബലിതർപ്പണകേന്ദ്രങ്ങളിൽ സജ്ജീകരിച്ചിരിക്കുന്ന കൗണ്ടറുകൾ വഴിയും കൂപ്പണുകൾ വിതരണം ചെയ്യും.

















