Mysterious Death of Lashkar-e-Taiba Leader: ലഷ്കർ ഇ തൊയ്ബ നേതാവ് കുഴഞ്ഞുവീണു മരിച്ചു

ഇസ്ലാമബാദ്: നിരോധിത ഭീകരസംഘടനയായ ലഷ്കർ ഇ തൊയ്ബയുടെ മുതിർന്ന കമാൻഡർ ഖാരി സയീദ് അബ്ദുൾ അസീസിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പാകിസ്ഥാനിലെ ഇസ്ലാമബാദ
ഇസ്ലാമബാദ്: നിരോധിത ഭീകരസംഘടനയായ ലഷ്കർ ഇ തൊയ്ബയുടെ മുതിർന്ന കമാൻഡർ ഖാരി സയീദ് അബ്ദുൾ അസീസിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പാകിസ്ഥാനിലെ ഇസ്ലാമബാദിൽ മോസ്കിൽ പ്രാർത്ഥനയ്ക്കായി എത്തുന്നതിന് മുൻപ് ഖാരി സയീദ് അബ്ദുൾ അസീസ് കുഴഞ്ഞുവീഴുകയായിരുന്നു. പ്രാർത്ഥനയ്ക്കായി എത്തും മുൻപ് പരിചയമില്ലാത്ത ഒരു ഹോട്ടലിൽ നിന്ന് ഖാരി സയീദ് അബ്ദുൾ അസീസ് ഭക്ഷണം കഴിച്ചിരുന്നതായാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ മരണത്തിൽ വിഷപ്രയോഗം നടന്നോ എന്ന സംശയം ശക്തമായിട്ടുണ്ട്. ഓഗസ്റ്റ് 8 നാണ് ദുരൂഹ സാഹചര്യത്തിൽ ഖാരി സയീദ് അബ്ദുൾ അസീസ് മരണപ്പെടുന്നത്. പള്ളിയുടെ വളപ്പിലേക്ക് കയറിയപ്പോഴേയ്ക്കും ഖാരി സയീദ് അബ്ദുൾ അസീസ് കുഴഞ്ഞുവീഴുകയായിരുന്നു. ഇന്ത്യയിൽ കൊല്ലപ്പെട്ട ഭീകരരുടെ കുടുംബങ്ങൾക്ക് പണം എത്തിച്ചു നൽകുന്നതായിരുന്നു ഇയാളുടെ പ്രധാന ചുമതല. മരണത്തിന്റെ യഥാർത്ഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല, ഇതാണ് പല സംശയങ്ങൾക്കും വഴിവെക്കുന്നത്.
അസീസിൻ്റെ മരണകാരണം ഹൃദയാഘാതമാണോ അതോ രഹസ്യ കേന്ദ്രത്തിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയതാണോ എന്ന കാര്യത്തിൽ സംശയം നിലനിൽക്കുന്നുണ്ട്. എന്നാൽ, അസീസിനെ മനപൂർവം ലക്ഷ്യമിട്ട് കൊലപ്പെടുത്തിയതാണെന്ന് തെളിയിക്കുന്ന വിവരങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. സംഭവത്തെക്കുറിച്ച് പാകിസ്ഥാൻ അധികൃതരോ മറ്റ് ഏജൻസികളോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പാകിസ്ഥാനിൽ അജ്ഞാതരുടെ ആക്രമണങ്ങളിൽ മുപ്പതോളം ലഷ്കർ ഭീകരർ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് സംഘടനയിലെ ഉന്നത നേതാവായ റിസ്വാൻ ഹനീഫ് വെളിപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് ഖാരി സയീദ് അബ്ദുൾ അസീസ് മരണപ്പെടുന്നത്. കഴിഞ്ഞ മൂന്ന്-നാല് വർഷത്തിനിടെ പെഷാവർ, കറാച്ചി, റാവൽപിണ്ടി, റാവലാകോട്ട്, മുസഫറാബാദ് തുടങ്ങിയ സ്ഥലങ്ങളിലും പാക് അധീന കശ്മീരിലും വെച്ച് ലഷ്കറിന്റെ മുപ്പതിലധികം ഭീകരർ അജ്ഞാതരാൽ വധിക്കപ്പെട്ടിട്ടുണ്ടെന്ന് ഒരു വീഡിയോ സന്ദേശത്തിലൂടെയാണ് റിസ്വാൻ ഹനീഫ് വെളിപ്പെടുത്തിയത്.





















