Car Accident in Idukki: പുഴയിൽ കാർ മറിഞ്ഞ് യുവാവ് മരിച്ചു; പോറൽപോലും ഇല്ലാതെ രക്ഷപ്പെട്ട് 3വയസ്സുകാരൻ, അമ്മയുടെ നില ഗുരുതരം

ഉപ്പുതറ (ഇടുക്കി): കുട്ടിക്കാനം-കട്ടപ്പന മലയോരഹൈവേയിൽ ഏറമ്പടത്തിന് സമീപം ചിന്നാർപ്പുഴയിലേയക്ക് കാർ മറിഞ്ഞ് ഒരാൾ മരിച്ചു. തിരുവനന്തപുരം കാഞ്ഞിരങ്കുളം കരുമാരക്കാല
ഉപ്പുതറ (ഇടുക്കി): കുട്ടിക്കാനം-കട്ടപ്പന മലയോരഹൈവേയിൽ ഏറമ്പടത്തിന് സമീപം ചിന്നാർപ്പുഴയിലേയക്ക് കാർ മറിഞ്ഞ് ഒരാൾ മരിച്ചു. തിരുവനന്തപുരം കാഞ്ഞിരങ്കുളം കരുമാരക്കാല ബഥേൽ ഇല്ലം ജെറിൻ ഏണസ്റ്റ് (28) ആണ് മരിച്ചത്. മൂന്ന് പേർക്ക് പരിക്കേറ്റു. ജെറിന്റെ മൂന്ന് വയസ്സുകാരൻ മകൻ ജോഹാൻ ഇമ്മാനുവേൽ ഏണസ്റ്റ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കുട്ടിയുൾപ്പെടെ അഞ്ച് പേർ വാഹനത്തിൽ ഉണ്ടായിരുന്നു. വെള്ളത്തിൽ മുങ്ങിയ കാറിനുള്ളിൽ കുടുങ്ങിയവരെ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. ജെറിന്റെ ഭാര്യ ദിവ്യജ്യോതി (28), ഭാര്യാസഹോദരി നവ്യജ്യോതി (26), ഇവരുടെ ഭർത്താവ് കാരക്കോണം പി.വി.കെ. നിവാസിൽ അജിൻ രാജ് (28) എന്നിവർക്കാണ് പരിക്കേറ്റത്. ദിവ്യയുടെ പരിക്ക് ഗുരുതരമാണ്. ഇവരെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർക്ക് പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയശേഷം പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഏറമ്പടത്തിനും, കരിന്തരുവിക്കും ഇടയിൽ ഗവ. യു.പി. സ്കൂളിനുസമീപം വ്യാഴാഴ്ച രാവിലെ 6.30-നാണ് അപകടം. സംഘം തിരുവനന്തപുരത്തുനിന്ന് ഇടുക്കി ചേലച്ചുവട്ടിലെ ബന്ധുവീട്ടിലേക്ക് വരുകയായിരുന്നു. പെട്ടെന്ന് കാറിന്റെ നിയന്ത്രണംവിട്ട് പുഴയിലേക്ക് വീഴുകയായിരുന്നു. ഈ സമയം തൊട്ടടുത്തുള്ള കുട്ടികൾ പള്ളിയിൽ പോകാൻ ഇതുവഴി വന്നു. ഇവരാണ് അപകടം കണ്ടത്. ഇവർ ഓടിപ്പോയി വീട്ടിൽ വിവരം പറഞ്ഞു. ഇതിന് പിന്നാലെ ഒഡിഷ സ്വദേശികളായ അതിഥിത്തൊഴിലാളികളും ഓടിയെത്തി. അപ്പോൾ കാർ വെള്ളത്തിൽ മുങ്ങുകയായിരുന്നു. ശക്തമായ ഒഴുക്കും ഉണ്ടായിരുന്നു. ഇവർ ജെറിനെയാണ് ആദ്യം പുറത്തെത്തിച്ചത്. ഇതിനിടെ സമീപവാസികളും എത്തി. അപ്പോഴേക്കും അജിൻ രാജ് ജോഹാനുമായി പുറത്ത് കടന്നിരുന്നു. പിന്നീട് എല്ലാവരും ചേർന്ന് മറ്റുള്ളവരെയും രക്ഷപ്പെടുത്തി. കരയിൽ എത്തിക്കുമ്പോൾ ജെറിന് ജീവനുണ്ടായിരുന്നെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു. കാറിൽനിന്ന് പുറത്തെടുത്തവരെ ചാക്കിൽ കിടത്തി ചുമന്നാണ് പുഴക്കരയിൽ നിന്ന് റോഡിലെത്തിച്ചത്. വാഹനം ഓടിച്ചിരുന്ന ജെറിൻ ഉറങ്ങിപ്പോയതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ദിനമണി-ഹെപ്സി ദമ്പതിമാരുടെ മകനാണ് മരിച്ച ജെറിൻ. സഹോദരൻ: ജെഫ്രി. കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടിന് ശേഷം ജെറിന്റെ മൃതദേഹം വിട്ടുകൊടുത്തു. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് നാലിന് വീട്ടുവളപ്പിൽ. പുഴയിൽ മുങ്ങിപ്പോയ കാറിൽനിന്ന് കുഞ്ഞുജോഹാൻ ഒരു പോറൽപോലും ഇല്ലാതെ രക്ഷപ്പെട്ടു. എന്നാൽ, അപകടം അവന്റെ അച്ഛനെ കവർന്നെടുത്തു. അമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റു. അതൊന്നും ജോഹാൻ അറിഞ്ഞിരുന്നില്ല. അപകടശേഷം കിളിയമ്പ്രായിൽ സൂസമ്മയുടെ വീട്ടിൽ ജോഹാനെ ഏൽപ്പിച്ചാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഒരുപരിചയവുമില്ലാത്ത സൂസമ്മയുടെ ഒക്കത്ത് നനഞ്ഞുവിറങ്ങലിച്ച് ഇരിക്കുമ്പോൾ അവൻ അമ്പരന്ന് നോക്കുന്നുണ്ടായിരുന്നു. ചോദിച്ചതിനൊന്നും മറുപടിയില്ല. കരയാനോ ചിരിക്കാനോ ശ്രമിച്ചില്ല. അച്ഛനെയും അമ്മയെയും കാണാത്തതിന്റെ ആശങ്കയാണ് മുഖത്ത്. പിന്നീട്, അതുവരെ പരിചരിച്ച സൂസമ്മയെയുംകൂട്ടി പോലീസ് ജീപ്പിൽ ആശുപത്രിയിൽ ബന്ധുക്കളുടെ അടുത്തേക്ക് പോയി. ഏറമ്പടത്ത് കാർ പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച ജെറിന്റെ മകനാണ് ജോഹാൻ ഇമ്മാനുവൽ എണസ്റ്റ്. ഒപ്പമുണ്ടായിരുന്ന ബന്ധുവായ അജിനാണ് ജോഹാനെ രക്ഷപ്പെടുത്തിയത്. നാനൂറ് അടി താഴ്ചയിലൂടെ ഒഴുകുന്ന പുഴയിലേക്ക് തലകീഴായിട്ടാണ് കാർ മറിഞ്ഞത്. ഈ വളവിൽനിന്ന് മുൻപ് പലതവണ വാഹനം താഴ്ചയിലേക്ക് മറിഞ്ഞിട്ടുണ്ട്. ഇവിടെ സംരക്ഷണവേലിയില്ലാത്തതും അപകടത്തിന് കാരണമാകുന്നുണ്ട്. അപകടം ഉണ്ടായ ഉടൻ നാട്ടുകാരെത്തി രക്ഷാപ്രവർത്തനം നടത്തിയതിനാൽ വലിയ ദുരന്തം ഒഴിവായി. ഉപ്പുതറ: ഏറമ്പടത്ത് ചിന്നാർപ്പുഴയിലേക്ക് കാർ മറിഞ്ഞപ്പോൾ ആദ്യം പുഴയിലേക്ക് ഇറങ്ങിയത് രണ്ട് അതിഥിത്തൊഴിലാളികളാണ്. നീന്തലറിയാത്ത അവർ സ്വന്തം ജീവൻ പണയംവെച്ച് പുഴയിലേക്ക് ഇറങ്ങി. പുഴയിൽ മുങ്ങിത്താഴ്ന്ന കുടുംബത്തിന് രക്ഷാകരം നീട്ടി. ഒഡിഷ സ്വദേശികളായ ബസു ടർക്കിയും ബസു ഓറമുമാണ് ആ സൂപ്പർ ഹീറോകൾ. അപകടം നടന്നതിന് തൊട്ടുമുകളിൽ സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് പണിചെയ്യുന്നവരാണ്. കാർ പുഴയിലേക്ക് വീഴുന്നതുകണ്ട് സമീപവാസികളായ കുട്ടികൾ നിലവിളിക്കുന്നതുകേട്ടാണ് ഇവർ പുഴയരികിലേക്ക് ഓടിയെത്തുന്നത്. അപ്പോൾ കാർ ആഴങ്ങളിലേക്ക് മുങ്ങുകയായിരുന്നു. മഴ പെയ്തിരുന്നതിനാൽ പുഴയിൽ നല്ല ഒഴുക്കും. ചെങ്കുത്തായ അരികിലൂടെ പുഴയിലേക്ക് ഊർന്നിറങ്ങി. ഒരാളെ പുറത്തെടുക്കുമ്പോൾ തന്നെ നാട്ടുകാർ ഓടിയെത്തി. തുടർന്ന് എല്ലാവരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. തങ്ങൾക്ക് ഈ ധൈര്യം എവിടെനിന്ന് കിട്ടിയെന്ന് ഈ ചെറുപ്പക്കാർക്ക് അറിയില്ല. ‘അവരെ രക്ഷിക്കണം, അത് മാത്രമായിരുന്നു ലക്ഷ്യം. നീന്തൽ അറിയില്ലെന്ന കാര്യം പോലും മറന്നുപോയി’. ഈ അതിഥിത്തൊഴിലാളികളുടെയും സംഭവം ആദ്യംകണ്ട കുട്ടികളായ ജോയലിന്റെയും മെഫിന്റെയും നാട്ടുകാരുടെയും സമയോചിത ഇടപെടലാണ് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചത്.


















