Canal Collapse in Pazhassi: പഴശ്ശി കനാൽ തകർച്ച: വെള്ളമിറങ്ങി, ദുരിതമൊഴിഞ്ഞില്ല

മട്ടന്നൂർ: വെള്ളമൊഴിഞ്ഞിട്ടും ദുരിതം മാറാത്തതായി തെളുപ്പ്, തേക്കിൻകാട് പ്രദേശത്തെ കുടുംബങ്ങൾ. വെള്ളിയാഴ്ച അർധരാത്രി പഴശ്ശി പ്രധാന കനാലിന്റെ തുരങ്കം തകർന്നതോടെ ന
മട്ടന്നൂർ: വെള്ളമൊഴിഞ്ഞിട്ടും ദുരിതം മാറാത്തതായി തെളുപ്പ്, തേക്കിൻകാട് പ്രദേശത്തെ കുടുംബങ്ങൾ. വെള്ളിയാഴ്ച അർധരാത്രി പഴശ്ശി പ്രധാന കനാലിന്റെ തുരങ്കം തകർന്നതോടെ നിരവധി വീടുകളിൽ വെള്ളം കയറിയിരുന്നു. നാലു വീടുകൾ പൂർണ്ണമായും വെള്ളത്തിൽ മുങ്ങി. കനാലിന്റെ ഇരുവശങ്ങളിലേക്കും മണ്ണുമാന്തിയന്ത്രങ്ങൾ ഉപയോഗിച്ച് വെള്ളം തോട്ടത്തിലേക്ക് ഒഴുക്കിയിരുന്നു. രണ്ടുദിവസത്തെ കഠിനശ്രമങ്ങൾക്കൊടുവിൽ ഞായറാഴ്ച വൈകീട്ടോടെയാണ് വെള്ളം വീടുകളിൽനിന്ന് ഒഴിഞ്ഞത്.
ശനിയാഴ്ച രാത്രി, വെള്ളം ഒഴുക്കി കളയാനുള്ള ശ്രമങ്ങൾ തുടരുകയായിരുന്നു. വെള്ളം കുത്തിയൊഴുകിയാൽ താഴെഭാഗത്ത് വീണ്ടും നാശമുണ്ടാകുന്നതിനാൽ, ചെറിയ തോതിൽ മാത്രമാണ് വെള്ളം ഒഴുക്കിയിട്ടുള്ളത്. ഏറെ ദിവസങ്ങൾക്ക് ശേഷം മഴയുടെ ശക്തി കുറവായതും ഈ പ്രവർത്തനത്തിന് സഹായകമായി. സി. ഉത്തമൻ, സി. മധുസൂദനൻ, ചേലേരി പ്രശാന്തൻ, സി. കാഞ്ചന എന്നിവരുടെ വീടുകൾ വെള്ളത്തിൽ മുങ്ങിയിരുന്നു. കനാലിന്റെ മറുഭാഗത്തെ കെ. അബ്ദുൾഖാദറിന്റെ വീട്ടുമതിൽ വെള്ളം കുത്തിയൊഴുകി തകർന്നു.
വൻതോതിൽ മണ്ണും ചെളിയും വീടുകളിൽ അടിഞ്ഞുകൂടി. ഷംസുദ്ദീൻ, താഹിറ, അബ്ദുറഹ്മാൻ എന്നിവരുടെ വീടുകളിലും നാശം സംഭവിച്ചു. കീഴല്ലൂർ പഞ്ചായത്ത് ദുരന്തനിവാരണസേന, ഡി.വൈ.എഫ്.ഐ. യുവബ്രിഗേഡ്, വിവിധ സന്നദ്ധ സംഘടനകൾ, ക്ലബുകൾ എന്നിവയുടെ നേതൃത്വത്തിലാണ് വീടുകളുടെ ശുചീകരണം നടത്തിയത്. അപകടം നടന്ന വെള്ളിയാഴ്ച രാത്രി മുതൽ നൂറുകണക്കിന് ആളുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. ജനപ്രതിനിധികൾ, പോലീസ്, അഗ്നിരക്ഷാസേന, റവന്യൂ-ലസേചന വകുപ്പ് ഉദ്യോഗസ്ഥർ, തദ്ദേശ സ്ഥാപന ഉദ്യോഗസ്ഥർ തുടങ്ങിയവരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
കനാൽ തകർച്ച മൂലം ആറുകോടിയോളം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം. ജലസേചനവകുപ്പിന് അഞ്ചുകോടി രൂപയുടെ നഷ്ടമുണ്ടായതായി റിപ്പോർട്ട് ചെയ്യുന്നു. നഷ്ടങ്ങളുടെ കണക്ക് റവന്യൂവകുപ്പ് അധികൃതർ കണക്കാക്കിവരികയാണ്. നഷ്ടപരിഹാരത്തിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് എം.എൽ.എ. വി.കെ. സനോജ് വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് മന്ത്രിയുടെ സാന്നിധ്യത്തിൽ യോഗം ചേരുമെന്ന് എം.എൽ.എ. അറിയിച്ചിരുന്നു. പഴശ്ശി ജലസേചന പദ്ധതി കുടിവെള്ള പദ്ധതിയായി ചുരുങ്ങിയതോടെ ഓഫീസും വേണ്ടത്ര ഉദ്യോഗസ്ഥരുമില്ലാത്ത സ്ഥിതിയാണ്. 60 വർഷത്തിലധികം പഴക്കമുള്ള പദ്ധതിയുടെ കനാലുകൾ നവീകരിക്കുകയും ആവശ്യമായ പുനർനിർമാണം നടത്തുകയും വേണമെന്നാണ് ആവശ്യം. 2019-ൽ കാരയിലെ കനാലും റോഡും തകർന്ന് ഒഴുകിപ്പോയിരുന്നു. അഞ്ചുകോടിയോളം രൂപ ചെലവഴിച്ചാണ് പിന്നീട് കനാലും റോഡും പുതുക്കിപ്പണിതത്. നവീകരണത്തിന് കോടികൾ ചെലവഴിച്ചിട്ടും കനാലിന്റെ ഭൂരിഭാഗവും തകർന്നും കാടുകയറിയും കിടക്കുകയാണ്.


















