Road alignment issues: ജില്ലയിൽ അലൈൻമെന്റായില്ല; കുറ്റ്യാടി-മട്ടന്നൂർ എയർപോർട്ട് റോഡ് വരുമോ

കുറ്റ്യാടി : കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളുടെ മലയോരഭാഗത്തെ ജനങ്ങൾക്ക് കണ്ണൂർ വിമാനത്താവളത്തിലേക്ക് എളുപ്പമെത്താൻ ആദ്യ പിണറായിസർക്കാർ പ്രഖ്യാപിച്ച കുറ്റ്യാട
കുറ്റ്യാടി : കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളുടെ മലയോരഭാഗത്തെ ജനങ്ങൾക്ക് കണ്ണൂർ വിമാനത്താവളത്തിലേക്ക് എളുപ്പമെത്താൻ ആദ്യ പിണറായിസർക്കാർ പ്രഖ്യാപിച്ച കുറ്റ്യാടി-മട്ടന്നൂർ നാലുവരിപ്പാതയുടെ ജില്ലയിൽ റീച്ച് കടലാസിൽത്തന്നെ. മലബാറിന്റെ വ്യവസായ, ഗതാഗത മേഖലകളിൽ വിപ്ലവകരമായ മാറ്റംവരുത്തുമെന്ന് പ്രതീക്ഷിച്ച റോഡാണ് ഫയലിൽ കുടുങ്ങിയത്. ജില്ലയിൽ അലൈൻമെന്റിൽ ഇതുവരെ തീരുമാനമായിട്ടില്ല. കുറ്റ്യാടി മുതൽ പെരിങ്ങത്തൂർ പാലംവരെ 25 കിലോമീറ്ററാണ് ജില്ലയിൽ റീച്ച്. വീതി 24 മീറ്റർ. കിഫ്ബി പദ്ധതിയായാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത്. കുറ്റ്യാടി, കക്കട്ട്, കല്ലാച്ചി, നാദാപുരം തുടങ്ങിയ സ്ഥലങ്ങളിലാണ് അലൈൻമെന്റ് പൂർത്തിയാക്കേണ്ടത്. ഇവിടെ ഒട്ടേറെ കെട്ടിടങ്ങളെയും വീടുകളെയും ബാധിക്കുമെന്നതാണ് അലൈൻമെന്റ് അനിശ്ചിതത്വത്തിലായത്. ഇത് ഒഴിവാക്കാൻ കക്കട്ട്, കല്ലാച്ചി, നാദാപുരം എന്നിവിടങ്ങളിൽ ബൈപ്പാസ് നിർമിച്ച് ടൗണുകളെ ഒഴിവാക്കി റോഡ് നിർമിക്കാമെന്ന് തീരുമാനിച്ചിരുന്നു. രണ്ട് ബൈപ്പാസുകളാണ് രൂപരേഖയിലുണ്ടായിരുന്നത്. കക്കട്ടിൽ അജന്ത ടാക്കീസ് മുതൽ ശോഭ ജൂവലറിവരെയുള്ള കക്കട്ടിൽ ബൈപ്പാസും കല്ലാച്ചി-പയന്തോങ്ങ് ചിയ്യൂർ വഴി ആവോലത്തേക്കും തുടർന്ന് കുറ്റിപ്രം വഴി കല്ലാച്ചി ടിപ്പുസുൽത്താൻ റോഡിലേക്കും ബന്ധിപ്പിക്കുന്ന രീതിയിൽ നാദാപുരം-കല്ലാച്ചി ബൈപ്പാസും. ഈ റോഡ് യാഥാർഥ്യമാവുകയാണെങ്കിൽ, കുറ്റ്യാടിയിലും നാദാപുരത്തുമുണ്ടാകുന്ന ഗതാഗതക്കുരുക്കിനും പരിഹാരം കാണാനാകും.
കുറ്റ്യാടിയിൽനിന്ന് മട്ടന്നൂർവരെ കുറ്റ്യാടി-പെരിങ്ങത്തൂർ, പെരിങ്ങത്തൂർ-മട്ടന്നൂർ എന്നിങ്ങനെ രണ്ട് റീച്ചായാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ആകെ 57.20 കിലോമീറ്റർ. ഏകദേശം 38 ഏക്കർ ഭൂമി പദ്ധതിക്കായി ഏറ്റെടുക്കേണ്ടിവരും. പുനരധിവാസത്തിനായി കണക്കാക്കിയത് 860 കോടി രൂപ. ഈ റോഡിൽ രണ്ട് വലിയ പാലങ്ങളും 10 ചെറിയ പാലങ്ങളും 35 കലുങ്കുകളുമാണുണ്ടാവുക. നിലവിൽ റോഡിന്റെ ഡി.പി.ആർ. കിഫ്ബിയിലുണ്ട്. എന്നാൽ, നാദാപുരം, കക്കട്ട്, കല്ലാച്ചി ഭാഗങ്ങളിൽ തർക്കങ്ങളുണ്ടായതിനാൽ അലൈൻമെന്റ് പൂർത്തിയാക്കി അനുമതിയായിട്ടില്ല. സർക്കാരിൽനിന്ന് അംഗീകാരം കിട്ടുന്ന മുറയ്ക്ക് റോഡ് പദ്ധതി മുന്നോട്ടുപോകുമെന്നാണ് കിഫ്ബി ഉദ്യോഗസ്ഥർ പറയുന്നത്.

















