Will the eyes open again...:കണ്ണുതുറക്കുമോ...

പാലക്കാട് : കാഴ്ചയുള്ളവർക്കുകൂടി കാലിടറുന്ന ജില്ലാ വനിതാ-ശിശു ആശുപത്രി റോഡിലൂടെ തപ്പിതടഞ്ഞ് ലോട്ടറി വിൽക്കുന്ന കാഴ്ചപരിമിതിയുള്ള ടി. ചന്ദ്രന്റെ ഓരോ ചുവടും അധികൃ
പാലക്കാട് : കാഴ്ചയുള്ളവർക്കുകൂടി കാലിടറുന്ന ജില്ലാ വനിതാ-ശിശു ആശുപത്രി റോഡിലൂടെ തപ്പിതടഞ്ഞ് ലോട്ടറി വിൽക്കുന്ന കാഴ്ചപരിമിതിയുള്ള ടി. ചന്ദ്രന്റെ ഓരോ ചുവടും അധികൃതരുടെ കണ്ണുതുറപ്പിക്കേണ്ടതാണ്. ചന്ദ്രന്റെ 'വൈറ്റ് കെയ്ൻ' തെളിക്കുന്ന വഴികളിലത്രയും ചെളിവെള്ളവും ആഴമേറിയ കുഴികളും മാത്രമാണ്. റോഡിനിരുവശത്തും ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ നിർത്തിയിട്ടതിനാലും നടപ്പാതയിലെ സ്ലാബുകൾ പലതും തകർന്നതിനാലും റോഡിലിറങ്ങി നടക്കാതെ നിവൃത്തിയുമില്ല. ആശുപത്രിയിലേക്കുവരുന്ന വാഹനങ്ങൾക്കിടയിലൂടെ കൈയിലെ ലോട്ടറി ടിക്കറ്റുകൾ നനയാതെ എങ്ങനെ പോകുമെന്ന ആശങ്കയാണ് ചന്ദ്രന്. ചന്ദ്രന്റെ മാത്രമല്ല, ജില്ലാ വനിതാ-ശിശു ആശുപത്രിയിലെത്തുന്ന ഗർഭിണികളും കുഞ്ഞുങ്ങളും മാസങ്ങളായി ഈ ദുരിതം അനുഭവിക്കുകയാണ്. ഗർഭണികളെയും കുട്ടികളെയും പിന്നിലിരുത്തി ഇരുചക്രവാഹനങ്ങളിൽ ഇതുവഴി വരാൻ പേടിയാണെന്ന് ആളുകൾ പറയുന്നു.
വസ്ത്രങ്ങൾ ഉയർത്തിപിടിച്ച്, കുഴികളിൽപ്പെടാതെ ആശുപത്രിയിലെത്താൻ പെടാപ്പാടുപെടുകയാണ് കുഞ്ഞുങ്ങളുമായി വരുന്ന അമ്മമാരും. കിടത്തിച്ചികിത്സയിലുള്ളവരെ കാണാനെത്തുന്നവർ അഴുക്കുവെള്ളത്തിൽ ചവട്ടിവേണം ആശുപത്രിയിൽക്കയറാൻ. ഇത് ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെക്കുമെന്ന ആശങ്കയുമുണ്ട്. മാസങ്ങൾക്കുമുൻപ് കുഴികളിൽ കല്ലിട്ട് അറ്റകുറ്റപ്പണി നടത്തിയിരുന്നു. എന്നാൽ, അടുത്തദിവസം പെയ്ത മഴയിൽ റോഡ് പിന്നെയും ചെളിക്കുളമായി. ജില്ലാ ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായാൽ റോഡ് നവീകരിക്കുമെന്ന് ജില്ലാപഞ്ചായത്ത് അധികൃതർ അറിയിച്ചിട്ടുണ്ടെങ്കിലും ഉടൻ അറ്റകുറ്റപ്പണിയെങ്കിലും നടത്തണമെന്നാണ് ആവശ്യം. ഫണ്ടുകിട്ടുന്ന മുറയ്ക്ക് അറ്റകുറ്റപ്പണി നടത്തുമെന്ന് അധികൃതർ പറഞ്ഞു.


















