Tourism Development in Akalappuzha:അകലാപ്പുഴ ടൂറിസം വികസനം ആവശ്യമാണ്

കൊയിലാണ്ടി: മലബാറിലെ പ്രധാന ജലവിനോദ ടൂറിസം കേന്ദ്രമായി മാറുന്ന അകലാപ്പുഴയെ അടിസ്ഥാനമാക്കി സമഗ്രമായ ടൂറിസം സർക്യൂട്ട് പദ്ധതി നടപ്പിലാക്കണമെന്ന് ആവശ്യകത ശക്തമായി
കൊയിലാണ്ടി: മലബാറിലെ പ്രധാന ജലവിനോദ ടൂറിസം കേന്ദ്രമായി മാറുന്ന അകലാപ്പുഴയെ അടിസ്ഥാനമാക്കി സമഗ്രമായ ടൂറിസം സർക്യൂട്ട് പദ്ധതി നടപ്പിലാക്കണമെന്ന് ആവശ്യകത ശക്തമായി ഉയരുന്നു. ഉല്ലാസ ബോട്ടിങ് പ്രധാന ആകർഷണമായി മാറുന്ന അകലാപ്പുഴയിൽ നിന്ന് സമീപത്തെ ചരിത്ര-പൈതൃക കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ടൂറിസം ശൃംഖല യാഥാർഥ്യമാകുന്നതിലൂടെ ആഭ്യന്തര, വിദേശ വിനോദസഞ്ചാരികളുടെ എണ്ണം വർധിക്കുമെന്ന പ്രതീക്ഷയിലാണ്. അകലാപ്പുഴയിൽനിന്ന് എളുപ്പത്തിൽ എത്തിച്ചേരാവുന്ന ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജ്, കുഞ്ഞാലിമരയ്ക്കാർ ഭവനം, കൊളാവിപ്പാലം ആമ വളർത്തൽ കേന്ദ്രം, മിനിഗോവ, തിക്കോടി കല്ലകത്ത് ബീച്ച്, തിക്കോടി കടലൂർ പോയിന്റ് ലൈറ്റ്ഹൗസ്, തീർഥാടന കേന്ദ്രങ്ങളായ കൊല്ലം പിഷാരികാവ് ക്ഷേത്രം, മുചുകുന്ന് കോട്ട കോവിലകം ക്ഷേത്രം, മൂടാടി ഉരുപുണ്യകാവ് ദുർഗാഭഗവതിക്ഷേത്രം, കൊല്ലം പാറപ്പള്ളി തുടങ്ങിയ സ്ഥലങ്ങൾ ഉൾപ്പെടുത്തി ടൂറിസം സർക്യൂട്ട് രൂപവത്കരിക്കണമെന്ന ആവശ്യം ഉയരുന്നു. കീഴരിയൂർ ഗ്രാമപ്പഞ്ചായത്ത് അകലാപ്പുഴ-ബാണാസുര സാഗർ ടൂറിസം കോറിഡോർ പദ്ധതിയുടെ പ്രോജക്ട് സംസ്ഥാന ടൂറിസം വകുപ്പിന് സമർപ്പിച്ചു.
നെല്യാടി പൊടിയാടിയിൽനിന്ന് ആരംഭിച്ച് മീറോട് മല, പൂഴിത്തോട്, വയനാട് ബാണാസുരസാഗർ വരെ നീളുന്ന ടൂറിസം കോറിഡോർ പദ്ധതിയുടെ ഡി.പി.ആർ. ടൂറിസം വകുപ്പിന് അയച്ചിട്ടുണ്ട്. അകലാപ്പുഴയും കുറ്റ്യാടിപ്പുഴയും തമ്മിൽ ബന്ധിപ്പിക്കുന്ന പയ്യോളി ചീർപ്പിലൂടെ ജലഗതാഗതം സാധ്യമാക്കുന്നതിലൂടെ കുറ്റ്യാടിപ്പുഴയിലേക്കും ബോട്ട് സർവീസും ജലവിനോദ പദ്ധതികളും വ്യാപിപ്പിക്കാവുന്നതാണ്. ഇതോടെ ജലടാക്സി, ഹൗസ് ബോട്ട്, പ്രകൃതി നിരീക്ഷണ യാത്രകൾ തുടങ്ങിയ ടൂറിസം പദ്ധതികൾക്ക് വഴിതെളിയുമെന്ന് ടൂറിസം മേഖലയിലെ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ബോട്ട് സർവീസും ആരംഭിക്കാവുന്നതാണ്.

















