Investigation into Nithin Raj's Death: നിതിൻരാജിന്റെ മരണം; ക്രൈംബ്രാഞ്ച് വീട്ടിലെത്തി മൊഴിയെടുത്തു

ഉഴമലയ്ക്കൽ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ വിദ്യാർത്ഥി നിതിൻരാജിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം നിതിൻരാജിന്റെ ഉഴമലയ്ക്കലിലെ വീട്ടിൽ എത്തി ബന്ധുക
ഉഴമലയ്ക്കൽ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ വിദ്യാർത്ഥി നിതിൻരാജിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം നിതിൻരാജിന്റെ ഉഴമലയ്ക്കലിലെ വീട്ടിൽ എത്തി ബന്ധുക്കളുടെ മൊഴിയെടുത്തു. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ഡിവൈ.എസ്.പി. ജീവൻ ജോർജിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘം എത്തിയത്. രണ്ടുമണിക്കൂർനേരം അടച്ചിട്ട മുറിയിൽ കുടുംബാംഗങ്ങളോട് വിവരങ്ങൾ തേടി. സംഭവത്തിൽ പ്രതിയായ അധ്യാപകൻ റാമിന്റെ അറസ്റ്റിനും മറ്റ് വിവാദങ്ങൾക്കും ഒടുവിലാണ് ഡിവൈ.എസ്.പി. ജീവൻ ജോർജിനെ അന്വേഷണച്ചുമതല ഏൽപ്പിച്ചുകൊണ്ട് ഉത്തരവായത്. 2026 ഏപ്രിൽ 10-നാണ് അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ ഒന്നാംവർഷ ബി.ഡി.എസ്. വിദ്യാർത്ഥിയായിരുന്ന നിതിൻ രാജ് കോളേജ് കെട്ടിടത്തിൽനിന്നു വീണ് മരിച്ചത്. സംഭവം ആദ്യം ആത്മഹത്യയാണെന്നാണ് കണ്ടെത്തിയത്. എന്നാൽ, നിതിൻ കോളേജിൽ അധ്യാപകരിൽനിന്നു കടുത്ത മാനസിക പീഡനം, ജാതി അധിക്ഷേപം എന്നിവ നേരിട്ടിരുന്നതായി കുടുംബവും സഹപാഠികളും പരാതി നൽകി. കേസിലെ ഒന്നാം പ്രതിയായ അധ്യാപകൻ ഡോ. എം.കെ.റാം നൂറുദിവസം ഒളിവിലായിരുന്നു. നിതിൻരാജിന്റെ മരണം സംഭവിച്ച് മൂന്നുമാസം കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്തതിൽ കുടുംബവും വിവിധ സംഘടനകളും പ്രതിഷേധം ഉയർത്തിയിരുന്നു. ജൂലായ് 13-ന് സുപ്രീംകോടതി ഡോ. റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനുപിന്നാലെ ക്രൈംബ്രാഞ്ച് അന്വേഷണം ശക്തമാക്കി. 20-ന് കർണാടകയിലെ കുടകിൽനിന്നാണ് ഡോ. റാമിനെ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തത്. നിതിൻരാജിന്റെ മരണത്തിനു പിന്നിലെ യഥാർഥ സാഹചര്യങ്ങൾ കണ്ടെത്തുകയാണ് ക്രൈംബ്രാഞ്ചിന്റെ പ്രധാന ലക്ഷ്യം. നിതിന്റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതുവരെ പോരാട്ടം തുടരുമെന്ന് നിതിന്റെ അച്ഛൻ രാജൻ പറഞ്ഞു. നിലവിലെ അന്വേഷണസംഘം കുടുംബത്തിൽനിന്നു നേരത്തേ മൊഴിയെടുത്തിരുന്നു. ഇപ്പോൾ നടന്ന മൊഴിയെടുപ്പ് തൃപ്തികരമായിരുന്നുവെന്നും രാജൻ പറഞ്ഞു.





















