Tiger attack in Ovely:ഓവേലിയിൽ തോട്ടംതൊഴിലാളിയെ കടുവ കൊന്നുതിന്നു

ഗൂഡല്ലൂർ : ഓവേലിയിലെ ക്വിന്റിൽ കടുവയുടെ ആക്രമണത്തിൽ തോട്ടംതൊഴിലാളി കൊല്ലപ്പെട്ടു. ക്വിന്റിലെ ലാറൻസ്റ്റൺ തേയിലത്തോട്ടത്തിലെ നാലാമത്ത ഗെയ്റ്റിലെ പാടിയിലെ താമസക്കാ
ഗൂഡല്ലൂർ : ഓവേലിയിലെ ക്വിന്റിൽ കടുവയുടെ ആക്രമണത്തിൽ തോട്ടംതൊഴിലാളി കൊല്ലപ്പെട്ടു. ക്വിന്റിലെ ലാറൻസ്റ്റൺ തേയിലത്തോട്ടത്തിലെ നാലാമത്ത ഗെയ്റ്റിലെ പാടിയിലെ താമസക്കാരനും തോട്ടംതൊഴിലാളിയുമായ ബാലകൃഷ്ണൻ മരുതനാ(63)ണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ബാലകൃഷ്ണന്റെ മൃതദേഹം കടുവ ഭക്ഷിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ശനിയാഴ്ച വൈകുന്നേരം ആറരമണിയോടെ തോട്ടം നനയ്ക്കുന്നതിനായി വെള്ളം തിരിക്കാൻ പോയ ബാലകൃഷ്ണനെ കാണാതാവുകയായിരുന്നു.
രാത്രി മുഴുവൻ വനംവകുപ്പ് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഞായറാഴ്ച രാവിലെ നടത്തിയ തിരച്ചിലിനൊടുവിൽ പമ്പ്ഹൗസിന് സമീപത്ത് 600 മീറ്റർ വനത്തോടു ചേർന്ന ഭാഗത്ത് മൃതദേഹം വികൃതമായ നിലയിൽ കണ്ടെത്തി. മൃതദേഹം കണ്ടെത്തിയതോടെ ക്ഷുഭിതരായ നാട്ടുകാർ പ്രദേശത്തെത്തിയ വനപാലകരെ തടഞ്ഞു. കടുവയുടെ സാന്നിധ്യമുണ്ടായിരുന്ന പ്രദേശത്ത് കടുവയെ പിടികൂടുന്നതിന് വനംവകുപ്പിന്റെ ഭാഗത്ത് നിന്ന് ഒരു നടപടിയുമുണ്ടായിരുന്നില്ലെന്ന് ആക്ഷേപിച്ചാണ് ജനക്കൂട്ടം വനപാലകരെ തടഞ്ഞത്.
ബന്ധുക്കളെ വിവരമറിയിക്കാതെ വനംവകുപ്പധികൃതർ ബാലകൃഷ്ണന്റെ മൃതദേഹം ഗൂഡല്ലൂർ ജില്ലാ ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിലേക്ക് മാറ്റിയതോടെ ക്ഷുഭിതരായ ജനക്കൂട്ടം സംഘമായി ഓവേലിയിലെ വനംവകുപ്പ് ചെക്ക് പോസ്റ്റിന് സമീപം കുത്തിയിരുന്നു. കുടുംബത്തിന് നഷ്ടപരിഹാരമായി സഹായധനം അനുവദിക്കുക, കടുവയെ കൂടു വെച്ച് പിടികൂടുക, ആശ്രിതകുടുംബാംഗത്തിന് സർക്കാർജോലി ഉൾപ്പെടെ കാര്യങ്ങൾ പരിഗണിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു. ഇവയെല്ലാം പരിഗണിക്കാമെന്ന് ഉറപ്പു ലഭിച്ചതോടെയാണ് നാട്ടുകാർ നാലുമണിക്കൂർ നീണ്ട പ്രതിഷേധം അവസാനിപ്പിച്ചത്.
പുഷ്പവല്ലിയാണ് മരിച്ച ബാലകൃഷ്ണന്റെ ഭാര്യ. മക്കൾ: കാർത്തിക്, സുരേഷ്, രാമകൃഷ്ണൻ. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം തിങ്കളാഴ്ച വീട്ടിലെത്തിച്ച് സംസ്കരിക്കും. മൂന്നുമാസം മുമ്പ് തൊറപ്പള്ളി മാവനെല്ലയിൽ വീട്ടമ്മയെയും കടുവ കൊന്നിരുന്നു.




















