Freedom of Movement Denied:സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന മനുഷ്യർ

കാരാപ്പുഴ : കാലുകുത്തിയാൽ ചേറിൽ കുതിർന്ന് കിടക്കുന്ന പുൽച്ചെടികളിൽനിന്ന് തവളകൾ ദേഹത്തേക്ക് ചാടി വീണേക്കാം. ഞെണ്ട് മടകളിൽനിന്ന് കാൽവിരലുകളിൽ നോവുന്ന ഒരു പിടിത്തം
കാരാപ്പുഴ : കാലുകുത്തിയാൽ ചേറിൽ കുതിർന്ന് കിടക്കുന്ന പുൽച്ചെടികളിൽനിന്ന് തവളകൾ ദേഹത്തേക്ക് ചാടി വീണേക്കാം. ഞെണ്ട് മടകളിൽനിന്ന് കാൽവിരലുകളിൽ നോവുന്ന ഒരു പിടിത്തം വീണേക്കാം. വഴിമുടക്കുന്നത് നീർക്കോലികളും മൂർഖൻ പാമ്പുകളുമാവാം. കാരാപ്പുഴ പദ്ധതി പ്രദേശത്ത് താമസിക്കുന്നവരല്ലേ എല്ലാം സഹിച്ചേപറ്റൂ എന്നാണ് ജലസേചനവകുപ്പ് ഉദ്യോഗസ്ഥരുടെ നിലപാട്. പദ്ധതിയുടെ ബെൽറ്റ് ഏരിയായിൽ താമസിക്കുന്ന കർഷകർക്കും ആദിവാസികൾക്കും സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. അടിസ്ഥാനസൗകര്യങ്ങൾ ഇല്ലാത്തതിനാൽ മൂന്നും നാലും തലമുറകളായി ഈ പ്രദേശത്ത് താമസിക്കുന്നവർ ബെൽറ്റ് ഏരിയായുടെ വിവിധ തുരുത്തുകളിൽ ഒറ്റപ്പെട്ടുകഴിയുകയാണ്. മണൽവയൽ, കാരക്കൊല്ലി, പ്ലാങ്കര, അത്തിമട്ടം, നെല്ലറച്ചാൽ, കുമിൾകണ്ടി, ചെറുവയൽ തുടങ്ങിയ പ്രദേശങ്ങളിലെ നൂറുകണക്കിന് കുടുംബങ്ങളാണ് സഞ്ചാരയോഗ്യമായ നടപ്പാതകളോ, റോഡുകളോ ഇല്ലാതെ ദുരിതമനുഭവിക്കുന്നത്. സർക്കാരിെൻറയും ത്രിതല പഞ്ചായത്തുകളുടെയും ധനസഹായം കൊണ്ട് റോഡുകളും നടപ്പാതകളും പണിയാമെന്നുവെച്ചാൽ അതും നടക്കില്ല. ജലസേചനവകുപ്പിൽനിന്ന് എൻ.ഒ.സി. ലഭിക്കാത്തതാണ് കാരണം. ചിലയിടങ്ങളിൽ പാതിവഴികളിൽ നിർത്തിവെച്ച നടപ്പാതകളും റോഡുകളും കാണാം. ഇറിഗേഷൻ വകുപ്പുദ്യോഗസ്ഥർ തടസ്സപ്പെടുത്തിയതിനാൽ പാതി വഴിയിൽ പ്രവൃത്തി നിർത്തിവെച്ചതാണിവ. നിത്യോപയോഗ സാധനങ്ങൾക്ക് പോലും അമ്പലവയലിനെയും മേപ്പാടിയെയും ആശ്രയിക്കുന്ന കാരാപ്പുഴ നിവാസികൾക്ക് ദിവസവും മൂന്നും നാലും തവണയാണ് ഈ ദുരിതംതാണ്ടി നടക്കേണ്ടിവരുന്നത്. രോഗികളെ ചുമന്നാണ് ആശുപത്രികളിലെത്തിക്കുന്നത്. യാത്ര ദുഷ്കരമായതിനാൽ വയോജനങ്ങൾക്ക് വീടുകളിൽത്തന്നെ കഴിയേണ്ടിവരുന്നു. നർമദാ ആന്ദോളൻ കേസിൽ അണക്കെട്ടുകളുടെ ബെൽറ്റ് ഏരിയാകളിൽ താമസിക്കുന്നവക്ക് അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുകയും പദ്ധതിപ്രദേശങ്ങളിലെ ആളുകളെ പുനരധിവസിപ്പിക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടിരുന്ന കാര്യം പ്രദേശവാസികൾ ഓർമ്മിപ്പിച്ചു. കാരാപ്പുഴ അണക്കെട്ടിലെ സംഭരണശേഷി കൂട്ടുമ്പോൾ ഏറ്റവും ആദ്യം വെള്ളത്തിൽ മുങ്ങിപ്പോകാൻ സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളിലൊന്നാണ് മുരണിവയൽ. അതുകൊണ്ടാവാം മേപ്പാടി- നെടുമ്പാല-അമ്പലവയൽ റോഡ് മുരണിവയലിലെത്തുമ്പോൾ ഏതാനും മീറ്ററുകൾ ദൂരം 20 അടിയോളം താഴ്ന്നാണ് കടന്നുപോകുന്നത്. ഈ ഭാഗത്ത് ടാറിങ്ങിനുപകരം കോൺക്രീറ്റാണ് ചെയ്തിരിക്കുന്നത്. ഇവിടെ 20 അടി ഉയർത്തിയാൽ മാത്രമേ റോഡ് സമനിരപ്പിലാകൂ. റോഡ് ഉയർത്തിപ്പണിയുന്നതിനുവേണ്ടി, കാൽ നൂറ്റാണ്ട് മുൻപ് ഇവിടെയൊരു കോൺക്രീറ്റ് തൂൺ പണിതെങ്കിലും തുടർപ്രവൃത്തി നടത്തുന്നത് പ്രദേശവാസികൾ തടയുകയായിരുന്നു. റോഡ് ഉയർത്തിയാൽ മുരണിവയലിലെ 16 കുടുംബങ്ങളും ഡാമിലെ വെള്ളത്തിൽ മുങ്ങിപ്പോകുമായിരുന്നുവെന്ന് അവർ പറയുന്നു. ഈ കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ കഴിയാത്തതാണ് ഇന്നും ഈ റോഡ് മുരണിവയലിൽ സമനിരപ്പിൽനിന്ന് 20 അടി താഴ്ന്നുകിടക്കാൻ കാരണം. ഇതിന് ശേഷം, പദ്ധതിക്കായി കല്ലിട്ട ഭൂമിയിലെ സ്ഥാവരജംഗമ വസ്തുക്കൾ എണ്ണിത്തിട്ടപ്പെടുത്താനും സാമൂഹികാഘാതപഠനം നടത്താനുമായി വർഷാവർഷം റവന്യൂ ഉദ്യോഗസ്ഥർ മുരണിവയലിലെത്താറുണ്ട്. ഇവിടുത്തെ അശരണരും നിരാശ്രയരുമായ കുടുംബങ്ങൾ ഉണ്ടാക്കിക്കൊടുക്കുന്ന നെയ്ച്ചോറും കോഴിക്കറിയും കഴിച്ച് കുറെ പ്രതീക്ഷകളും അവർക്ക് സമ്മാനിച്ചാണ് ഉദ്യോഗസ്ഥർ മടങ്ങുക. ചില ഉദ്യോഗസ്ഥർ കല്പറ്റയിലെ മുന്തിയ ഹോട്ടലുകളിൽനിന്ന് ഈ പാവങ്ങളുടെ ആത്മാർത്ഥതയും ഉത്തരവാദിത്വവും നിറവേറ്റുന്നതിന് വേണ്ടി തങ്ങളുടെ സമയവും ചെലവഴിക്കുന്നു. പണിയില്ലെങ്കിലും, അടച്ചുറപ്പുള്ളൊരു വീട്ടിൽ മനഃസമാധാനത്തോടെ അന്തിയുറങ്ങാൻ ഗതിയില്ലെങ്കിലും അവർ കേമന്മാരായ ഉദ്യോഗസ്ഥരെ ഊട്ടാൻ മടിച്ചുനിൽക്കാറില്ല. എത്രയും വേഗം തങ്ങളെ പുനരധിവസിപ്പിക്കുമെന്ന പ്രതീക്ഷയിൽ പിരിവെടുത്താണ് സത്കാരങ്ങളൊക്കെ ഈ പാവങ്ങൾ തട്ടിക്കൂട്ടുന്നത്. എന്നിട്ടും പുനരധിവാസംമാത്രം ഇതുവരെ നടന്നിട്ടില്ല. കാരാപ്പുഴ പദ്ധതിക്കായി 1977-ൽ സ്ഥലം ഏറ്റെടുത്തപ്പോൾ പുനരധിവസിക്കപ്പെടേണ്ടിയിരുന്ന 16 കുടുംബങ്ങളാണ് 50 വർഷമായിട്ടും എവിടേക്ക് പോകണമെന്നറിയാതെ പെരുവഴിയിൽ കഴിയുന്നത്. പദ്ധതിക്കായി തുടക്കത്തിൽ 300 കുടുംബങ്ങളെയാണ് കുടിയൊഴിപ്പിച്ചത്. പിന്നീട് ഇടതുവലതു കനാലുകളുടെ വികസനത്തിനും റിസർവോയറുകളുടെ ശേഷി കൂട്ടുന്നതിനുമായാണ് 60 കുടുംബങ്ങളെക്കൂടി പുനരധിവസിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. ഈ പട്ടികയിൽ മുരണിവയലിലെ 16 കുടുംബങ്ങൾ ഉൾപ്പെടുന്നു. ശേഷിക്കുന്നവരിൽ ബഹുഭൂരിപക്ഷവും നെല്ലറച്ചാൽ, നടുവീട്ടിൽ ഉന്നതികളിലെ പണിയ, മുള്ളക്കുറുമ വിഭാഗത്തിൽപ്പെട്ടവരാണ്. കാത്തിരുന്ന് മടുത്തതോടെ പലരും വീടുകൾ ഉപേക്ഷിച്ച്, കൈയിലുള്ളതും കെട്ടിപ്പെറുക്കി സുരക്ഷിതമായ ഇടങ്ങളിലേക്ക് ചേക്കേറി. ശേഷിക്കുന്ന പത്തു കുടുംബങ്ങളാണ് മറ്റൊരു നിവൃത്തിയും ഇല്ലാത്തതിനാൽ സർക്കാരിന്റെ കനിവുംകാത്ത് കഴിയുന്നത്. ഏറ്റവും ഒടുവിൽ കഴിഞ്ഞ ജൂൺ 17-ന് പുറപ്പെടുവിച്ച കളക്ടറുടെ ഉത്തരവിൽ കാരാപ്പുഴ പദ്ധതിക്കായി തോമാട്ടുചാൽ, അമ്പലവയൽ, മൂപ്പൈനാട് എന്നീ വില്ലേജുകളിലെ 5.72 ഹെക്ടർ ഭൂമിയും പുരയിടവും ഏറ്റെടുക്കുന്നതിനുള്ള മഹസ്സർ നടപടികൾ പൂർത്തിയായതായി പറയുന്നുണ്ട്. ഈ ഭൂമിയിലെ കുഴിക്കൂർ ചമയങ്ങൾ ഉൾപ്പടെ 9,35,55,017 രൂപ വിലനിശ്ചയിച്ചുകൊണ്ട് സ്പെഷ്യൽ തഹസിൽദാർ എൽ.എ. (ജനറൽ) പട്ടിക സമർപ്പിച്ചതായും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. മേപ്പാടി-അമ്പലവയൽ റോഡ് മുരണി വയലിലെത്തുമ്പോൾ താഴ്ന്നുകിടക്കുന്ന നിലയിൽ പുനരധിവാസ വീടുകളിലും ആദിവാസികൾക്ക് ദുരിതം. പുല്പടിക്കുന്ന്, കൊയിലാംകുന്ന് എന്നിവിടങ്ങളിൽ പുനരധിവാസത്തിന്റെ ഭാഗമായി വർഷങ്ങൾക്ക് മുൻപ് സർക്കാർ പണിതുകൊടുത്ത വീടുകളിലാണ് ആദിവാസികൾ താമസിക്കുന്നത്. പുല്പടിക്കുന്നിൽ പണിയവിഭാഗക്കാരും കൊയിലാംകുന്നിൽ കുറുമ സമുദായക്കാരുമാണ് താമസം. ഏകദേശം ആയിരത്തിൽത്താഴെ ചതുരശ്രയടി വിസ്തീർണമുള്ള ഒരു വീട്ടിൽ നാലുമൂലയിലായി നാലു കുടുംബങ്ങളാണ് താമസിക്കുന്നത്. പുല്പടിക്കുന്നിൽ 22-ഉം കൊയിലാംകുന്നിൽ 20-ഉം വീടുകളാണ് ഉള്ളതെങ്കിലും മിക്കവീടുകളും ആൾത്താമസമില്ലാതെ കാടുമൂടി കിടക്കുകയാണ്. പുല്പടിക്കുന്നിൽ ഒൻപതു കുടുംബങ്ങളാണുള്ളത്. നാലടി വീതിയും അഞ്ചടി നീളവുമുള്ള മൂന്ന് കുഞ്ഞുമുറികളിലാണ് നാലും അഞ്ചും അംഗങ്ങളുള്ള ആദിവാസി കുടുംബങ്ങൾ കഴിയുന്നത്. കൊയിലാംകുന്നിലെ സ്ഥിതിയും വ്യത്യസ്തമല്ല. ഇവിടത്തെ 20 വീടുകളിൽ ആറുകുടുംബങ്ങളാണ് താമസിക്കുന്നത്. സിമന്റ് തേക്കാത്ത വീടുകളുടെ ചുവരുകൾ ജീർണാവസ്ഥയിലാണ്. കുറുമ സമുദായക്കാരനായ കുമാരന്റെ വീട്ടിലെ മേൽക്കൂരയ്ക്ക് താഴെ മഴ പെയ്യുമ്പോൾ ചോരാതിരിക്കാൻ പ്ലാസ്റ്റിക്ക് ഷീറ്റ് കെട്ടിയിരിക്കുന്നു. അസൗകര്യങ്ങളുടെ ഇത്തിരി വട്ടങ്ങളിൽ ജീവിച്ചുമടുത്ത പല കുടുംബങ്ങളും കൂടുതൽ സൗകര്യങ്ങളും തൊഴിലുംതേടി വിവിധ പ്രദേശങ്ങളിലേക്ക് ചേക്കേറി.

















