Remembering Muthanga Struggle: മുത്തങ്ങ സമരത്തിന്റെ ഓർമ്മകൾ

സുൽത്താൻബത്തേരി: ‘‘ഫെബ്രുവരി 19 എന്ന ദിവസം വരല്ലേയെന്ന് പ്രാർത്ഥിക്കുകയാണ് ഇപ്പോൾ. അത്രയും മറക്കാനാഗ്രഹിക്കുന്ന ദിനമാണ് അത്...’’ - മുത്തങ്ങ സമരത്തിലെ ദുരനുഭവങ്ങ
സുൽത്താൻബത്തേരി: ‘‘ഫെബ്രുവരി 19 എന്ന ദിവസം വരല്ലേയെന്ന് പ്രാർത്ഥിക്കുകയാണ് ഇപ്പോൾ. അത്രയും മറക്കാനാഗ്രഹിക്കുന്ന ദിനമാണ് അത്...’’ - മുത്തങ്ങ സമരത്തിലെ ദുരനുഭവങ്ങൾ ഓർത്തു മുരിക്കലാടി ഉന്നതിയിലെ ബിന്ദു പറഞ്ഞു. ‘‘ഭർത്താവിനും രണ്ടുകുട്ടികൾക്കുമൊപ്പമാണ് സമരത്തിൽ പങ്കെടുത്തത്. സംഘർഷത്തിൽ ഭർത്താവിന്റെയും കുട്ടിയുടെയും തല പോലീസുകാർ അടിച്ചുപൊട്ടിച്ചു. കുട്ടിയെ തീയിൽ എറിയാൻ ശ്രമിച്ച പോലീസുകാരുടെ കാലുകൾ പിടിച്ചാണ് ഞാൻ രക്ഷിച്ചത്. ഗർഭിണിയായിരുന്ന സമയത്ത് എന്റെ വയറ്റിൽ ചവിട്ടി. 16 വർഷത്തോളം മാനസികരോഗത്തിന് മരുന്ന് കഴിക്കേണ്ടി വന്നു...’’ - പീഡന അനുഭവങ്ങളുടെ കുത്തൊഴുക്കിൽ വാക്കുകൾ മുഴുവൻ പറയാൻ കഴിയാതെ ബിന്ദു കണ്ണീരൊഴുക്കി. ലോക ആദിവാസി ദിനത്തിൽ ആദിവാസി ഗോത്രമഹാസഭയും അംബേദ്കറൈറ്റ് ഡെമോക്രാറ്റിക് ഫ്രണ്ടും ചേർന്ന് ബത്തേരി നഗരസഭാ ടൗൺഹാളിൽ നടത്തിയ ആദിവാസി ദളിത് സംഗമവും അവകാശപ്രഖ്യാപനവും പരിപാടിയുടെ ഭാഗമായാണ് മുത്തങ്ങ സമര പോരാളികളുടെ നീതിസംഗമം സംഘടിപ്പിച്ചത്. 23 വർഷങ്ങൾക്ക് ശേഷം മുത്തങ്ങ കേസിൽ വിധി വന്ന സാഹചര്യത്തിൽ ഇവർ അവരുടെ അനുഭവങ്ങൾ പങ്കുവച്ചു.
പലരും സംസാരിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. സംഘർഷത്തിൽ വെടിയേറ്റ് മരിച്ചെന്ന് ആദ്യം കരുതിയ ബാലന്റെ യഥാർത്ഥ സംഭവങ്ങൾ അതിന്റെ ഗൗരവത്തിൽ ചർച്ച ചെയ്യപ്പെട്ടിട്ടില്ലെന്ന് അഭിപ്രായപ്പെട്ടു. ‘‘രണ്ടുമാസത്തോളം നീണ്ട സമരത്തിനിടെ ഭരണകൂടം ഒരുതവണ പോലും സന്ധിസംഭാഷണത്തിലേക്ക് വന്നില്ല. അങ്ങനെയുണ്ടായിരുന്നെങ്കിൽ ജോഗിയും പോലീസുകാരൻ വിനോദും മരിക്കില്ലായിരുന്നു. സമരത്തെ അടിച്ചൊതുക്കാൻ ഫെബ്രുവരി 17-ന് ഗോത്രവിഭാഗത്തിൽപ്പെട്ട വനംവാച്ചർമാർ ശ്രമിച്ചിരുന്നു. 19-ന് ജീവിതത്തിൽ ആദ്യമായി അത്രയധികം പോലീസുകാരെയും വാഹനങ്ങളെയും കണ്ടപ്പോൾ സ്വാഭാവികമായ ഭയം തോന്നിയിരുന്നു, എന്നാൽ പിന്നോട്ടു പോകാതെ മുന്നിൽ നിന്ന ഒരാളെന്ന അഭിമാനമുണ്ട്. എന്റെ ഭാര്യ മീനയും, രണ്ടുകുട്ടികളും, അച്ഛനമ്മമാരും സഹോദരിയും ഭർത്താവും അവരുടെ രണ്ടുമക്കളുമാണ് സമരത്തിൽ ഉണ്ടായിരുന്നത്. സംഘർഷത്തിൽ അവരെ രക്ഷിക്കാൻ നിൽക്കുന്നതിന് പകരം, എന്റെ മനസ്സിൽ വന്നത് മരിച്ചാലും വേണ്ടില്ല, ആദിവാസി സഹോദരങ്ങൾക്ക് ഭൂമി ലഭിക്കണം എന്നതായിരുന്നു. മാതാപിതാക്കൾ പോലീസ് മർദനത്തിന്റെ ഭാഗമായ പ്രയാസങ്ങൾ അനുഭവിച്ച് പിന്നീട് വേഗത്തിൽ മരിച്ചു. സഹോദരിഭർത്താവ് രണ്ടുകുട്ടികളെ കൈയിൽ പിടിച്ച് ഓടുകയായിരുന്നു. മുന്നോട്ടുപോകാൻ കഴിയാതെ വന്നപ്പോൾ ഒരാളെ താഴെ വെച്ചോടി. മണിക്കൂറുകളോളം ഒറ്റപ്പെട്ടുപോയ കുട്ടി ഇന്ന് എം.എസ്.ഡബ്ല്യു. വിദ്യാർത്ഥിയായ എന്റെ മകൾ അക്സയാണ്...’’ - ഓർമ്മകളുടെ നോവിൽ വിതുമ്പിപ്പോയെങ്കിലും, രണ്ടുഫെബ്രുവരി പാട്ടുംപാടിയാണ് ബാലൻ പ്രതികരണം അവസാനിപ്പിച്ചത്.



















