Preparations for Bali Tharpanam: ബലിതർപ്പണത്തിനൊരുങ്ങി ക്ഷേത്രങ്ങൾ

കൊല്ലം: തിരുമുല്ലവാരത്ത് ബലിതർപ്പണത്തിനുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക് എത്തിച്ചേരുന്നു. ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ വിവിധ ഹൈന്ദവ സംഘടനകളും ബലിതർപ്പണത്തിന
കൊല്ലം: തിരുമുല്ലവാരത്ത് ബലിതർപ്പണത്തിനുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക് എത്തിച്ചേരുന്നു. ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ വിവിധ ഹൈന്ദവ സംഘടനകളും ബലിതർപ്പണത്തിനായി പന്തലുകൾ ഒരുക്കുന്നു. ദേവസ്വം ബോർഡിന്റെ 2,000 ചതുരശ്ര അടി വിസ്തൃതി വരുന്ന പ്രധാന പന്തൽ ക്ഷേത്രക്കുളത്തിന്റെ വടക്കുഭാഗത്തായാണ് സ്ഥിതിചെയ്യുന്നത്. ഇതിനു പടിഞ്ഞാറ് ദേവസ്വം ബോർഡിന്റെ കീഴിൽ മൂന്ന് കൂടുതൽ പന്തലുകൾ ഒരുക്കിയിട്ടുണ്ട്. വിശ്വഹിന്ദു പരിഷത്ത്, ബലിതർപ്പണഭൂമി സംരക്ഷണ ട്രസ്റ്റ്, എസ്.എൻ.ഡി.പി. യോഗം ശാഖ എന്നിവയും ബലിതർപ്പണത്തിന് ആവശ്യമായ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഈ വർഷം 50 കർമികളെയും, ഓരോരുത്തരോടും നാല് പരികർമികൾ ഉൾപ്പെടെ 200 പേരെയും ദേവസ്വം ബോർഡ് നിയോഗിച്ചിട്ടുണ്ട്. കർക്കിടകവാവു ബലിതർപ്പണത്തോടനുബന്ധിച്ച് ജില്ലയിൽ ബലിതർപ്പണകേന്ദ്രങ്ങളിൽ നടക്കുന്ന ചടങ്ങുകൾ കർശനമായി ഹരിതചട്ടം പാലിച്ച് നടത്തണമെന്ന് ശുചിത്വ മിഷൻ ജില്ലാ കോഡിനേറ്റർ അറിയിച്ചു. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ഒഴിവാക്കി പുനരുപയോഗിക്കാവുന്ന വസ്തുക്കൾ ഉപയോഗിക്കണം. ബലിതർപ്പണത്തിനുശേഷം പൂജാസാമഗ്രികൾ, ഭക്ഷ്യാവശിഷ്ടങ്ങൾ, മറ്റ് മാലിന്യം എന്നിവ നദികളിലോ കടലിലോ പൊതുസ്ഥലങ്ങളിലോ വലിച്ചെറിയരുത്.
ജില്ലയിലെ പ്രധാന ബലിതർപ്പണകേന്ദ്രങ്ങളായ തിരുമുല്ലവാരം, മുണ്ടയ്ക്കൽ പാപനാശം, പരവൂർ കോങ്ങാൽ പനമൂട് കുടുംബ മഹാദേവ ക്ഷേത്രം, പരവൂർ കോങ്ങാൽ പനമൂട്ടിൽ പരബ്രഹ്മക്ഷേത്രം, അഷ്ടമുടി വീരഭദ്രസ്വാമിക്ഷേത്രം, മയ്യനാട് താന്നി സ്വർഗപുരം ദേവീക്ഷേത്രം എന്നിവയുടെ 2 കിലോമീറ്റർ ചുറ്റളവിൽ മദ്യനിരോധനം ഏർപ്പെടുത്തിയതായി കളക്ടർ ആനി ജൂലാ തോമസ് ഉത്തരവിട്ടു. 12-ന് പുലർച്ചെ 12 മുതൽ ഉച്ചയ്ക്ക് 12 വരെയാണ് നിരോധനം. കൊല്ലം: കർക്കടകവാവുബലിയോട് അനുബന്ധിച്ച് കൊല്ലം നഗരത്തിലും പരിസരപ്രദേശങ്ങളിലും ചൊവ്വാഴ്ച വൈകുന്നേരം മുതൽ ബലിതർപ്പണം അവസാനിക്കുന്നതുവരെ ഗതാഗതക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി കൊല്ലം സിറ്റി പോലീസ് കമ്മിഷണർ അറിയിച്ചു. ബലിതർപ്പണത്തിന് തിരുമുല്ലവാരം ക്ഷേത്രത്തിലെത്തുന്ന ഭക്തർക്കുള്ള സ്വകാര്യ, കെ.എസ്.ആർ.ടി.സി. ഓർഡിനറി ബസുകൾ കൊല്ലം കളക്ടറേറ്റ്-കാങ്കത്തുമുക്ക്-വെള്ളയിട്ടമ്പലം വഴി സർവീസ് നടത്തണം. ചിന്നക്കടയിൽനിന്നു വരുന്ന വാഹനങ്ങൾ കാങ്കത്തുമുക്കിൽ സൺ ബേ ഓഡിറ്റോറിയംമുതൽ നെല്ലിമുക്ക് ഭാഗംവരെ വാഹനം നിർത്തി യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യണം. ചവറ ഭാഗത്തുനിന്ന് കൊല്ലത്തേക്കു വരുന്ന വാഹനങ്ങൾ മുളങ്കാടകം ക്ഷേത്രകവാടത്തിനു വടക്കുഭാഗംമുതൽ മുളങ്കാടകം സ്കൂളിന്റെ ഭാഗംവരെ വാഹനം നിർത്തി യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യണം. തിരുവനന്തപുരത്തുനിന്ന് ആലപ്പുഴ ഭാഗത്തേക്ക് വരുന്ന വലിയ വാഹനങ്ങളും പരമാവധി ചെറിയ വാഹനങ്ങളും മേവറത്തുനിന്നു തിരിഞ്ഞ് ബൈപ്പാസിലൂടെ പോകണം. ആലപ്പുഴയിൽനിന്ന് തിരുവനന്തപുരം ഭാഗത്തേക്കു വരുന്ന വാഹനങ്ങൾ കാവനാട് ബൈപ്പാസ് വഴിയും സഞ്ചരിക്കണം.





















