Mission Towards Light: വെളിച്ചത്തിലേക്കുള്ള ദൗത്യം രൂപത മുന്നോട്ടുകൊണ്ടുപോകണം -മുഖ്യമന്ത്രി

കൊല്ലം രൂപതയുടെ 700-ാം വാർഷികാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. അന്ധകാരത്തിൽനിന്നു വെളിച്ചത്തിലേക്കെന്ന ക്രൈസ്തവസന്ദേശത്തെ അടിസ്ഥാനമാക്കിയുള്ള ദൗത്യം കൊല്ലം രൂപത മു
കൊല്ലം രൂപതയുടെ 700-ാം വാർഷികാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. അന്ധകാരത്തിൽനിന്നു വെളിച്ചത്തിലേക്കെന്ന ക്രൈസ്തവസന്ദേശത്തെ അടിസ്ഥാനമാക്കിയുള്ള ദൗത്യം കൊല്ലം രൂപത മുന്നോട്ടുകൊണ്ടുപോകണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. ഇന്ത്യയിലെ ആദ്യ റോമൻ കത്തോലിക്കാ രൂപതയായ കൊല്ലം രൂപതയുടെ 700-ാം വാർഷികാഘോഷങ്ങളുടെ ത്രിവത്സരപദ്ധതി പട്ടത്താനം ഭാരതരാജ്ഞി ഇടവക ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ ആഘോഷങ്ങൾ 700 വർഷങ്ങൾക്കുള്ളിൽ സഭയുടെ സ്നേഹം, കാരുണ്യം, സ്വാതന്ത്ര്യം, സമത്വം എന്നിവയെ ഉയർത്തിപ്പിടിക്കുന്ന ദൗത്യത്തിന്റെ പ്രതീകമാണ്. കേരളത്തിലെ സാമൂഹിക, വിദ്യാഭ്യാസ മേഖലകളിൽ മിഷനറിമാരുടെയും സഭയുടെയും പ്രവർത്തനങ്ങൾ നിർണായകമായ പങ്കുവഹിച്ചു. പിന്നാക്കവിഭാഗങ്ങൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കാനും അടിമത്തത്തിനെതിരായ പോരാട്ടത്തിനും അച്ചടിയുടെ വളർച്ചയ്ക്കും സഭയുടെ പ്രവർത്തനങ്ങൾ വഴിയൊരുക്കിയെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ തിരുവനന്തപുരം ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ അധ്യക്ഷനായി. വിശ്വാസത്തിനൊപ്പം വിദ്യാഭ്യാസം, സാമൂഹിക സേവനം, ആരോഗ്യ സേവനം എന്നിവയിൽ രൂപത നൽകിയ സംഭാവനകൾ ഏറെ ശ്രദ്ധേയമാണ്. 'പ്രത്യാശയുടെ തീർഥാടകർ' എന്ന നിലയിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ, പരിസ്ഥിതിസംരക്ഷണം, സാമൂഹിക ഉന്നമനം എന്നിവയ്ക്ക് ഊന്നൽ നൽകുമെന്നും കൊല്ലം ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി പറഞ്ഞു. മാർപാപ്പയുടെ ഇന്ത്യൻ സ്ഥാനപതിയുടെ പേപ്പൽ സന്ദേശം ജൂബിലി ആഘോഷ കമ്മിറ്റി കൺവീനർ ഫാ. ജോസഫ് ജോൺ വായിച്ചു. രൂപത പി.ആർ.ഒ. ഫാ. ലാസർ എസ്.പട്ടകടവ് പരിഭാഷപ്പെടുത്തി. ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ.നെറ്റോ തെളിച്ച ക്രിസ്തുജ്യോതി ജൂബിലി ദീപം, ജൂബിലി ആഘോഷ കമ്മിറ്റി ജനറൽ കൺവീനർ ഫാ. സേവ്യർ ലാസർ സ്വീകരിച്ചു. കൊല്ലം രൂപത മുൻ മെത്രാൻ ബിഷപ്പ് സ്റ്റാൻലി റോമനും അനുഗ്രഹപ്രഭാഷണം നടത്തി. ചടങ്ങിൽ മന്ത്രിമാരായ ഷിബു ബേബിജോൺ, ബിന്ദു കൃഷ്ണ, പി.സി. വിഷ്ണുനാഥ്, എം.എൽ.എ. വിഷ്ണു മോഹൻ, മേയർ എ.കെ. ഹഫീസ്, വിമലഹൃദയ സഭ മദർ ജനറൽ സിസ്റ്റർ റെനോറ മേരി, പ്രൊഫ. ഡോ. ബിജു ടെറൻസ് അരവിള, കെ.സി.വൈ.എം. രൂപത പ്രസിഡന്റ് അലക്സ് കെന്നഡി, വികാരി ജനറൽ മോൺ. ഡോ. ബൈജു ജൂലിയൻ എന്നിവർ പങ്കെടുത്തു.





















