Bus Service Issues in Kalammuri:കാളമുറിയിൽ ബസ്സോടുള്ള പ്രശ്നങ്ങൾ

കയ്പമംഗലം : ദേശീയപാതയിൽ അടിപ്പാത വരുന്നത് ഇത്രവലിയ ദുരിതമാകുമെന്ന് കാളമുറിക്കാർ കരുതിക്കാണില്ല. അടിപ്പാതയുടെ മേൽപ്പാലം തുറന്നുകൊടുത്തതോടെ ബസിൽ യാത്ര ചെയ്യാൻ പാട
കയ്പമംഗലം : ദേശീയപാതയിൽ അടിപ്പാത വരുന്നത് ഇത്രവലിയ ദുരിതമാകുമെന്ന് കാളമുറിക്കാർ കരുതിക്കാണില്ല. അടിപ്പാതയുടെ മേൽപ്പാലം തുറന്നുകൊടുത്തതോടെ ബസിൽ യാത്ര ചെയ്യാൻ പാടുപെടുകയാണ് ഇവിടത്തുകാർ. സർവീസ് റോഡിലൂടെ വന്ന് കാളമുറി സ്റ്റോപ്പിൽ ആളെ ഇറക്കുകയും കയറ്റുകയും ചെയ്യേണ്ട ബസുകൾ ഇപ്പോൾ തോന്നിയപോലെയാണ് പോകുന്നത്.
വല്ലപ്പോഴും മാത്രം സർവീസ് റോഡ് വഴിവരുന്ന ബസുകൾ മിക്കപ്പോഴും മേൽപ്പാലം വഴിയാണ് പോകുന്നത്. സർവീസ് റോഡ് വഴി വന്നാലേ കാളമുറി സെന്ററിലെ സ്റ്റോപ്പിൽനിന്ന് ആളുകൾക്ക് കയറാനും ഇറങ്ങാനും കഴിയു. ബസ് ജീവനക്കാരുടെ നടപടി കാരണം കാളമുറി സെന്ററിൽ ബസ് കാത്തുനിൽക്കുന്ന യാത്രക്കാർ മണിക്കൂറോളം കഴിഞ്ഞിട്ടും ബസ് കാണാതാകുന്നതോടെ കിലോമീറ്ററോളം അകലെയുള്ള പനമ്പിക്കുന്നിലേക്ക് നടന്നുപോയി അവിടെ നിന്ന് ബസ് കയറേണ്ട അവസ്ഥയാണ്. തിരിച്ചുവരുമ്പോൾ കാളമുറിയിൽ ഇറങ്ങേണ്ട യാത്രക്കാരെ പനമ്പിക്കുന്നിലോ കയ്പമംഗലം പന്ത്രണ്ടിലോ ഇറക്കിവിടുകയാണ് ബസ് ജീവനക്കാർ ചെയ്യുന്നത്. നാലു മാസത്തിലധികമായി ഇതാണ് ഇവിടത്തെ അവസ്ഥ.
സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസും ഓർഡിനറി ബസും കെ.എസ്.ആർ.ടി.സി. ബസുമെല്ലാം ഇതേ നില തുടരുകയാണ്. രാത്രി ദീർഘദൂരത്തുനിന്നും വരുന്നവരെപ്പോലും കെ.എസ്.ആർ.ടി.സി. ജീവനക്കാർ ഒരു കിലോമീറ്റർ അകലെയുള്ള പനമ്പിക്കുന്നിൽ ഇറക്കിവിട്ടതായും യാത്രക്കാർ പറയുന്നു. സർവീസ് റോഡിലെ കുണ്ടുംകുഴിയും മൂലം ബസ് ഓടിക്കാൻ കഴിയില്ലെന്ന കാരണമാണ് ബസ് ജീവനക്കാർ ഇതിന് പറയുന്നത്. എന്നാൽ എൻ.എച്ച്. നിർമാണക്കമ്പനി ഈയിടെ സർവീസ് റോഡിൽ കുഴികൾ അടച്ചിട്ടും ബസ് ജീവനക്കാർ പഴയപടി തുടരുകയാണ്. ലിമിറ്റഡ് സ്റ്റോപ്പ് ഉൾപ്പെടെ എല്ലാ ബസുകളും നിർത്തിയിരുന്ന പ്രധാന സെന്ററായിരുന്നു കാളമുറി. ചളിങ്ങാട്, പള്ളിനട, ഗ്രാമലക്ഷ്മി, കയ്പമംഗലം ബീച്ച് തുടങ്ങിയ സ്ഥലങ്ങളിലെ വിദ്യാർഥികളും മറ്റു യാത്രക്കാരും ഉൾപ്പെടെ അനേകം പേരാണ് ദിവസവും ഇവിടെനിന്ന് ബസിൽ കയറിയിരുന്നത്. നടപടി എടുക്കേണ്ട ആർ.ടി.ക്ക് പല തവണ പരാതി നൽകിയിട്ടും ഇടപെടില്ലെന്നും യാത്രക്കാർ പറയുന്നു.


















