High Mast Lights Out of Service: ഹൈമാസ്റ്റുകൾ കണ്ണടച്ചു ഇരുട്ടിലായി മലയോര ടൗണുകൾ

കാളികാവ്: ഹൈമാസ്റ്റ് ലൈറ്റുകളും തെരുവുവിളക്കുകളും പ്രവർത്തനരഹിതമായതോടെ മലയോര ഹൈവേയിൽ പ്രധാന അങ്ങാടികൾ ഇരുട്ടിലായി. കാളികാവ്, ഉദരംപൊയിൽ, പുല്ലങ്കോട്, കേളുനായർപടി
കാളികാവ്: ഹൈമാസ്റ്റ് ലൈറ്റുകളും തെരുവുവിളക്കുകളും പ്രവർത്തനരഹിതമായതോടെ മലയോര ഹൈവേയിൽ പ്രധാന അങ്ങാടികൾ ഇരുട്ടിലായി. കാളികാവ്, ഉദരംപൊയിൽ, പുല്ലങ്കോട്, കേളുനായർപടി, കല്ലാമൂല എന്നിവിടങ്ങളിലെ ഹൈമാസ്റ്റ് ലൈറ്റുകളിലെ ബൾബുകൾ തകരാറിലായതോടെ രാത്രികാല യാത്രയും വ്യാപാരപ്രവർത്തനങ്ങളും പ്രതിസന്ധിയിലാണെന്ന് നാട്ടുകാർ പറയുന്നു. ലക്ഷങ്ങൾ ചെലവഴിച്ച് കാളികാവ് ജങ്ഷനിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ തകരാർ കഴിഞ്ഞ ആഴ്ച പരിഹരിച്ചെങ്കിലും ദിവസങ്ങൾക്കകം വീണ്ടും ഒരു ഭാഗത്തെ ബൾബ് പ്രവർത്തനരഹിതമായി. പുല്ലങ്കോട് അങ്ങാടിയിലെ ഹൈമാസ്റ്റ് പൂർണമായും കണ്ണടച്ചതിനാൽ വ്യാപാരസ്ഥാപനങ്ങൾ അടയ്ക്കുന്നതോടെ പ്രദേശം ഇരുട്ടിലാകുകയാണ്. ഉദരംപൊയിൽ ജങ്ഷനിൽ പകുതിയോളം ബൾബുകൾ മാത്രമാണ് പ്രവർത്തിക്കുന്നത്. കേളുനായർപടിയിൽ ഒരു ബൾബും കല്ലാമൂലയിൽ നാല് ബൾബുകളും തകരാറിലാണ്. ചോക്കാട് പഞ്ചായത്തിന്റെ അതിർത്തിയായ മങ്കുണ്ട് മുതൽ കോട്ടപ്പുഴ പാലം വരെയുള്ള മലയോര ഹൈവേയിൽ തെരുവുവിളക്കുകൾ സ്ഥാപിക്കാത്തതും യാത്രക്കാർക്ക് പ്രയാസമാണ്. ഹൈവേ നിർമാണത്തിന്റെ ഭാഗമായി പഴയ തെരുവുവിളക്കുകൾ നീക്കംചെയ്തെങ്കിലും പകരം പുതിയ സംവിധാനങ്ങൾ സ്ഥാപിച്ചിട്ടില്ല. തെരുവുനായ ശല്യത്തിനൊപ്പം കാട്ടുപന്നികളും കാട്ടാനകളും രാത്രിയിൽ ഹൈവേയിലേക്ക് ഇറങ്ങുന്നത് പതിവാണ്. ഈ സാഹചര്യത്തിൽ വെളിച്ചമില്ലായ്മ യാത്രക്കാരുടെ ആശങ്ക കൂട്ടുകയാണ്. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിനുശേഷം തെരുവുവിളക്കുകൾ പുനഃസ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചെങ്കിലും നടപടി ഉണ്ടായിട്ടില്ല എന്നാണ് നാട്ടുകാർ പറയുന്നത്. ഹൈമാസ്റ്റ് ലൈറ്റുകളുടെയും വഴിവിളക്കുകളുടെയും വാർഷിക അറ്റകുറ്റപ്പണികൾ യഥാസമയം നടത്താത്തതാണ് നിലവിലെ അവസ്ഥയ്ക്ക് പ്രധാന കാരണമായത്. പഞ്ചായത്തിലെ എല്ലാ തെരുവുവിളക്കുകളും പ്രവർത്തനക്ഷമമാക്കുന്നതിനുള്ള പ്രത്യേക പദ്ധതി ബോർഡ് യോഗത്തിൽ അംഗീകരിച്ചിട്ടുണ്ടെന്നും പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും ഒരു മാസത്തിനകം പരിഹാരം ഉറപ്പാക്കുമെന്നും ചോക്കാട് പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ അഭിപ്രായപ്പെട്ടു.

















