Work on Kalady Bridge Phase Two Begins:കാലടി പാലത്തിൽ രണ്ടാംഘട്ട പ്രവൃത്തി തുടങ്ങി

കാലടി : ശ്രീ ശങ്കരപാലത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനുള്ള രണ്ടാംഘട്ട പ്രവൃത്തികൾ ആരംഭിച്ചു. പാലത്തിലെ ടാറിങ് പൂർണ്ണമായും നീക്കം ചെയ്യുന്നതാണ് ഈ പ്രവൃത്തി.
കാലടി : ശ്രീ ശങ്കരപാലത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനുള്ള രണ്ടാംഘട്ട പ്രവൃത്തികൾ ആരംഭിച്ചു. പാലത്തിലെ ടാറിങ് പൂർണ്ണമായും നീക്കം ചെയ്യുന്നതാണ് ഈ പ്രവൃത്തി. ഈ ഘട്ടത്തിൽ ടാറിങ് ഇല്ല. രാത്രി 10 മുതൽ രാവിലെ 6 വരെ ഗതാഗതം നിരോധിച്ചാണ് പണി നടത്തുന്നത്. ശനിയാഴ്ച രാത്രി പണിതുടങ്ങി. ബുധനാഴ്ച കർക്കടകവാവ് ബലിതർപ്പണം നടക്കുന്നതിനാൽ ചൊവ്വാഴ്ച രാത്രി വാഹനനിരോധനം ഉണ്ടാകില്ല. 14 വരെയാണ് പ്രവൃത്തി നിശ്ചയിച്ചിട്ടുള്ളത്. പാലത്തിൽ പലതവണയായി ചെയ്ത ടാറിങ് 30 സെ.മി. വരെ ഉയരത്തിൽ പല ലെയറുകളായി കിടക്കുകയാണ്. അതിനാൽ പാലത്തിൽ കുഴികൾ രൂപപ്പെടുമ്പോൾ ആഴം കൂടുന്നു. ഈ പ്രശ്നം ഒഴിവാക്കാൻ മൊത്തം ടാറിങ് നീക്കി സ്ലാബ് കാണുന്ന അവസ്ഥയിലാക്കും. രണ്ട് പ്രവേശനഭാഗത്തും വാഹനത്തിന്റെ ചാട്ടം ഒഴിവാക്കുന്നതിനായി ലെവൽ ചെയ്യുന്ന പ്രവൃത്തിയും ഉണ്ടാകും. മൊത്തം ടാറിങ് നീക്കംചെയ്യുന്നതോടെ ഗതാഗത തടസ്സം ഒഴിവാകുമെന്ന് പ്രതീക്ഷിക്കുന്നതായി പി.ഡബ്ള്യു.ഡി. ഉദ്യോഗസ്ഥർ പറഞ്ഞു. പാലത്തിൽ ടാറിങ്ങിനായി ഒരുകോടിയിൽപ്പരം രൂപ അനുവദിച്ചുകിടക്കുന്നുണ്ട്. ഈ പ്രവൃത്തി പുതിയപാലം പണി പൂർത്തിയായ ശേഷമേ ഉണ്ടാകൂ. 20 ദിവസം പാലം പൂർണമായും അടച്ചിടുമ്പോഴുള്ള ബുദ്ധിമുട്ട് കണക്കിലെടുത്തുകൂടിയാണിത്. രണ്ടാംഘട്ട പ്രവൃത്തി വിലയിരുത്തി ആവശ്യമെങ്കിൽ മഴ മാറിനിൽക്കുമ്പോൾ ചെറിയതോതിൽ ടാറിങ് നടത്താനും ഉദ്ദേശിക്കുന്നുണ്ട്. നിലവിൽ പാലത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഉതകുന്ന കാര്യങ്ങൾ മാത്രമാണ് പരിഗണിച്ചിട്ടുള്ളതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഒന്നാംഘട്ടത്തിൽ പാലത്തിന്റെ താന്നിപ്പുഴയിൽനിന്നും കാലടിയിൽ നിന്നുമുള്ള പ്രവേശന ഭാഗങ്ങളിലെ ടാർ നീക്കം ചെയ്തിരുന്നു. എന്നാൽ, ഈ പ്രവൃത്തി കൊണ്ട് ഉദ്ദേശിച്ച ഗുണം കിട്ടിയില്ല. ഗതാഗതക്കുരുക്ക് തുടർന്നു. മഴ കനത്തപ്പോൾ പാലത്തിന്റെ നടുക്ക് പലയിടത്തായി വലിയ കുഴികൾ രൂപപ്പെടുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പാലത്തിലെ ടാറിങ് മുഴുവനായും നീക്കംചെയ്യാൻ തീരുമാനിച്ചത്. ജനുവരി മാസത്തിൽ പുതിയ പാലം പണി പൂർത്തീകരിക്കാനാകുമെന്നാണ് കഴിഞ്ഞദിവസം ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്. മഴയും പ്രതികൂല കാലാവസ്ഥയും പണിയെ ബാധിക്കുന്നുണ്ട്. നിശ്ചയിച്ചതിലും ഒന്നരവർഷത്തോളം അധികം പണി നീണ്ടുപോയിരിക്കുകയാണ്.

















