Heavy Rain Impact in Kerala: സംസ്ഥാനത്ത് മഴക്കെടുതി 45000 കർഷകരെ ബാധിച്ചു, മൊത്തം 121 കോടിയുടെ കൃഷിനാശം, സഹായം നൽകുമെന്നും മന്ത്രി; കർഷക അവാർഡുകളും പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴയിൽ 121 കോടി രൂപയുടെ കൃഷിനാശം സംഭവിച്ചതായി കൃഷിമന്ത്രി ടി സിദ്ദീഖ് അറിയിച്ചു. 9,332 ഹെക്ടർ സ്ഥലത്തെ കൃഷി വെള്ളപ്പൊ
തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴയിൽ 121 കോടി രൂപയുടെ കൃഷിനാശം സംഭവിച്ചതായി കൃഷിമന്ത്രി ടി സിദ്ദീഖ് അറിയിച്ചു. 9,332 ഹെക്ടർ സ്ഥലത്തെ കൃഷി വെള്ളപ്പൊക്കത്തിൽ ബാധിക്കപ്പെട്ടതോടെ 45000 കർഷകർക്ക് വലിയ നഷ്ടം നേരിടേണ്ടി വന്നിട്ടുണ്ട്. കർഷകരെ എങ്ങനെ സഹായിക്കാമെന്ന് തീരുമാനിക്കാൻ ചൊവ്വാഴ്ച ധനകാര്യ ഏജൻസികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. നിലവിൽ ചില പ്രദേശങ്ങളിൽ ജലനിരപ്പ് കുറയുന്നത് ആശ്വാസം നൽകുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
കർഷക അവാർഡുകൾ സംബന്ധിച്ചും കൃഷിമന്ത്രി വാർത്താസമ്മേളനത്തിൽ വിവരങ്ങൾ പങ്കുവച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിലുള്ള കാർഷിക മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള അവാർഡിന് പത്മശ്രീ ചെറുവയൽ രാമൻ അർഹനായി. മുൻ മുഖ്യമന്ത്രി സി അച്യുതമേനോന്റെ പേരിലുള്ള മികച്ച സേവനങ്ങൾ കാഴ്ചവെച്ച തദ്ദേശ സ്ഥാപനങ്ങൾക്കുള്ള അവാർഡ് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിനും കണ്ണൂർ ഉളിക്കൽ ഗ്രാമപഞ്ചായത്തിനും ലഭിച്ചു. മികച്ച കൃഷിഭവനുള്ള വി വി രാഘവൻ സ്മാരക അവാർഡിന് പത്തനംതിട്ടയിലെ കുറ്റൂർ കൃഷിഭവൻ അർഹമായി.
09/08/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ അറിയിച്ചു. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി, തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ), തൃശൂർ (ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ) ജില്ലകളിലെ തീരങ്ങളിൽ 10/08/2026 വൈകുന്നേരം 05.30 വരെ 1.2 മുതൽ 1.8 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി 10/08/2026 ഉച്ചയ്ക്ക് 02.30 വരെ കന്യാകുമാരി തീരത്ത് 1.7 മുതൽ 1.8 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് INCOIS അറിയിച്ചു.




















