NATO-style Alliance: നാറ്റോ മാതൃകയിൽ അച്ചുതണ്ട് സഖ്യം; പാകിസ്താനൊപ്പം ഇനിയും ആരൊക്കെ?

പശ്ചിമേഷ്യൻ, യൂറേഷ്യൻ, ദക്ഷിണേഷ്യൻ സുരക്ഷാ മേഖലകളിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുന്ന പ്രതിരോധ സഹകരണമാണ് പാകിസ്താൻ, തുർക്കി, സൗദി അറേബ്യ എന്നീ രാജ്യങ്ങൾ ചേർന്ന് രൂപീകര
പശ്ചിമേഷ്യൻ, യൂറേഷ്യൻ, ദക്ഷിണേഷ്യൻ സുരക്ഷാ മേഖലകളിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുന്ന പ്രതിരോധ സഹകരണമാണ് പാകിസ്താൻ, തുർക്കി, സൗദി അറേബ്യ എന്നീ രാജ്യങ്ങൾ ചേർന്ന് രൂപീകരിച്ചിരിക്കുന്നത്. 2025 സെപ്റ്റംബർ 17-ന് റിയാദിലെ അൽ-യമാമ കൊട്ടാരത്തിൽ വെച്ച് പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും ഒപ്പുവെച്ച ചരിത്രപരമായ 'സ്ട്രാറ്റജിക് മ്യൂച്വൽ ഡിഫൻസ് അഗ്രിമെന്റ്' ആണ് ഈ സഹകരണത്തിന്റെ അടിത്തറയിട്ടത്. ഒരു രാജ്യത്തിന് നേരെ ഉണ്ടാകുന്ന ആക്രമണത്തെ ഇരുരാജ്യങ്ങൾക്കും എതിരായ ആക്രമണമായി കണക്കാക്കുമെന്നതായിരുന്നു ഇതിലെ പ്രധാന വ്യവസ്ഥ. ഈ സഹകരണത്തെ വിശാലമാക്കിയാണ് തുർക്കിയും കൂടെക്കൂടിയത്. ഇതോടെ ഇതൊരു ത്രിരാഷ്ട്ര അച്ചുതണ്ടായി മാറി. 2026 ഓഗസ്റ്റിൽ ജിദ്ദയിലും മക്കയിലും നടന്ന ഉച്ചകോടിയിൽ വെച്ചാണ് തുർക്കി പ്രസിഡന്റ് റെസെപ് Tayyip Erdoğan, പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്, പാക് ആർമി ചീഫ് ഫീൽഡ് മാർഷൽ അസിം മുനീർ, സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ എന്നിവർ പങ്കെടുത്തുകൊണ്ട് ഈ സുരക്ഷാ ബന്ധം ഒരു ത്രിരാഷ്ട്ര പ്രതിരോധ കരാറായി വികസിപ്പിക്കുന്നതിനുള്ള നിർണായക തീരുമാനമെടുത്തത്. ഏകദേശം പത്ത് മാസത്തിലേറെയായി ചർച്ച നടത്തിയാണ് ഈ പ്രതിരോധ സഹകരണം രൂപീകരിച്ചത്.
പശ്ചിമേഷ്യൻ, യൂറേഷ്യൻ, ദക്ഷിണേഷ്യൻ സുരക്ഷാ മേഖലകളിലെ ശാക്തിക സന്തുലനത്തെ പുനർനിർവചിക്കുകയാണ് കരാർ ഒപ്പിട്ടതോടെ സംഭവിച്ചിരിക്കുന്നത്. അമേരിക്കയിൽ നിന്ന് ലഭിച്ചിരുന്ന പഴയ സുരക്ഷാ ഉറപ്പുകളുടെ വിശ്വസനീയത കുറഞ്ഞതും, പശ്ചിമേഷ്യയിൽ ഇസ്രായേൽ-ഇറാൻ, യുഎസ്- ഇറാൻ സംഘർഷവുമാണ് ഈ കരാറിനെ വേഗത്തിൽ യാഥാർഥ്യമാക്കുന്നതിലേക്ക് നയിച്ചത് എന്നാണ് വിലയിരുത്തൽ. പശ്ചിമേഷ്യയിൽ അമേരിക്കയും ഇസ്രയേലും തുടങ്ങിവെച്ച സംഘർഷത്തിലൂടെ ഉണ്ടായ പ്രാദേശിക അസ്ഥിരതയാണ് സൗദി അറേബ്യയെയും തുർക്കിയെയും പുതിയ സുരക്ഷാ അച്ചുതണ്ടുകൾ തേടാൻ പ്രേരിപ്പിച്ചത്. ഗാസയിലെയും ലെബനനിലെയും സൈനിക നടപടികളും, ഹോർമുസ് കടലിടുക്കിലും ചെങ്കടലിലും കപ്പൽ ഗതാഗതത്തിന് നേരിട്ട തടസ്സങ്ങളും ഗൾഫ് മേഖലയിലെ രാജ്യങ്ങളുടെ പരമ്പരാഗത സുരക്ഷാ കാഴ്ചപ്പാടുകളിൽ നിർണായകമായ മാറ്റമുണ്ടാക്കി. ഈ സാഹചര്യത്തിലാണ് ആണവായുധ ശേഷിയുള്ള പാകിസ്താനും, നാറ്റോയിലെ രണ്ടാമത്തെ വലിയ സൈനിക ശക്തിയായ തുർക്കിയും, വലിയ സാമ്പത്തിക-ഊർജ്ജ ശേഷിയുള്ള സൗദി അറേബ്യയും ഒരു തന്ത്രപരമായ കുടക്കീഴിൽ അണിനിരക്കുന്നത്.





















