US seeks ways to withdraw from Iran: ഇറാനുമായുള്ള യുദ്ധത്തിൽനിന്ന് പിന്മാറാനുള്ള വഴികൾ തേടി US സൈനിക മേധാവിയുടെ രഹസ്യ ചർച്ച

വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധത്തിൽ നിന്നും പിന്മാറാനുള്ള ശ്രമത്തിൽ ട്രംപ് ഭരണകൂടം. നിലവിലെ സംഘർഷത്തെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ച്, യുഎസ് ജോയിന്റ് ചീഫ്സ് ഓഫ് സ്
വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധത്തിൽ നിന്നും പിന്മാറാനുള്ള ശ്രമത്തിൽ ട്രംപ് ഭരണകൂടം. നിലവിലെ സംഘർഷത്തെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ച്, യുഎസ് ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയർമാൻ ഡാൻ കെയ്ൻ, ട്രംപ് ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥരോട് സ്വകാര്യമായി ആവശ്യപ്പെട്ടതായി റിപ്പോർട്ട് ചെയ്യുന്നു. സംഘർഷം കൂടുതൽ മൂർച്ഛിച്ചാൽ നിലവിലെ സൈനിക നടപടികൾക്ക് തിരിച്ചടി ഉണ്ടാകാൻ സാധ്യതയുണ്ടെന്നും, വ്യോമാക്രമണം മാത്രം ഉപയോഗിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ലക്ഷ്യമിടുന്ന കാര്യങ്ങൾ നേടാൻ കഴിയില്ലെന്നും കെയ്ൻ കഴിഞ്ഞ കുറച്ച് ആഴ്ചകളിൽ ട്രംപിന്റെ മറ്റ് ഉന്നത ഉപദേശകരോട് പറഞ്ഞതായി സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. അതിനാൽ, യുദ്ധത്തിൽ നിന്ന് പിന്മാറാനുള്ള ഒരു വഴിയുണ്ടാക്കേണ്ടതുണ്ടെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു. യുദ്ധം ഒരു വഴിത്തിരിവിൽ എത്തിച്ചേരുന്നതിന്റെ കാഴ്ചപ്പാട്, ഡാൻ കെയ്ൻ മാത്രമല്ല, സൈനിക വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു. സിഐഎ ഡയറക്ടർ ജോൺ റാറ്റ്ക്ലിഫ്, വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ, വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് എന്നിവരുമായി കെയ്ൻ ആശങ്കകൾ പങ്കുവെച്ചിട്ടുണ്ട്. യുദ്ധത്തിന്റെ അടുത്ത ഘട്ടത്തെക്കുറിച്ചുള്ള കൂടിയാലോചനകൾക്കായി ട്രംപുമായി ഉന്നത ഉദ്യോഗസ്ഥർ കൂടിക്കാഴ്ച നടത്തുന്നതിന് മുമ്പ്, സൈനിക മേധാവി ഭരണകൂടത്തിലെ പ്രധാനികളെ കണ്ടത്. യുദ്ധത്തിൽനിന്ന് പിൻവാങ്ങാനുള്ള ഒരു പൊതുഅഭിപ്രായം രൂപപ്പെടുത്താനും അദ്ദേഹം കൂടിക്കാഴ്ചയിൽ ശ്രമിച്ചുവെന്ന് സിഎൻഎൻ വ്യക്തമാക്കുന്നു. ഇറാനിലേക്ക് കരസേനയെ അയക്കുന്നതിൽ ട്രംപിന് എതിർപ്പുണ്ട്. പകരം, വ്യോമാക്രമണത്തിലൂടെ തന്നെ ലക്ഷ്യങ്ങൾ നേടാനാകുമെന്ന് അദ്ദേഹത്തിന്റെ വിശ്വാസം. എന്നാൽ, ഇറാൻ ആണാവായുധം സ്വന്തമാക്കുന്നത് തടയാൻ എളുപ്പവഴിയായി ട്രംപ് തിരഞ്ഞെടുത്ത സൈനിക നടപടി ആരംഭിച്ച് ആറ് മാസങ്ങൾക്ക് ശേഷവും യുദ്ധം അനിശ്ചിതമായി നീളുകയാണ്. ഇതിന് ഇടയിൽ, ട്രംപിന്റെ ഏറ്റവും മുതിർന്ന സൈനിക ജനറൽ, യുദ്ധത്തിൽനിന്ന് പുറത്ത് കടക്കാനുള്ള വഴികൾ തേടിയുള്ള ചർച്ചയും പുറത്താകുന്നു. യുഎസ് കടുത്ത ആയുധക്ഷാമം നേരിടുന്നുവെന്ന റിപ്പോർട്ട് പുറത്ത് വന്നതോടെയാണ് സൈനിക ജനറലിന്റെ ഈ ചർച്ചയും പുറത്തുവരുന്നത്. യുഎസിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളിലെ കുറവ് സംബന്ധിച്ചും കെയ്നിന്റെ കൂടിക്കാഴ്ചകളിൽ ചർച്ചയായിട്ടുണ്ട്. ആയുധശേഖരം കുറഞ്ഞാൽ ഇറാന്റെ പ്രത്യാക്രമണങ്ങളെ ചെറുക്കാൻ കഴിയില്ലെന്ന ആശങ്ക, ഗൾഫ് സഖ്യരാജ്യങ്ങളും ഇതിനോടകം യുഎസിനോട് പങ്കുവെച്ചിട്ടുണ്ട്. വൈറ്റ് ഹൗസ് യോഗങ്ങളിൽ നിലവിലെ യുദ്ധതന്ത്രങ്ങളുടെ പരിമിതികളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും, പ്രസിഡന്റുമായുള്ള നല്ല ബന്ധം നിലനിർത്താൻ ജനറൽ കെയ്ൻ ശ്രദ്ധിക്കുന്നുണ്ടെന്നും സിഎൻഎൻ റിപ്പോർട്ടിൽ പറയുന്നു. ആക്രമണം തുടരാൻ പ്രസിഡന്റ് ഉത്തരവിട്ടാൽ യു.എസ് സൈന്യത്തിന് അതിനുള്ള കരുത്തുണ്ടെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിട്ടുമുണ്ട്.





















