Bag of Ashes: ശ്രീനിവാസന്റെ ചിതാഭസ്മം ഭാരതപ്പുഴയിൽ ഒഴുക്കി

നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്റെ ചിതാഭസ്മം കഴിഞ്ഞദിവസം തിരുവില്വാമലയ്ക്ക് സമീപം ഭാരതപ്പുഴയിൽ ഒഴുക്കി. ശ്രീനിവാസന്റെ കുടുംബത്തിനൊപ്പം സംവിധായകൻ സത്യൻ അന്തിക
നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്റെ ചിതാഭസ്മം കഴിഞ്ഞദിവസം തിരുവില്വാമലയ്ക്ക് സമീപം ഭാരതപ്പുഴയിൽ ഒഴുക്കി. ശ്രീനിവാസന്റെ കുടുംബത്തിനൊപ്പം സംവിധായകൻ സത്യൻ അന്തിക്കാടും ഭാര്യ നിമ്മിയും ആ കർമത്തിന് സാക്ഷിയാവാൻ എത്തിയിരുന്നു. സത്യന്റെയും ശ്രീനിയുടെയും ഒരുമിച്ചുള്ള ഒട്ടേറെ സിനിമായാത്രകൾക്ക് സാക്ഷിയായ ലേഖകൻ വേദനാകരമായ ഈ വേർപിരിയൽ കണ്ടുനിന്നതിന്റെ അനുഭവം എഴുതുന്നു. ഇവർ രണ്ടുപേരുടെയും എല്ലാ യാത്രകളും ഇങ്ങനെത്തന്നെയായിരുന്നു. ശ്രീനിവാസനെയും കാത്ത് കാറുമായി സത്യൻ അന്തിക്കാട് റോഡരികിൽ നിൽപ്പുണ്ടാകും. കാറിൽക്കയറി ശ്രീനിവാസൻ കുറച്ചുനേരം മിണ്ടാതിരിക്കും. പിന്നീട് ഒരു ചിരിയോടെ രണ്ടുവാക്കു ചോദിക്കും. അത് രണ്ടു പുഴകൾ ഒന്നായി ഒഴുകിത്തുടങ്ങുന്നതുപോലെയാണ്. സംസാരിച്ച്, സംസാരിച്ച് ഒഴുകിക്കൊണ്ടേയിരിക്കും. പതിവുപോലെ ഇത്തവണയും സത്യൻ കാത്തുനിൽപ്പുണ്ടായിരുന്നു. തിരുവില്വാമലയ്ക്കടുത്ത് പാമ്പാടി ഐവർമഠം ശ്രീകൃഷ്ണക്ഷേത്രത്തിന്റെ ഗെയ്റ്റിലാണു നിന്നിരുന്നത്. മഴ തകർത്തുപെയ്യുകയാണ്. മുന്നിലെ കാറിലാണ് ധ്യാൻ ശ്രീനിവാസനും കുടുംബവും വിമലയും. പുറകിലെ കാറിൽ വിനീതും കുടുംബവും. കാർ നിർത്തിയപ്പോൾ സത്യൻ പറഞ്ഞു: ‘‘ആ ബാഗ് ക്ഷേത്രപ്പറമ്പിലേക്കു കൊണ്ടുപോകേണ്ട. ഞങ്ങൾ അമ്പലത്തിനു പുറത്തുകൂടി കൊണ്ടുപോകാം. നിങ്ങൾ വണ്ടി പാർക്കുചെയ്ത് അകത്തെ വഴി വന്നോളൂ’’. തോരാമഴയിൽ കുടപിടിച്ചുനിൽക്കേ, ധ്യാൻ ശ്രീനിവാസൻ ചെറിയൊരു ബാഗെടുത്ത് സത്യന്റെ കൈയിൽക്കൊടുത്തു. സത്യനതു നെഞ്ചിലേക്കു ചേർത്തുപിടിച്ചു നടന്നുതുടങ്ങി. ആ കൊച്ചു ബാഗിൽ ശ്രീനിവാസന്റെ ചിതാഭസ്മമായിരുന്നു. അത് ഭാരതപ്പുഴയ്ക്ക് സമർപ്പിക്കാൻ നടക്കുകയാണ് എല്ലാവരും. പണ്ടും സത്യനും ശ്രീനിയും ഇങ്ങനെയായിരുന്നു. പരസ്പരം നെഞ്ചോടുചേർത്തു നടന്നവർ. ശ്രീനി മടിയനായതുകൊണ്ടു കുടപിടിക്കില്ല, സത്യൻ പിടിക്കുന്ന കുടയുടെ കീഴിൽ നടക്കാനായിരുന്നു അയാൾക്കിഷ്ടം. വാഹനങ്ങൾ ക്ഷേത്രവളപ്പിലേക്കു പോയി. മഴ ശമിച്ചുതുടങ്ങിയിരുന്നു. ജനിച്ചതും പഠിച്ചതും കണ്ണൂരിലെ പാട്യത്താണെങ്കിലും ശ്രീനിയുടെ ജീവിതം അവിടെയായിരുന്നില്ല. ആദ്യം മദ്രാസിൽ, പിന്നെ കൊച്ചിയിൽ. പക്ഷേ, സിനിമാ എഴുത്തെല്ലാം ഭാരതപ്പുഴയുടെ തീരത്തുള്ള ഷൊർണൂരും ചെറുതുരുത്തിയിലും പരിസരത്തെ സങ്കേതങ്ങളിലുമായിരുന്നു. അവിടത്തെ എല്ലാ ഗസ്റ്റ് ഹൗസുകളിലും സിനിമാക്കാരുടെ സ്ഥിരം ഹോട്ടലുകളിലും ശ്രീനിയും സത്യനും മാറിമാറി താമസിച്ചു. ഭാരതപ്പുഴ അത്രയേറെ ഇരുവരുടെയും ജീവിതവുമായി ചേർന്നുനിന്നു. എറണാകുളത്തു താമസിച്ചുള്ള എഴുത്തിലും പുഴയുടെ പേരു വിട്ടുനിന്നില്ല -ഭാരത് ടൂറിസ്റ്റ് ഹോമായിരുന്നു അവിടത്തെ സങ്കേതം.




















