Literary Insights:നീ എന്ത് വിശ്വസാഹിത്യം എഴുതിയാലും ജ്ഞാനപീഠം തരാവില്ല; മറ്റേയാൾക്ക് വീട്ടിൽ കൊണ്ടുക്കൊടുക്കും

1968 ജനുവരി 28 മുതൽ ഓഗസ്റ്റ് നാലുവരെ 28 ലക്കങ്ങളായി മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ഖസാക്കിന്റെ ഇതിഹാസം എന്ന നോവലിന്റെ വായനയിൽ പങ്കെടുത്ത അന്നത്തെ സാഹിത
1968 ജനുവരി 28 മുതൽ ഓഗസ്റ്റ് നാലുവരെ 28 ലക്കങ്ങളായി മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ഖസാക്കിന്റെ ഇതിഹാസം എന്ന നോവലിന്റെ വായനയിൽ പങ്കെടുത്ത അന്നത്തെ സാഹിത്യ യുവാക്കൾക്കിടയിൽ ഖസാക്കിന്റെ ഭാഷയിൽ സംസാരിക്കാനുള്ള ഒരു ആകർഷണം ഉണ്ടായിരുന്നു. നാട്ടിൽ കാൽമടമ്പിടിച്ച പെൺകിടാങ്ങളിൽ അവർ ഖസാക്കിലെ യാഗാശ്വമായ മൈമൂനയെ കാണുകയും ചെയ്തു. ചെമ്പൻ രോമങ്ങൾക്കു കീഴിൽ സ്ത്രൈണത കിനിയുന്ന കൗമാരച്ചുണ്ടുകളിൽ നൈജാമലിയെ സ്പർശിച്ചു. അസമയത്ത് വാങ്കു വിളിക്കപ്പെട്ടു. സാർത്രിനെ വായിച്ചുകൊണ്ടുള്ള ദഹനത്തിൽ അസ്തിത്വവാദം ബാധിച്ച നനഞ്ഞ രവിയെപ്പോലെ അസംബന്ധങ്ങളും ദാർശനിക ഫലിതങ്ങളും ഉണ്ടായിരുന്നു. ആരാണീ റിൽക്കെയുടെ അടുത്തുള്ള മുട്ടത്തുവർക്കി എന്ന ചോദ്യം ഉയർന്നു. 'ഒക്കെ ഒരു യോഗാ മേഷ്ട്രേ' എന്ന ദാർശനികമായ ഉത്തരം ലഭിച്ചു. മലമ്പുഴ ഗസ്റ്റ്ഹൗസിൽ പത്മയോട് രവി ചോദിച്ചപ്പോഴാണ് 'പ്രിൻസ്റ്റണിൽ നിന്നെ സായ്പന്മാർ തൊട്ടുനോക്കിയോ?' എന്ന നാടകീയമായ ചോദ്യം ഉയർന്നത്. പുനർജനിയുടെ കൂട്, കരിമ്പനകളിലെ കാറ്റ്, പഥികന്റെ വ്രണം, മഴയുടെ സുരതാവേഗം എന്നിവയെക്കുറിച്ച് വ്യാപകമായി കഥയും കവിതയും എഴുതപ്പെട്ടു. ഈ കാലം പിന്നീട് ബോർഹസ്സിനും നെരൂദയ്ക്കും മാർക്കേസിനും വഴിയൊഴിഞ്ഞു, ഗൃഹാതുരത്വം എന്ന പുരാവസ്തു മ്യൂസിയത്തിൽ പ്രവേശിച്ചു. അങ്ങനെയിരിക്കേ, അസ്തിത്വമുക്തമായ ഒരു വെളുപ്പാൻകാലത്ത് ഒ.വി. വിജയനെ ആദ്യമായി കണ്ടുമുട്ടാൻ അവസരം ലഭിച്ചു. വിജയനെക്കുറിച്ചുള്ള ജീവത്സാഹിത്യം വിശ്വസനീയമായി കേൾക്കുന്നത് വി.കെയെന്റെ പത്നി വേദവതിയമ്മയിലൂടെയാണ്. ഡൽഹിയിൽ ആദ്യകാലത്ത് വിജയൻ താമസിച്ചപ്പോൾ, ശങ്കേഴ്സ് വീക്കിലിയിൽ വി.കെയെന്റെ കോളവും വിജയന്റെ കാർട്ടൂണും ഒരേ വട്ടമേശയിൽ നിന്നാണ് നാടിളക്കാൻ പുറപ്പെട്ടത്. വിജയന് പ്രത്യേക ആഹാരനിബന്ധനകളൊന്നുമില്ലെങ്കിലും, കുളിക്കാനും ഷേവുചെയ്യാനും ചൂടുവെള്ളം ആവശ്യമാണ്. അത് നേരിട്ട് ചോദിക്കാൻ ലജ്ജയാണ്; പകരം കടലാസിൽ എഴുതിക്കൊടുക്കും. 'ദാഹിക്കുന്നു ഭഗിനീ ശൈലിയിൽ, കുളിക്കാൻ കുറച്ച് ചൂടുവെള്ളം' എന്ന്. കടലാസു കിട്ടിയില്ലെങ്കിൽ അടുക്കളച്ചുമരിൽ എഴുതും. എങ്ങനെയായാലും ചൂടുവെള്ളം തരമാക്കിയിരിക്കും. ഒരുദിവസം അപ്രതീക്ഷിതമായി വിജയൻ യാത്രപറയാതെ സ്ഥലംവിട്ടു. ഒരു തുണ്ടുകടലാസിൽ എഴുതിവെച്ചിരുന്നു - 'ഞാൻ തെരേസയെ വിവാഹം കഴിക്കാൻ പോകുന്നു'. പിന്നീട് വിജയൻ കഥാപാത്രമായ പ്രശസ്ത കഥ, വി.കെ.എൻ. എഴുതുന്നത്. സൂര്യനിൽ ഒരു സ്ഥലം, സ്വന്തം വീട് വാടകയ്ക്കു കൊടുത്ത് മറ്റാരുടെയെങ്കിലും വീട്ടിൽ അതിഥിയായി താമസിക്കുന്ന ഹാസ്യചിത്രകാരൻ. നീചൻ. ആ ചെറുകഥയുടെ പേരിൽ വിജയനും വി.കെയെന്നും തെറ്റിയത് മറ്റൊരു കഥ. വിജയനും വി.കെയെന്നുമായി ബന്ധപ്പെട്ട ഒട്ടേറെ കഥകളുണ്ട്. വി.കെയെന്റെ വിനോദമായിരുന്നു വിജയൻ. വി.കെയെന്ന ഹസ്തരേഖാശാസ്ത്രവും ജ്യോതിഷവും കൈപ്പിടിയിലുണ്ടായിരുന്നു. വിജയന് നിഗൂഢശാസ്ത്രങ്ങളിലൊന്നും പരസ്യമായ വിശ്വാസമില്ല. എങ്കിലും വി.കെയെന്റെ മുൻപിൽ വലംകൈ നീർത്തിപ്പിടിക്കുന്നത് വിജയന്റെ പതിവായിരുന്നു. കാശു ചോദിക്കുകയാണെന്നത്രേ ആദ്യം വി.കെ.എൻ. കരുതിയത്. ഒരുദിവസം വിജയന്റെ ഹസ്തരേഖ നോക്കി വി.കെ.എൻ. പ്രവചിച്ചു. വിജയന് വടക്കുപടിഞ്ഞാറുനിന്ന് ഒരവാർഡ് കിട്ടാൻ പോകുന്നു. 'അതേതാണ് വി.കെ.എൻ.?' -വിജയനു ജിജ്ഞാസയായി. വിജയൻ അപ്പോൾ ചിന്തിച്ചത് ഏതു പുസ്തകത്തിനാണ്, ആരാണ് ജഡ്ജിമാർ, പ്രഖ്യാപനം എന്നാണ് എന്നൊന്നുമല്ല, അവാർഡ് തുക എത്ര എന്നാണ്. 'എനിക്കോ, ഉറപ്പാണോ. വിശദമായി ഒന്നുകൂടി നോക്ക്' -വിജയൻ കൈനീട്ടി. 'ഏതു രേഖപ്രകാരമാണത്?' വിജയൻ പിന്നെയും സംശയാലുവായി. 'ദിസീസ് നോ ജോക്ക്' -വി.കെ.എൻ. ഉറപ്പിച്ചു: 'നിന്റെ രേഖാംശരേഖ നുണപറഞ്ഞില്ലെങ്കിൽ...' 'ഈഫ് യുവാർ ദാറ്റ് ഷുവർ'. വിജയൻ ചോദിച്ചുവത്രേ 'വൈ ഡോണ്ട് ഐ ആസ്ക് ഫോർ വൺ ലാക്ക് ആസ് അഡ്വാൻസ്?' എന്ത്? സ്വന്തം പ്രയോഗം പിന്മടങ്ങി നെഞ്ചിനുനേരേ പാഞ്ഞുവരുന്നത് വി.കെ.എൻ. തുറന്നവായോടെ കണ്ടു. ഒരേസമയം നിഷ്കളങ്കവും നീചവുമായ ആ ഡയലോഗേറ്റ് വി.കെ.എൻ. പിന്നാക്കം മലച്ചു. പിന്നീടൊരിക്കൽ വിജയന്റെ ജാതകം ഗണിച്ച് വി.കെ.എൻ. പ്രവചിച്ചു: 'നീ എന്തു വിശ്വസാഹിത്യം എഴുതിയാലും ജ്ഞാനപീഠം തരാവില്ലെ' എന്ന്... അന്തിമലിസ്റ്റിലെ പുറത്തുവരുന്ന വാർത്തകൾ പ്രകാരം പീഠം വിജയന് തരായി എന്നുതന്നെ കരുതിയിരുന്ന സമയത്തായിരുന്നു വി.കെ.യെന്റെ പ്രവചനം. അനുബന്ധമായി ഒന്നുകൂടി പറഞ്ഞു, പക്ഷേ മറ്റേ ആൾക്ക്, (എം.ടി.ക്ക് ) ഒന്നും എഴുതിയില്ലെങ്കിലും വീട്ടിൽ കൊണ്ടുക്കൊടുക്കും. അത്ര ഒശത്താണ് ജാതകം. എഴുത്തച്ഛൻ അവാർഡ് സ്വീകരിച്ചശേഷം പാലക്കാട്ടേക്കു പോകുംവഴി വിജയൻ തിരുവില്വാമലയെത്തി വി.കെ.യെന്നെ കണ്ടു. തിരുവനന്തപുരത്ത് വിജയനു നൽകിയ സ്വീകരണത്തിൽ എത്താമെന്നു വാക്കുകൊടുത്തിരുന്നതാണ് വി.കെ.എൻ. പോയില്ല. മറുപടിപ്രസംഗത്തിൽ വിജയൻ പറഞ്ഞത്രേ: 'വി.കെ.എൻ. വരാഞ്ഞതു നന്നായി. വന്നിരുന്നെങ്കിൽ ഓൾ അവർ ലിറ്റർറി ഗ്ലിറ്ററി വുഡ് ബി ലിറ്റർലി ബിലിറ്റിൽഡ്...'' എഴുത്തച്ഛൻമാരൊക്കെ വെറും കുഞ്ഞുണ്ണി ബാലസാഹിത്യമായേനേ എന്ന്... (മുക്തകണ്ഠം വി.കെ.എൻ./പേജ് 121 ) ഓട്ടുപുലായ്ക്കൽ വേലുക്കുട്ടി വിജയന് ആരുടെയും ആമുഖം ആവശ്യമില്ല. തെറ്റിദ്ധരിക്കപ്പെട്ടും തലതിരിച്ചു വായിക്കപ്പെട്ടും ആരാധിച്ചും ഭാഷാസൗഷ്ഠവത്തിൽ അഭിരമിച്ചും ആ നാമധേയം നിലനിൽക്കുന്നു. പക്ഷേ, ഒ.വി. വിജയനെന്ന മനുഷ്യനോ? അവിടെ വിജയന്റെ പ്രിയപ്പെട്ട പദങ്ങളായ പാരസ്പര്യവും നിരാമയത്വവും അനാസക്തിയുമൊന്നും എന്റെ അനുഭവത്തിൽ ഇല്ല. സങ്കല്പവും യാഥാർഥ്യവും എന്ന നഗ്നതയും വസ്ത്രവും മാത്രം! ഇതുതന്നെയാണ് എഴുത്തിനെയും മനുഷ്യനെയും വേർതിരിക്കുന്നത്. വിജയനും അത് ബാധകം. 'എനിക്കു ചില ദൗർബല്യങ്ങളുണ്ട്' ഒരിടത്ത് വിജയൻ പറഞ്ഞിട്ടുണ്ട്: 'ഞാൻ ചിന്തിക്കുന്നതുപോലെ ചിന്തിക്കുന്നവരോടു തോന്നുന്ന ജ്വരതുല്യമായ സൗഹൃദം. ഈ സൗഹാർദത്തിനു സ്ത്രീപുരുഷ ഭേദമില്ലെന്നു പറയേണ്ടതില്ലല്ലോ. ഇതാണ് എന്റെ ഉത്കടമായ പ്രണയങ്ങൾ.' എഴുത്തിലെ മനുഷ്യൻ തന്നെയായിരിക്കണം നമ്മളോട് ഇടപെടുന്ന മനുഷ്യനും എന്ന് നിബന്ധനവെക്കുന്നവർ മേല്പറഞ്ഞ വാക്യങ്ങൾ ആവർത്തിച്ചു വായിക്കേണ്ടതാണ് -ചുരുങ്ങിയത് വിജയനോട് ഇടപെടുമ്പോൾ. ഞാൻ ചിന്തിക്കുന്നപോലെ ചിന്തിക്കുന്നവരോടു മാത്രം സൗഹൃദം. അതിന് എന്റെ കൃതികൾ, എന്റെ എഴുത്ത് പിന്തുടരുന്നവരിൽ മാത്രമേ എനിക്കു താത്പര്യമുള്ളൂ എന്ന അർഥം വിജയന്റെ വാക്കുകൾക്ക് കല്പിക്കാം. ഇത് ജനാധിപത്യപരമല്ലെന്നു തോന്നിയേക്കാം. അതിലെവിടെയാണ് പാരസ്പര്യവും കനിവും കർമബന്ധങ്ങളും? തർക്കിച്ചിട്ടു കാര്യമില്ല. അതയാളുടെ സ്വാതന്ത്ര്യമാണ്. വിജയന്റെ സന്ദേഹങ്ങൾ എഴുത്തിൽ മാത്രമല്ലെന്നും എഴുത്തിലെ വിജയൻ എഴുത്തിൽ മാത്രമാണെന്നും ജീവനോടെ ബോധ്യപ്പെട്ടതുകൊണ്ടാണ് ഇങ്ങനെയൊരാമുഖം. വിജയന്റെ ഭാഷയിൽ ആവർത്തിച്ചുവരുന്ന ഒരു പദമുണ്ടല്ലോ- അസംബന്ധം. അതിലല്പം തേയിലയും പഞ്ചസാരയും ചേർത്താൽ ഫലിതസാഹിത്യമായി. സാഹിത്യത്തിനു പുറത്തെ സന്ദേഹിയായ വിജയനെ ഞാനങ്ങനെയാണ് കണ്ടതും അനുഭവിച്ചതും ഓർമ്മിക്കുന്നതും! യാത്ര ഇഷ്ടമല്ലാത്തവനു കിട്ടിയ ശിക്ഷയായിരുന്നു എന്റെ തൊഴിൽസംബന്ധമായ സ്ഥലംമാറ്റയാത്രകൾ. പക്ഷേ, ജീവിക്കാൻ വേണ്ടിയുള്ള ആ നിർബന്ധയാത്രകളായിരുന്നു പ്രശസ്തവും അവിസ്മരണീയവുമായ ചില മനുഷ്യബന്ധങ്ങൾ യാദൃച്ഛികമായി നിർമിച്ചതും. അതിൽ അത്യന്തം അപ്രതീക്ഷിതമായ ഒരു സഹയാത്രയുടെ കഥയാണിത്. കർമബന്ധങ്ങളുടെ അകൽച്ചയും ദുഃഖവുമില്ലാത്ത കഥ. 1985. കണ്ണൂരിലേക്കുള്ള.




















